ലഖ്നൗ : ഗാസിയാബാദിലെ തുറാബ് നഗർ മാർക്കറ്റിന്റെ പേര് സീതാറാം ബസാർ എന്ന് പുനർനാമകരണം ചെയ്തു. നഗരസഭാ യോഗത്തിലാണ് ഈ തീരുമാനം ഏകകണ്ഠമായി എടുത്തത്. ഗാസിയാബാദിൽ തുറാബ് നഗറിനെ കുറിച്ച് പരാമർശിക്കുമ്പോഴെല്ലാം അത് സ്ത്രീകളുടെ വിപണി എന്നാണ് അറിയപ്പെടുന്നത്. കാരണം വിവാഹിതരായ സ്ത്രീകൾക്കുള്ള സാധനങ്ങൾ കൂടുതലും ഇവിടെ ലഭ്യമാണ്.
തുറാബ് നഗറിന്റെ പേര് മാറ്റണമെന്ന് വളരെക്കാലമായി ആവശ്യമുണ്ടായിരുന്നു. ഇത് സംബന്ധിച്ച് നിരവധി യോഗങ്ങളും നടന്നിരുന്നു. ഇപ്പോൾ ഈ ആവശ്യം നിറവേറ്റപ്പെട്ടു. ഈ തീരുമാനത്തിൽ ഇവിടുത്തെ വ്യാപാരികളും സന്തുഷ്ടരാണ്. അറബി ഭാഷയിൽ ‘തുറാബ്’ എന്നാൽ ‘മണ്ണ്’ എന്നാണ് അർത്ഥമാക്കുന്നത്. തദ്ദേശ കൗൺസിലർ നീരജ് ഗോയൽ ഈ പേര് മാറ്റണമെന്ന് ആഗ്രഹിച്ചത്.
അദ്ദേഹത്തിന്റെ ആവശ്യത്തെത്തുടർന്ന് എല്ലാവരിൽ നിന്നും നിർദ്ദേശങ്ങൾ തേടുകയും സീതാറാം ബസാർ എന്ന പേര് അംഗീകരിക്കുകയും ചെയ്തു. റവന്യൂ രേഖകളിൽ തുറാബ് നഗറിന്റെ പേര് ‘ഇസ്മായിൽ ഖാൻ’ എന്നാണ് എഴുതിയിരിക്കുന്നത്. കൗൺസിലർ നീരജ് ഗോയൽ ഇപ്പോൾ ഈ പേരും മാറ്റണമെന്ന് ആവശ്യപ്പെടാൻ പോകുന്നുണ്ട്.
അതേ സമയം ഗാസിയാബാദിൽ മുമ്പ് നിരവധി സ്ഥലങ്ങളുടെ പേരുകൾ മാറ്റിയിട്ടുണ്ട്. ഗാസിയാബാദിന്റെ പേര് മാറ്റണമെന്ന ആവശ്യവും ഏറെ നാളായി ഉയർന്ന് വന്നിട്ടുണ്ട്. ഇതിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന മൂന്ന് പേരുകൾ ഗജപ്രസ്ഥ, ദുധേശ്വർനഗർ, ഹർനന്ദിപൂർ എന്നിവയാണ്. ഇതിൽ ഗജപ്രസ്ഥ എന്ന പേര് അംഗീകരിക്കപ്പെട്ടേക്കുമെന്ന് വാർത്തകളുണ്ട്.
പക്ഷേ പേര് മാറ്റുന്നതിനുള്ള പ്രക്രിയ വളരെ നീണ്ടതും നിയമപരവുമാണ്. അതുകൊണ്ടുതന്നെ പുതിയ പേര് അംഗീകരിച്ചാലും, അത് ഉടനടി നടപ്പിലാക്കില്ലെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: