നാഗ്പൂര്‍: ആര്‍എസ്എസ് അഖില ഭാരതീയ പ്രതിനിധിസഭ മാര്‍ച്ച് 21 മുതല്‍ 23 വരെ ബെംഗളുരുവില്‍ നടക്കും. ചന്നെനഹള്ളി ജനസേവ വിദ്യാ കേന്ദ്രത്തില്‍ ചേരുന്ന പ്രതിനിധിസഭ സംഘത്തിന്റെ ശതാബ്ദി കാര്യപരിപാടികള്‍ക്ക് രൂപം നല്കുമെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍ അറിയിച്ചു. 2024-25 വാര്‍ഷിക റിപ്പോര്‍ട്ട് ബൈഠക്കില്‍ ചര്‍ച്ച ചെയ്യും. വിജയദശമിയില്‍ സംഘ പ്രവര്‍ത്തനം നൂറ് വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. 2026 വിജയദശമി വരെ ഒരു വര്‍ഷം ശതാബ്ദി പൂര്‍ത്തീകരണ വര്‍ഷമായി കണക്കാക്കും. ദേശീയ വിഷയങ്ങളില്‍ പ്രതിനിധി സഭ പ്രമേയങ്ങള്‍ അവതരിപ്പിക്കും. സാമൂഹിക മാറ്റത്തിനായി മുന്നോട്ടു വച്ച പഞ്ച പരിവര്‍ത്തന പരിശ്രമങ്ങള്‍ ചര്‍ച്ച ചെയ്യും. രാജ്യത്ത് പ്രകടമാകുന്ന ഹിന്ദു ഉണര്‍വ്, നിലവിലെ പൊതുസാഹചര്യങ്ങള്‍ എന്നിവ യോഗം വിശകലനം ചെയ്യും. സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് , സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ, സഹ സര്‍കാര്യവാഹുമാര്‍, അഖില ഭാരതീയ കാര്യകാരി അംഗങ്ങള്‍, പ്രാന്ത ക്ഷേത്ര തലങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 1,500 പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. ആര്‍എസ്എസ് ആശയങ്ങളില്‍ നിന്ന് പ്രേരണ ഉള്‍ക്കൊണ്ട് വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകളുടെ ദേശീയ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ഓര്‍ഗനൈസിങ് സെക്രട്ടറി എന്നിവരും ബൈഠക്കില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: