India

ഡിഎംകെയുടെ എല്ലാ നേതാക്കളും അഴിമതിയിൽ ബിരുദാനന്തര ബിരുദം നേടിയവർ, മുഖ്യമന്ത്രിയും മകനും തെറ്റിദ്ധാരണ പടർത്തുന്നു : തുറന്നടിച്ച് അമിത് ഷാ

സ്റ്റാലിന്റെ ആരോപണങ്ങളെ നിരാകരിച്ച ഷാ 2014-24 കാലയളവിൽ നരേന്ദ്ര മോദി സർക്കാർ സംസ്ഥാനത്തിന് അഞ്ച് ലക്ഷം കോടിയലധികം രൂപ നൽകിയിട്ടുണ്ടെന്ന് പറഞ്ഞു. കൂടാതെ തമിഴ്നാട്ടിൽ ദേശവിരുദ്ധ പ്രവണത എക്കാലത്തെയും ഉയർന്ന നിലയിലാണെന്നും അമിത് ഷാ പറഞ്ഞു

Published by

കോയമ്പത്തൂർ : മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ആരോപിക്കുന്നത് പോലെ ഫണ്ട് അനുവദിച്ചതിൽ തമിഴ്നാടിനോട് കേന്ദ്രം അനീതി കാണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുഖ്യ പ്രശ്നങ്ങളിൽ നിന്ന് വഴി തിരിച്ചുവിടാൻ സ്റ്റാലിൻ ഉയർത്തുന്ന പൊള്ളയായ പ്രചാരണങ്ങളാണ് ഇതെന്നും ഷാ തുറന്നടിച്ചു. സംസ്ഥാനത്തെ വിവിധ ബിജെപി പാർട്ടി ഓഫീസുകൾ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അമിത് ഷാ.

സ്റ്റാലിന്റെ ആരോപണങ്ങളെ നിരാകരിച്ച ഷാ 2014-24 കാലയളവിൽ നരേന്ദ്ര മോദി സർക്കാർ സംസ്ഥാനത്തിന് 5,08,337 കോടി രൂപ നൽകിയിട്ടുണ്ടെന്ന് പറഞ്ഞു. നേരത്തെ ഡീലിമിറ്റേഷൻ പ്രക്രിയയെക്കുറിച്ച് തെറ്റായ പ്രചാരണം കേന്ദ്രം പ്രചരിപ്പിച്ചതായും സ്റ്റാലിൻ ആരോപിച്ചിരുന്നു. തുടർന്ന് ഈ വിഷയത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് വിരാമമിടാനും ഷാ സമയം കണ്ടെത്തി. ആനുപാതികമായി അതിർത്തി നിർണ്ണയം നടത്തുമ്പോൾ തമിഴ്‌നാട് ഉൾപ്പെടെയുള്ള ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും പാർലമെന്ററി പ്രാതിനിധ്യത്തിൽ കുറവ് വരില്ലെന്ന് അമിത് ഷാ ഉറപ്പിച്ചു പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിലെ പരാജയം സംബന്ധിച്ച് ഭരണകക്ഷിയായ ഡിഎംകെ സർക്കാരിനെതിരെ കേന്ദ്രമന്ത്രി രൂക്ഷ വിമർശനമാണ് ഉന്നയിച്ചത്. തമിഴ്നാട്ടിൽ ദേശവിരുദ്ധ പ്രവണത എക്കാലത്തെയും ഉയർന്ന നിലയിലാണെന്ന് അദ്ദേഹം പറഞ്ഞു. 1998 ലെ ബോംബ് സ്ഫോടന കേസിലെ പ്രതിയും സൂത്രധാരനുമായ എസ്എ ബാഷയ്‌ക്ക് തമിഴ്‌നാട് സർക്കാർ സുരക്ഷ ഒരുക്കിയിരുന്നതായും ആഭ്യന്തര മന്ത്രി പറഞ്ഞു. മയക്കുമരുന്ന് മാഫിയ സംസ്ഥാനത്ത് മയക്കുമരുന്ന് വിൽക്കുന്നതിൽ സ്വതന്ത്രമായി പ്രവർത്തിച്ചുവെന്നും അനധികൃത ഖനന മാഫിയ ഇവിടെ രാഷ്‌ട്രീയത്തെ ദുഷിപ്പിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.

ഡിഎംകെയുടെ എല്ലാ നേതാക്കളും അഴിമതിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ടെന്നും അദ്ദേഹം പരിപാടിയിൽ ആരോപിച്ചു. സംസ്ഥാനത്തെ ജനങ്ങൾ നിരവധി വിഷയങ്ങളിൽ അസ്വസ്ഥരാണെങ്കിലും മുഖ്യമന്ത്രിയും മകനും (ഉദയനിധി) പൊതുജനശ്രദ്ധ തിരിക്കാൻ ചില വിഷയങ്ങൾ ഏറ്റെടുത്തിട്ടുണ്ട്. തെക്കിനോട് ഒരു അനീതിയും അനുവദിക്കില്ലെന്ന് പറഞ്ഞ് അതിർത്തി നിർണ്ണയത്തെക്കുറിച്ച് അവർ ഒരു യോഗം നടത്താൻ പോകുകയാണ്. മാർച്ച് 5 ന് തമിഴ്‌നാട് സർക്കാർ ഈ വിഷയത്തിൽ വിളിച്ചുചേർത്ത സർവ്വകക്ഷി യോഗത്തെക്കുറിച്ച് പരാമർശിച്ച് കൊണ്ട് ഷാ പറഞ്ഞു.

എന്നാൽ മണ്ഡല പുനർനിർണയത്തിനുശേഷം ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്തിനും ഒരു സീറ്റ് പോലും നഷ്ടപ്പെടില്ലെന്ന് മോദി സർക്കാർ ലോക്‌സഭയിൽ വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി നേതാവ് പറഞ്ഞു. അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പിനുശേഷം തമിഴ്‌നാട്ടിൽ എൻഡിഎ അധികാരത്തിൽ വരുമെന്നും മഹാരാഷ്‌ട്ര, ഹരിയാന എന്നിവിടങ്ങളിലെ ബിജെപിയുടെ വിജയത്തേക്കാൾ വലിയ വിജയം നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ചടങ്ങിൽ തിരുവണ്ണാമലയിലും രാമനാഥപുരത്തും പാർട്ടി ഓഫീസുകൾ കൂടി ഷാ ഉദ്ഘാടനം ചെയ്തു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by