ദുബായ്: ഓസ്‌ട്രേലിയയെ തോല്‍പിച്ച് ഭാരതം ചാംപ്യന്‍സ് ട്രോഫി ഫൈനലില്‍. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ48.1 ഓവറില്‍ നാലു വിക്കറ്റിന് ജയിച്ചു
അര്‍ധ സെഞ്ചറി നേടിയ വിരാട് കോലിയാണ് ഭാരത ഇന്നിംഗ്‌സിന്റെ നട്ടെല്ലായത്. 98 പന്തുകള്‍ നേരിട്ട കോലി 84 റണ്‍സെടുത്തു. ആദം സാംപയുടെ പന്തില്‍ ബെന്‍ ഡ്വാര്‍ഷ്യൂസ് ക്യാച്ചെടുത്തു കോലി പുറത്തായി. അവസാന ഓവറുകളിലെ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ സിക്‌സറുകള്‍ ഭാരത ജയം അനായാസമാക്കി.
കെ.എല്‍. രാഹുലും (27 പന്തില്‍ 31), രവീന്ദ്ര ജഡേജ (1പന്തില്‍ 2)പുറത്താകെ നിന്നു
ക്യാപ്റ്റന്‍ രോഹിത് ശര്‍മ (29 പന്തില്‍ 28), ശുഭ്മന്‍ ഗില്‍ (11 പന്തില്‍ എട്ട്), ശ്രേയസ് അയ്യര്‍ (62 പന്തില്‍ 45), അക്ഷര്‍ പട്ടേല്‍ (30 പന്തില്‍ 27,) ഹാര്‍ദിക് പാണ്ഡ്യ(24പന്തില്‍ 28),.എന്നിവരാണു പുറത്തായി മടങ്ങിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.
265 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്ക് രോഹിത്തും ഗില്ലും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. രണ്ട് തവണ ജീവന്‍ ലഭിച്ച രോഹിത് ഒരു സിക്സും മൂന്ന് ഫോറും പറത്തി പ്രതീക്ഷ നല്‍കി. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ ഒരിക്കല്‍ കൂടി അടിതെറ്റിയ ശഭ്മാന്‍ ഗില്‍ 11 പന്തില്‍ എട്ടു റണ്‍സെടുത്ത് ഡ്വാര്‍ഷൂയിസിന്റെ പന്തില്‍ ബൗള്‍ഡായി. ഗില്‍ മടങ്ങുമ്പോള്‍ ഇന്ത്യ അഞ്ചോവറില്‍ 30 റണ്‍സിലെത്തിയതേ ഉണ്ടായിരുന്നുള്ളു. ഗില്ലിന് പിന്നാലെ രോഹിത്തിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഇടം കൈയന്‍ സ്പിന്നര്‍ കൂപ്പര്‍ കൊണോലി ഇന്ത്യക്ക് രണ്ടാം പ്രഹരമേല്‍പ്പിച്ചു. ഇതോടെ 43-2 എന്ന നിലയില്‍ പതറിയ ഇന്ത്യയെ ശ്രേസയും കോലിയും ചേര്‍ന്ന് 100 കടത്തി. ശ്രേയസും കോലിയും ചേര്‍ന്ന് നേടിയ 91 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ വിജയത്തിന് അടിത്തറയിട്ടത്.
സ്കോര്‍ 134ല്‍ നില്‍ക്കെ ശ്രേയസിനെ ബൗള്‍ഡാക്കി ആദം സാംപ ഓസീസിന് പ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടെത്തിയ അക്സര്‍ പട്ടേലുമൊത്ത് 44 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ കോലി ഇന്ത്യയെ വിജയത്തോട് അടുപ്പിച്ചു. 30 പന്തില്‍ 27 റണ്‍സെടുത്ത അക്സറിനെ നഥാന്‍ എല്ലിസ് മടക്കിയെങ്കിലും കെ എല്‍ രാഹുലിനെ കൂടെ നിര്‍ത്തി പോരാട്ടം തുടര്‍ന്ന കോലി വിജയത്തിന് 40 റണ്‍സകലെ മടങ്ങി. കോലിയുടെ സെഞ്ചുറി പ്രതീക്ഷിച്ച ആരാധകരെ നിരാശരാക്കി ആദം സാംപയുടെ പന്തില്‍ ഡ്വാര്‍ഷൂയിസ് കോലിയെ കൈയിലൊതുക്കി. കോലി നേടിയ 84 റണ്‍സില്‍ അഞ്ച് ബൗണ്ടറികള്‍ മാത്രമാണുണ്ടായിരുന്നത്.
കോലി മടങ്ങിയശേഷം ഓസീസ് സമ്മര്‍ദ്ദതന്ത്രം പ്രയോഗിച്ചെങ്കിലും പാണ്ഡ്യയും രാഹുലും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 20 പന്തില്‍ 24 റണ്‍സ് വേണമെന്ന ഘട്ടത്തില്‍ ആദം സാംപക്കെതിരെ തുടര്‍ച്ചയായി രണ്ട് സിക്സുകള്‍ പറത്തിയ ഹാര്‍ദ്ദിക് ഇന്ത്യയുടെ സമ്മർദ്ദം അടിച്ചകറ്റി. വിജയത്തിനരികെ ഹാര്‍ദ്ദിക്(28) വീണെങ്കിലും മാക്സ്‌വെല്ലിനെ സിക്സിന് പറത്തി രാഹുൽ(34 പന്തില്‍ 42*) ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം ആധികാരികമാക്കി. രണ്ട് റണ്‍സുമായി ജഡേജ വിജയത്തില്‍ രാഹുലിന് കൂട്ടായി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 49.3 ഓവറില്‍ 264 റണ്‍സെടുത്തു പുറത്തായി. അര്‍ധ സെഞ്ചറി നേടി തിളങ്ങിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും മധ്യനിര താരം അലക്‌സ് ക്യാരിയുമാണ് ഓസ്‌ട്രേലിയയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. 96 പന്തില്‍ 73 റണ്‍സെടുത്തു പുറത്തായ സ്റ്റീവ് സ്മിത്താണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. 56 പന്തുകള്‍ നേരിട്ട അലക്‌സ് ക്യാരി 60 റണ്‍സെടുത്തും പുറത്തായി. ട്രാവിസ് ഹെഡ് (33 പന്തുകളില്‍ 39), മാര്‍നസ് ലബുഷെയ്ന്‍ (36 പന്തില്‍ 29), ബെന്‍ ഡ്വാര്‍ഷ്യൂസ് (29 പന്തില്‍ 19) എന്നിവരാണ് ഓസ്‌ട്രേലിയയുടെ മറ്റു പ്രധാന സ്‌കോറര്‍മാര്‍.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് മൂന്നാം ഓവറില്‍ തന്നെ ഓപ്പണര്‍ കൂപ്പര്‍ കൊന്നോലിയെ (0) നഷ്ടമായി. പിന്നാലെ ട്രാവിസ് ഹെഡിനെ വരുണ്‍ ചക്രവര്‍ത്തി ശുഭ്മാന്‍ ഗില്ലിന്റെ കൈകളിലെത്തിച്ചു. 33 പന്തില്‍ നിന്ന് രണ്ടു സിക്‌സും അഞ്ച് ഫോറുമടക്കം 39 റണ്‍സെടുത്താണ് ഹെഡ് പുറത്തായത്.
സ്മിത്ത് – ലബുഷെയ്ന്‍ സഖ്യം 56 റണ്‍സ് ചേര്‍ത്തു. ലബുഷെയ്‌നെ വിക്കറ്റിനു മുന്നില്‍ കുടുക്കി രവീന്ദ്ര ജഡേജ ഈ കൂട്ടുകെട്ട് പൊളിച്ചു. 12 പന്തില്‍ നിന്ന് 11 റണ്‍സെടുത്ത ഇംഗ്ലിസിനെയും ജഡേജ മടക്കി.എന്നാല്‍ അഞ്ചാം വിക്കറ്റില്‍ അലക്‌സ് കാരിയെ കൂട്ടുപിടിച്ച് സ്മിത്ത് 54 റണ്‍സ് ചേര്‍ത്തു. സ്മിത്തിനെ പുറത്താക്കി ഷമി ഈ കൂട്ടുകെട്ട് പൊളിച്ചു. ഗ്ലെന്‍ മാക്‌സ്വെല്ലിനെ (7) നിലയുറപ്പിക്കും മുമ്പേ അക്ഷര്‍ പട്ടേല്‍ മടക്കി. ബെന്‍ ഡ്വാര്‍ഷ്യൂസിനെ കൂട്ടുപിടിച്ച് കാരി ഇന്നിങ്‌സ് മുന്നോട്ടുനയിച്ചു. 46ാം ഓവറില്‍ ഡ്വാര്‍ഷ്യൂസിനെ (29 പന്തില്‍ 19) വരുണ്‍ ചക്രവര്‍ത്തി പുറത്താക്കി. 48ാം ഓവറില്‍ കാരി റണ്ണൗട്ടായി. ഇന്ത്യയ്‌ക്കായി മുഹമ്മദ് ഷമി മൂന്നും വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡേജയും രണ്ടു വിക്കറ്റ് വീതവും വീഴ്‌ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: