‘ആവാസ വ്യവസ്ഥയുടെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം സാമ്പത്തിക വളര്‍ച്ചയ്ക്കും മെച്ചപ്പെട്ട ഉപജീവന മാര്‍ഗ്ഗങ്ങള്‍ക്കും വേണ്ടി സമുദ്ര വിഭവങ്ങളുടെ സുസ്ഥിര ഉപയോഗം ‘ലോക ബാങ്ക് നീല സമ്പദ്വ്യവസ്ഥയെ നിര്‍വചിച്ചിരിക്കുന്നത് ഇപ്രകാരമാണ്.
2047 ല്‍ ‘വികസിത ഭാരതം ലക്ഷ്യമിടുന്ന നരേന്ദ്ര മോദി സര്‍ക്കാരും വലിയ പ്രതീക്ഷയാണ് നീല സമ്പദ്വ്യവസ്ഥയില് അര്‍പ്പിച്ചിരിക്കുന്നത്.സാഗര്‍മാലാ പ്രോജക്ട്,ഇന്റഗ്രേറ്റഡ് കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് പ്ലാന്‍ ( കഇദങ), ഡീപ് ഓഷ്യന്‍ മിഷന് , ഒ സ്മാര്‍ട്ട് തുടങ്ങി വിവിധ പദ്ധതികളാണ് നടന്നു വരുന്നത്.
നീല സമ്പദ് വ്യവസ്ഥയുടെ പ്രാധാന്യം
1. കടല്‍ത്തീര കാറ്റ്, പൊങ്ങിക്കിടക്കുന്ന സൗരോര്‍ജ്ജ നിരകള്‍ ,തിരമാല, വേലിയറ്റ ഊര്‍ജ്ജം തുടങ്ങി സമുദ്ര പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകള്‍ നിരവധിയാണ്. ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സ യുടെ ഓഫ്ഷോര്‍ വിന്‍ഡ് ഔട്ട്ലുക്ക് 2019 റിപ്പോര്‍ട്ട് അനുസരിച്ച് ഓഫ്ഷോര്‍ കാറ്റാടി ഊര്ജ്ജത്തിനുമാത്രം ആഗോള വൈദ്യുതി ആവശ്യകതയുടെ 18 മടങ്ങ് കൂടുതല്‍ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ട്.
2. സുസ്ഥിര മത്സ്യ ബന്ധനത്തിലും മത്സ്യ കൃഷിയിലും വന്‍ തോതില്‍ നിക്ഷേപം ഇറക്കുന്നത് നല്ല ശമ്പളമുള്ള തൊഴിലവസരങ്ങളും ഭക്ഷ്യ സുരക്ഷയും സാമ്പത്തിക നീതിയും ഉറപ്പാക്കാന്‍ ഉപകരിക്കും.
3. സമുദ്രത്തെയും പ്രകൃതിയേയും അവയെ ആശ്രയിക്കുന്ന എണ്ണമറ്റ ആളുകളെയും പിന്തുണയ്ക്കുന്ന വിധത്തില്‍ ആസൂത്രണം ചെയ്താല്‍ സമുദ്ര ടൂറിസം സാമ്പത്തിക പു
രോഗതി ഉറപ്പാക്കും.
4. കണ്ടെയ്നറുകള്‍ ,ടാങ്കറുകള്‍,തുറമുഖങ്ങള്‍ എന്നിവയുടെ രൂപത്തില്‍ വലിയ തൊഴില്‍ മേഖല സമുദ്ര ഗതാഗതം സൃഷ്ടിക്കും.
5. ലോക വ്യാപാരത്തിന്റെ 80 ശതമാനവും കടല്‍ വഴിയാണ് നടക്കുന്നത്.ജനസംഖ്യയുടെ 40 ശതമാനവും തീരപ്രദേശവുമായി ബന്ധപ്പെട്ട് താമസിക്കുന്നു. മൂന്ന് ബില്യണിലധികം ആളുകള്‍ ഉപജീവനത്തിനായി സമുദ്രങ്ങളെ ആശ്രയിക്കുന്നു.
സമുദ്രങ്ങള്‍ മൊത്തത്തിലുള്ള സമ്പദ്വ്യവസ്ഥയിലേക്ക് പ്രതിവര്‍ഷം 1.5 ട്രില്യണ്‍ ഡോളര്‍ മൂല്യവര്‍ദ്ധനവ് സംഭാവന ചെയ്യുന്നു. 2030 ആകുമ്പോള്‍ ഈ സംഖ്യ മൂന്ന് ട്രില്യണ്‍ ഡോളറില്‍ എത്തുമെന്ന് ഓര്ഗനൈസേഷന് ഫോര്‍ ഇക്കണോമിക് കോ ഒപ്പറേറ്റീവ് ആന്‍ഡ് ഡെവലപ്മെന്റ് കണക്കാക്കുന്നു.58.5 ദശലക്ഷം ആളുകള്‍ പ്രാഥമിക മത്സ്യ ഉത്പാദനത്തില്‍ മാത്രം ജോലി ചെയ്യുന്നു.അതില്‍ 21 ശതമാനം സ്ത്രീകളാണ് . ഏകദേശം 600 ദശലക്ഷം ഉപജീവന മാര്‍ഗ്ഗങ്ങള്‍ മത്സ്യ ബന്ധനത്തെയും മത്സ്യ കൃഷിയെയും ആശ്രയിച്ചാണ് നിലനില്ക്കുന്നതെന്നു ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്ഗനൈസേഷന് പറയുന്നു.
ഏകദേശം 7500 കിലോമീറ്ററിലധികം നീളത്തില്‍ കടല്‍ തീരമുള്ള ഭാരതം ലോകത്തിലെ മൂന്നാമത്തെ വലിയ മത്സ്യോത്പാദന രാജ്യവും രണ്ടാമത്തെ വലിയ അക്വാകള്‍ചര്‍ മത്സ്യോദ്പാദന രാജ്യവുമാണ് . മൊത്തം ജി ഡി പിയുടെ 4 ശതമാനമാണ്ഈ മേഖലയുടെ സംഭാവന .ഇതിനു പുറമെ രണ്ട് ദശലക്ഷം ചതുരശ്ര കിലോമീറ്ററിലധികം വിസ്തൃതിയുള്ള ഭാരതത്തിന്റെ എക്സ്ക്ലൂസീവ് ഇക്കണോമിക് സോണ്‍ അസംസ്കൃത എണ്ണ, പ്രകൃതി വാതകം,മണല്‍ ,ഫോസ്ഫേറ്റ് ,ഇല്‍മനൈറ്റ്,മാഗ്നൈറ്റ്, സിര്‍ക്കോണ്‍, റൂട്ടൈയില്‍ തുടങ്ങിയ ഘനവും അപൂര്‍വ്വവുമായ ധാരാളം ധാതു വിഭവങ്ങളാല്‍ സമ്പന്നവുമാണ്.തീരദേശ സമ്പദ്വ്യവസ്ഥ 4 ദശ ലക്ഷത്തിലധികം മത്സ്യത്തൊഴിലാളികളേയും തീരദേശ പട്ടണങ്ങളെയും പരിപാലിക്കുന്നുണ്ട്.നമ്മുടെ ഒന്‍പത് സംസ്ഥാനങ്ങള്‍ക്ക് തീരപ്രദേശത്തേക്ക് നേരിട്ട് പ്രവേശനമുള്ളതാണ് . അന്താരക്ഷ്ട്ര നിലവാരത്തിലുള്ളതുള്പ്പെടെ 200 തുറമുഖങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നു.ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ നീല സമ്പദ് വ്യവസ്ഥ ഒരു ആഗോള സാമ്പത്തിക ഇടനാഴിയായി മാറിയിരിക്കുന്നു.1987 ല്‍ നാം മധ്യ ഇന്ത്യന്‍ മഹാ സമുദ്രത്തില്‍ പോളിമെറ്റാലിക് പര്യവേഷണം ചെയ്യാന്‍ ആരംഭിച്ചു .നാല് ദശലക്ഷം ചതുരശ്ര മൈല്‍ പര്യവേഷണം നടത്തി രണ്ടു ഖനികളും സ്ഥാപിച്ചു .
ആശങ്കകള്‍
ആഴക്കടല്‍ മണല്‍ ഖനനം സമുദ്ര ആവാസ വ്യവസ്ഥയില്‍ മത്സ്യ സമ്പത്തിന്റെ തകര്‍ച്ച,മലിനീകരണം,സമുദ്ര താപനം , യൂൂട്ട്രോഫികേഷന്, അമ്ലീകരണം തുടങ്ങിയ സംഭവവികാസങ്ങള്‍ക്ക് കാരണമാകും. ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അജ്ഞാതമായ ഒരു മേഖലയാണ് സമുദ്രങ്ങള്‍. ദീര്‍ഘകാല ധനസഹായങ്ങള്‍ ലഭിക്കുവാന്‍ സാധ്യത വളരെ കുറവ്. വികസ്വര രാജ്യങ്ങള്‍ക്ക് കാര്‍ഷിക സമ്പദ്വ്യവസ്ഥയും സമുദ്ര സമ്പദ്വ്യവസ്ഥയും തമ്മിലുള്ള പരിവര്‍ത്തനത്തിന് ശേഷിയുടെയും സാങ്കേതിക വിദ്യയുടെയും അഭാവം ഒരു നിര്‍ണ്ണായക ഘടകമാണ്.പാരിസ്ഥിതിക സുസ്ഥിരതക്കും സമുദ്ര ആവാസവ്യവസ്ഥക്കും കാര്യമായ ശ്രദ്ധ കൊടുക്കുന്ന സമഗ്രമായ ഒരു നയത്തിന്റെ അഭാവം വലിയ ആശങ്കകള്‍ക്ക് വഴിവയ്ക്കുന്നു.
കടലില്‍നിന്ന് ധാതുവിഭവങ്ങള്‍ വേര്‍തിരിച്ച് എടുക്കുന്നത് പുതിയ കാര്യമല്ല .വാസ്തവത്തില്‍ പല രാജ്യങ്ങളും പതിറ്റാണ്ടുകളായി മണലും ചരലും ഒക്കെ കടലില്‍നിന്ന് എടുക്കുന്നുണ്ട്.. ലഭ്യമായ സ്ഥിതിവിവര കണക്കുകള്‍ കാണിക്കുന്നത് പ്രഥമ സ്ഥാനം യൂറോപ്പിനാണ് എന്നണ്.
ആഴക്കടല്‍ മണല്‍ ഖനനം ഇതിനായി പ്രതേകം നിര്‍മ്മിച്ച കപ്പലുകള്‍ ഉപയോഗിച്ചാണ് നടത്തുന്നത്. അവ സമുദ്രത്തിന്റെ അടിയില്‍ നിന്നും ഒരു വലിയ പൈപ്പ് ഉപയോഗിച്ചാണ് മണല്‍ വലിച്ചെടുക്കുന്നത്. ഈ പ്രക്രിയയെ സക്ഷന്‍ ഡ്രഡ്ജിങ് എന്നാണ് പറയുന്നത്. ഒരു മീറ്റര്‍ വ്യാസമുള്ള 85 മീറ്റര്‍ വരെ നീളമുള്ള പൈപ്പുകളാണ് ഉപയോഗിക്കുന്നത്. ഇപ്രകാരം വന്‍ തോതില്‍ മണലും ചരലും ഖനനം ചെയ്യുന്നതിലൂടെ സമുദ്ര ആവാസ വ്യവസ്ഥയില്‍ ഉണ്ടാക്കുന്ന ആഘാതം ചൂടേറിയ ചര്‍ച്ചാ വിഷയമാണ്.
സക്ഷന്‍ ഡ്രഡ്ജിങ്ങിന്റെ ആഘാതം വിലയിരുത്തുന്നതിനായി നിരവധി ജൈവശാസ്ത്ര പഠനങ്ങള്‍ നടന്നിട്ടുണ്ട്. ഡ്രഡ്ജിങ് മൂലം സമുദ്ര പരിസ്ഥിതിയില്‍ ചെറുതല്ലാത്ത ആഘാതങ്ങള്‍ സൃഷിക്കപ്പെടുന്നുണ്ട് എന്നാണ് കണ്ടെത്തല്‍ . എന്നാല്‍ അത്തരം ആഘാതങ്ങള്‍ ചെറിയ പ്രദേശങ്ങളില്‍ മാത്രമായി പരിമിതപ്പെട്ടിരിക്കുന്നുവെന്നും ഒന്നോ രണ്ടോ വര്‍ഷങ്ങള്‍ക്കു ശേഷം മത്സ്യ ജൈവാംശം ഗണ്യമായി വര്‍ദ്ധിച്ചുവെന്നും ഒരു ഡച്ച് പഠനം അവകാശപ്പെടുന്നു. 25 വര്‍ഷത്തെ ഡ്രഡ്ജിങ്ങിന് ശേഷം ഒരു പ്രദേശം പൂര്‍ണ്ണമായും മത്സ്യ ജൈവാംശമുള്ളതാകാന് ഏകദേശം 6 വര്‍ഷം എടുക്കുമെന്നും ഒരിക്കല്‍ മാത്രം ഡ്രഡ്ജ് ചെയ്ത പ്രദേശത്ത് ഒന്നോ രണ്ടോ വര്‍ഷം മതിയെന്നും പഠനങ്ങള്‍ പറയുന്നുണ്ട്. എന്തൊക്കെയായാലും മണല്‍ ഖനനം കടലിന്റെ ആവാസവ്യവസ്ഥയില്‍ മാറ്റം വരുത്തുമെന്ന് ഉറപ്പാണ്.മണല്‍ കൂനകള്‍ സമുദ്രത്തിലെ ജല പ്രവാഹത്തിനെതിരായ ഒരു സ്വാഭാവിക സംരക്ഷണ കവചമാണെന്നും മണല്‍ ഖനനം തീരപ്രദേശത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ചിലര്‍ പങ്കുവെക്കുന്നുണ്ട്. ഡ്രഡ്ജിങ്ങിന്റെ അവശിഷ്ടങ്ങളും ശബ്ദ കോലാഹലങ്ങളും മത്സ്യ സമ്പത്തിനു ഭീഷിണിയാകുമെന്നും ആവാസവ്യവസ്ഥ തകരാറിലാകുമെന്നും മത്സ്യ തൊഴിലാളി സമൂഹവും ആശങ്കപ്പെടുന്നു. പരിസ്ഥിതി ആഘാത പഠനം നടത്തി മാത്രമേ കൊല്ലം തീരത്തെ മൂന്ന് ബ്ലോക്കുകളില്‍ ഖനനം നടത്തുകയുള്ളൂ എന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പക്ഷെ ടെന്‍ഡര്‍ ലഭിക്കുന്ന കമ്പനികള്‍ തന്നെയാണ് പരിസ്ഥിതി ആഘാത പഠനം നടത്തുന്നത് എന്നത് ‘കള്ളന്റെ കൈയ്യില്‍ താക്കോല്‍’ ഏല്പ്പിക്കുന്നത്തിന് തുല്യമാണ്. മാത്രമല്ല സ്വകാര്യ കുത്തകകള്‍ക്ക് ഖനനാവകാശം കൈമാറുമ്പോള്‍ അപൂര്‍വമായ ധാതുവിഭവങ്ങള്‍ നഷ്ടപ്പെടുകയും അത് രാജ്യ താല്‍പ്പര്യങ്ങള്‍ക്ക് എതിരാകുമെന്ന ആശങ്കകളും നിലനില്‍ക്കുന്നുണ്ട്.
അതിനാല്‍ കേന്ദ്രം തന്നെ പരിസ്ഥിതി ആഘാത പഠനം നടത്തി ആശങ്കകള്‍ പരിഹരിച്ചതിന് ശേഷം മാത്രമേ ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കാവൂ. മാത്രമല്ല വിവിധ മേഖലകളില്‍ നിന്നുള്ള വിദഗ്ധരും ജനപ്രതിനിധികളും ട്രേഡ് യൂണിയന് നേതാക്കളും തീരദേശവാസികളും ഉള്‍പ്പടെയുള്ള ബന്ധപ്പെട്ട എല്ലാവരുമായും ചര്‍ച്ച ചെയ്ത് ആശങ്കകള്‍ പരിഹരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം.’വികസിത ഭാരതം’ നമ്മുടെ എല്ലാവരുടെയും എല്ലാകാലത്തെയും സ്വപ്നമാണ്.എന്നാല്‍ അത് മത്സ്യ തൊഴിലാളികളെയും തീരദേശവാസികളെയും വിശ്വാസത്തിലെടുത്ത് കൊണ്ടാകണം.മാത്രമല്ല എല്ലാത്തിനെയും പരിസ്ഥിതിവാദം പറഞ്ഞു എതിര്‍ക്കുന്ന ‘പരിസ്തി മൗലികവാദവും’ നാടിന് ആപത്താണ്.
(ബി എം എസ് സംസ്ഥാന സെക്രട്ടറിയാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: