ബാങ്കുകളെ രക്ഷിയ്ക്കാനും രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനും റിസര്‍വ്വ് ബാങ്കിന്റെ 1000 കോടി ഡോളറിന്റെ യുഎസ് ഡോളര്‍-രൂപ കൈമാറ്റ ലേലം
മുംബൈ: ഒരു ഇടവേളയ്ക്ക് ശേഷം വന്‍തുക യുഎസ്ഡോളര്‍-രൂപ കൈമാറ്റ ലേലത്തിന് നീക്കിവെച്ച് റിസര്‍വ്വ് ബാങ്ക്. ഫെബ്രുവരി 28ന് ഏകദേശം 1000 കോടി ഡോളറോളമാണ് യുഎസ്ഡോളര്‍-രൂപ കൈമാറ്റ ലേലത്തിന് റിസര്‍വ്വ് ബാങ്ക് നീക്കിവെച്ചത്.
ഈ കൈമാറ്റ ലേലത്തിന്റെ ഭാഗമായി 1000 കോടി ഡോളറിന് തത്തുല്യമായ ഇന്ത്യന്‍ രൂപ ആര്‍ബിഐ ബാങ്കുകള്‍ക്ക് നല്‍കും. പകരം ബാങ്കുകളില്‍ നിന്നും ഡോളര്‍ ആര്‍ബിഐ വാങ്ങുകയും ചെയ്യും. ഇത് പണലഭ്യതക്കുറവിനാല് വിഷമിക്കുന്ന ബാങ്കുകളില്‍ ഇന്ത്യന്‍ രൂപയുടെ ലഭ്യത വര്‍ധിപ്പിക്കും. മൂന്ന് വര്‍ഷത്തേക്കായിരുന്നു ഈ ലേലകാലാവധി. മൂന്ന് വര്‍ഷത്തിന് ശേഷം തിരിച്ചുള്ള ലേലം നടക്കും. അപ്പോള്‍ റിസര്‍വ്വ് ബാങ്ക് ഡോളര്‍ നല്കി പകരം ഇന്ത്യന്‍ രൂപ തിരിച്ചുവാങ്ങും.
ഇന്ത്യയുടെ സമ്പദ് ഘടനയില്‍ ദീര്‍ഘകാലത്തേക്ക് പണലഭ്യത കൂട്ടുക എന്ന ലക്ഷ്യം കൈവരിക്കുകയായിരുന്നു റിസര്‍വ്വ് ബാങ്കിന്റെ ലക്ഷ്യം. കഴിഞ്ഞ ഏതാനും ആഴ്ചകളിലായി ഇന്ത്യന്‍ ഓഹരിവിപണികളില്‍ നിന്നും വിദേശനിക്ഷേപകസ്ഥാപനങ്ങള്‍ വന്‍തോതിലാണ് അവരുടെ ഡോളറിലുള്ള നിക്ഷേപം തുടര്‍ച്ചയായി പിന്‍വലിച്ചുകൊണ്ടിരിക്കുന്നത്. ഇത് മൂലം ഇന്ത്യന്‍ ഓഹരി വിപണി തകരുകയാണെന്ന് മാത്രമല്ല, ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നതിനും ഇതും ഒരു കാരണമായി മാറി.
ഇന്ത്യയിലെ ബാങ്കുകളില്‍ പണലഭ്യത കുറയുന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. ഇതിനെക്കൂടി പരിഹരിക്കാനായിരുന്നു ആയിരം കോടി ഡോളറിന്റെ വന്‍ യുഎസ് ഡോളര്‍-രൂപ കൈമാറ്റ ലേലം നടത്തിയത്. ഇന്ത്യയുടെ ഒരു വര്‍ഷ ഡോളര്‍-രൂപ ഫോര്‍വേഡ് പ്രിമിയം ശോഷിച്ചിരുന്നു. ഹ്രസ്വകാല സര്‍ക്കാര്‍ സെക്യൂരിറ്റി യീല്‍ഡും കുറഞ്ഞുവരികയായിരുന്നു.
ഇന്ത്യന്‍ ബാങ്കുകളില്‍ രൂപ എത്തിക്കല്‍ ലക്ഷ്യം
പണലഭ്യത ഇല്ലാത്തതിനാല്‍ ബാങ്കുകള്‍ക്ക് ആവശ്യക്കാര്‍ക്ക് വായ്പ നല്കാന് കഴിയാത്ത സ്ഥിതിയുണ്ടായിരുന്നു. ഇത്രയധികം രൂപ കിട്ടിയാല്‍ ബാങ്കുകള്‍ക്ക് പണം വായ്പ നല്‍കാമെന്നതാണ് നേട്ടം. ഫിന്റെക്സ് ട്രഷറി അഡ്വൈസേഴ്സ് എല്‍എല്‍പി എക്സിക്യൂട്ടീവ് ഡയറക്ടറായ അനില്‍കുമാര്‍ ബന്‍സാലി പറയുന്നത് കേള്‍ക്കുക:” 2025 ഫെബ്രുവരി 20 ന്റെ കണക്കനുസരിച്ച് ഏകദേശം 1.7 ലക്ഷം കോടിയുടെ കമ്മി ഇന്ത്യയിലെ ബാങ്കുകള്‍ നേരിട്ടുവരികയായിരുന്നു. ആയിരം കോടി ഡോളര്‍ കൈമാറ്റ ലേലം നടന്നതോടെ ഇന്ത്യയിലെ ബാങ്കുകളിലേക്ക് 86000 കോടി രൂപയാണ് എത്തിയത്ര. ഇത് ഒരളവില്‍ ബാങ്കുകളിലെ പണലഭ്യതക്കുറവ് ഇല്ലാതാക്കാന്‍ സാധിക്കും.” ഇനി 2028ല്‍ മാത്രമേ റിവേഴ്സ് ലേലം നടക്കൂ എന്നതിനാല്‍ അന്നേരം മാത്രമേ ഇത്രയും തുകയ്ക്കുള്ള ഇന്ത്യന്‍ രൂപ ബാങ്കുകള്‍ക്ക് കണ്ടെത്തിയാല്‍ മതിയാവും.
ഇക്കഴിഞ്ഞ 2025 ജനുവരിയിലും റിസര്‍വ്വ് ബാങ്ക് 1.5 ലക്ഷം കോടി രൂപ വിപണിയില്‍ ഇറക്കിയിരുന്നു. ഇതില്‍ 500 കോടി ഡോളറിന്റെ ഡോളര്‍-രൂപ കൈമാറ്റലേലവും ഉള്‍പ്പെട്ടിരുന്നു.
എന്താണ് ഡോളര്‍-രൂപ കൈമാറ്റ ലേലം?
ഈ ലേലത്തില്‍ പങ്കെടുക്കുന്ന ബാങ്കുകള്‍ക്ക് ഡോളറിന് ഇത്ര രൂപ നല്‍കണം എന്ന രീതിയില്‍ ലേലത്തില്‍ പങ്കാളിയാകാം. ഇതില്‍ കുറഞ്ഞ റേറ്റ് പറയുന്നവരുമായി ആര്‍ബിഐ ലേലം ഉറപ്പിക്കും. മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ഇന്ത്യന്‍ രൂപ നല്കി കൊടുത്ത ഡോളര്‍ തിരികെ വാങ്ങാം എന്ന ഉറപ്പിന്മേലാണ് ബാങ്കുകളില്‍ നിന്നും ഡോളര്‍ വാങ്ങി റിസര്‍വ്വ് ബാങ്ക് രൂപ നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: