കൊച്ചി: കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ആക്ട് 1996 പ്രകാരം പിരിക്കുന്ന കെട്ടിടനിര്‍മാണ സെസിനെതിരെ വ്യാപക പരാതി ഉയരുന്നു. നിലവില്‍ 10 ലക്ഷത്തിനു മുകളില്‍ ഗാര്‍ഹിക, വാണിജ്യ നിര്‍മാണ ചെലവുള്ള കെട്ടിടങ്ങള്‍ക്കാണ് കേരള ബില്‍ഡിങ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ സെസ് ലേബര്‍ വകുപ്പ് ഈടാക്കി വരുന്നത്. എന്നാല്‍ കെട്ടിടത്തിന്റെ നിര്‍മാണ ചെലവ് സംബന്ധിച്ച കാര്യങ്ങളില്‍ ഉടമയില്‍ നിന്ന് വ്യക്തത തേടാതെ യഥാര്‍ത്ഥ ചെലവിന്റെ ഇരട്ടിയിലേറെ തുക കണക്കാക്കി സെസ് പിരിക്കുന്നുവെന്നാണ് പൊതുജനങ്ങളില്‍ നിന്നു ഉയരുന്ന പരാതി.
ലേബര്‍ കമ്മിഷണറുടെ ജി/4/3792/17 തീയതി 20/4/17പ്രകാരമുള്ള മാനദണ്ഡമനുസരിച്ചു മാത്രമേ സെസ് ഈടാക്കുന്നുള്ളുവെന്നാണ് ലേബര്‍ വകുപ്പ് വ്യക്തമാക്കുന്നത്. ഉത്തരവനുസരിച്ച് കെട്ടിടത്തിന്റെ പ്ലിന്ത് ഏരിയ അഞ്ചുവര്‍ഷത്തെ ഇടവേള കണക്കാക്കി അഞ്ചു വ്യത്യസ്ത സ്ക്വയര്‍ മീറ്റര്‍ നിരക്കുകളുള്ള സ്ലാബുകളായി തരംതിരിച്ചാണ് സെസ് ഈടാക്കുന്നത്. ഈ പ്ലിന്ത് ഏരിയ നിര്‍ണയിക്കുന്നത് പെര്‍മിറ്റ് പ്രകാരം നിര്‍മിച്ച കെട്ടിടത്തിന്റെ യഥാര്‍ത്ഥ അളവു മാത്രമല്ല. കെട്ടിടത്തിന്റെ മുന്‍ഭാഗത്ത് താല്‍ക്കാലികമായി ഷീറ്റ് ഇറക്കി നിര്‍മാണം നടത്തിയിട്ടുണ്ടെങ്കില്‍ അത്രയും ഭാഗം കൂടി പ്ലിന്ത് ഏരിയയായി ചേര്‍ത്ത് ഭീമമായ നിര്‍മാണ ചെലവ് കണക്കാക്കി സെസ് നിര്‍ണയിക്കുന്നുവെന്നാണ് പരാതിക്കാര്‍ പറയുന്നത്. ലേബര്‍ വകുപ്പ് കെട്ടിട നിര്‍മാണ ചെലവ് കണക്കാക്കുന്ന മാനദണ്ഡം യഥാര്‍ത്ഥ നിര്‍മാണ ചെലവിന്റെ ഇരട്ടിയിലേറെയാണെന്നും കെട്ടിട ഉടമകള്‍ ആരോപിക്കുന്നു. ഇഷ്ടിക കൊണ്ടും സിമന്റുകട്ടകൊണ്ടുമുള്ള കെട്ടിട നിര്‍മാണത്തിന്റെ ചെലവില്‍ തന്നെ ഏറ്റക്കുറച്ചില്‍ ഉള്ളപ്പോള്‍ ഒരൊറ്റ നിരക്കിലാണ് ലേബര്‍ വകുപ്പ് സെസ് നിര്‍ണയിക്കുന്നത്. ആവലാതികളുമായി നിരവധി പേരാണ് ഓരോ ദിവസവും ജില്ലാ ലേബര്‍ ഓഫീസില്‍ എത്തുന്നത്.
1995നു ശേഷം നിര്‍മിച്ച എല്ലാ വീടുകളില്‍ നിന്നും കെട്ടിടനിര്‍മാണ സെസ് ഈടാക്കുന്നുണ്ട്. നെന്മാറ സ്വദേശിയായ വയോധികനായ ഒരു കര്‍ഷകന്റെ 22 കൊല്ലം പഴക്കമുള്ള വീടിനു 14,000 രൂപയാണ് സെസ് അടയ്ക്കാന്‍ നോട്ടീസ് കിട്ടിയത്. 213 സ്ക്വയര്‍ മീറ്റര്‍ പ്ലിന്ത് ഏരിയയുള്ളതായി പഞ്ചായത്ത് അറിയിച്ച ഈ കര്‍ഷകന്റെ വീടിന് 231 സ്ക്വയര്‍ മീറ്റര്‍ ഏരിയ കണക്കാക്കിയാണ് ലേബര്‍ വകുപ്പ് നോട്ടീസ് നല്‍കിയത്, മാനദണ്ഡമനുസരിച്ചുള്ള വ്യത്യസ്ത ചാര്‍ജ് പ്രകാരം നിര്‍മാണ ചെലവ് കണക്കാക്കുന്നതിന് പകരം ഈ വീടിന് ഒറ്റ സ്ലാബ് നിരക്കില്‍ ഭീമമായ വര്‍ധനവില്‍ സെസ് ചുമത്തി നോട്ടീസ് നല്‍കിയെന്നാണ് ഇദ്ദേഹം ആരോപിക്കുന്നത്. സ്ലാബ് പട്ടിക പ്രകാരം സ്ക്വയര്‍ മീറ്റര്‍ മാറുന്നതനുസരിച്ചുള്ള നിരക്കുവര്‍ധനവിലെ ഏറ്റക്കുറച്ചിലുകള്‍ കണക്കാക്കി നിര്‍മാണ ചെലവ് നിര്‍ണയിച്ചാല്‍ സെസ് ബാധ്യതാ പരിധിയില്‍ നിന്നും നിരവധി ആളുകളെ ഒഴിവാക്കാനാകുമത്രെ.
സെസ് പരിധിയില്‍ നിന്ന് 10 ലക്ഷം വരെയുള്ള നിര്‍മാണങ്ങളെ ഒഴിവാക്കിയിട്ടുമുണ്ട്. എന്നാല്‍ ഈ സംഖ്യ കഴിച്ചുള്ള നിര്‍മാണ ചെലവുകള്‍ക്കാണ് സെസ് നിര്‍ണയിക്കേണ്ടത് എന്നും നിര്‍മാണ ചെലവ് കെട്ടിട ഉടമകളാണ് കണക്കാക്കി നല്‍കേണ്ടതെന്നുമുള്ള ആവശ്യങ്ങളും ഉയരുന്നുണ്ട്. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും സാധാരണക്കാരെ സാരമായി ബാധിക്കുന്ന വിഷയത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നുമാണ് പൊതുവായ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: