ഭൗതികവാദവും നിരീശ്വര വിശ്വാസവുമൊക്കെയാണ് ഉയര്‍ത്തിപ്പിടിക്കുന്നതെങ്കിലും ഇടതു പാര്‍ട്ടികള്‍ക്ക് ഇടക്കിടെ വെളിപാടുകള്‍ ഉണ്ടാവാറുള്ളത് പുതുമയുള്ള കാര്യമല്ല. സാമ്രാജ്യത്വത്തെക്കുറിച്ചും മുതലാളിത്തത്തെക്കുറിച്ചും ഉദാരവല്‍ക്കരണത്തെക്കുറിച്ചും കാലാകാലങ്ങളില്‍ ഇക്കൂട്ടര്‍ക്ക് ഉണ്ടായിട്ടുള്ള വെളിപാടുകള്‍ നിരവധിയാണ്. സമത്വ സുന്ദര ലോകത്തെക്കുറിച്ച് കാറല്‍ മാര്‍ക്‌സിനുപോലും ചില വെളിപാടുകളാണല്ലോ ഉണ്ടായിരുന്നത്. ഭാരതത്തിലെ ഇടതു പാര്‍ട്ടികളില്‍ ഇത്തരം വെളിപാടുകള്‍ അധികവും ഉണ്ടാവുന്നത് സിപിഎമ്മിനാണ്. ഏപ്രിലില്‍ മധുരയില്‍ നടക്കാന്‍ പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കാനുള്ള കരട് രാഷ്‌ട്രീയ പ്രമേയത്തില്‍ വ്യക്തത വരുത്തി സിപിഎം കേന്ദ്ര കമ്മിറ്റി സംസ്ഥാന കമ്മിറ്റികള്‍ക്ക് അയച്ച രഹസ്യ രേഖയില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഫാസിസ്റ്റല്ലെന്ന് പറയുന്നതാണ് ഏറ്റവും പുതിയ വെളിപാട്.
സീതാറാം യെച്ചൂരി ജനറല്‍ സെക്രട്ടറിയായിരിക്കെ കഴിഞ്ഞ രണ്ടു പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ ആര്‍എസ്എസും, അത് നിയന്ത്രിക്കുന്ന മോദി സര്‍ക്കാരും ഫാസിസ്റ്റ് സ്വഭാവമുള്ളതാണെന്ന് സിപിഎം വിലയിരുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ജനറല്‍ സെക്രട്ടറിയുടെ അഭാവത്തില്‍ പ്രകാശ് കാരാട്ട് പൊളിറ്റ് ബ്യൂറോ കോഡിനേറ്റര്‍ ആയിരിക്കെ ഇതിന് വിരുദ്ധമായ നിലപാട് എടുത്തിട്ടുള്ളതാണ് മാധ്യമങ്ങളില്‍ ചര്‍ച്ചയായത്. മോദി സര്‍ക്കാരിനെ ഫാസിസ്റ്റായോ ഇന്ത്യന്‍ ഭരണകൂടത്തെ നവഫാസിസ്റ്റായോ ചിത്രീകരിക്കാനാവില്ലെന്നാണ് പുതിയ വെളിപാട്. അതേസമയം ആര്‍എസ്എസ്- ബിജെപി കൂട്ടുകെട്ടിനെ തടഞ്ഞില്ലെങ്കില്‍ ഹിന്ദുത്വ-കോര്‍പ്പറേറ്റ് സ്വേച്ഛാധിപത്യം നവഫാസിസത്തിലേക്ക് പോകുമത്രേ. നവഫാസിസ്റ്റ് സ്വഭാവം എന്നതിനര്‍ത്ഥം അതൊരു നവ ഫാസിസ്റ്റ് രാഷ്‌ട്രീയ ഭരണ സംവിധാനം എന്നതല്ലെന്നും സിപിഎമ്മിന് അഭിപ്രായമുണ്ട്.
ഒരിക്കല്‍ പറഞ്ഞത് വിഴുങ്ങുന്ന രീതി അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലം മുതല്‍ ഇവര്‍ക്ക് പരിചിതമുള്ളതാണ്. കൊളോണിയലിസത്തെക്കുറിച്ചും ഇന്ത്യന്‍ സമൂഹത്തിന്റെ വര്‍ഗ്ഗസ്വഭാവത്തെക്കുറിച്ചും സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും സ്വാതന്ത്ര്യ ലബ്ധിയെകുറിച്ചും ഇസ്ലാമിക വര്‍ഗീയതയെക്കുറിച്ചുമൊക്കെ ഓരോ കാലത്ത് ഇ.എം.എസ്. നമ്പൂതിരിപ്പാടിനെപ്പോലുള്ളവര്‍ പറഞ്ഞിട്ടുള്ളതും തിരുത്തിയിട്ടുള്ളതും പരിശോധിക്കുന്ന ആര്‍ക്കും ഇത് മനസ്സിലാവും. അതുകൊണ്ടാണ് ആര്‍എസ്എസും മോദി സര്‍ക്കാരും ഫാസിസ്റ്റല്ലെന്ന സിപിഎമ്മിന്റെ പുതിയ നിലപാടില്‍ പുതുമയൊന്നും ഇല്ലെന്ന് നേരത്തെ പറഞ്ഞത്.
പ്രകാശ് കാരാട്ട് സിപിഎം ജനറല്‍ സെക്രട്ടറിയായിരിക്കെ മോദി സര്‍ക്കാര്‍ ഫാസിസ്റ്റല്ലെന്ന നിലപാട് കൈകൊണ്ടിരുന്നു. എന്നാല്‍ ഇത് അംഗീകരിക്കാതിരുന്ന യെച്ചൂരി ജനറല്‍ സെക്രട്ടറിയായപ്പോള്‍ കാരാട്ടിനെ തള്ളിപ്പറഞ്ഞു. പ്രശ്‌നം വളരെ ലളിതമായിരുന്നു. കോണ്‍ഗ്രസുമായി കൈകോര്‍ക്കണമെങ്കില്‍ യെച്ചൂരിക്ക് ഈ നിലപാട് എടുത്തേ മതിയാവുമായിരുന്നുള്ളൂ. ഇങ്ങനെയൊരു പാര്‍ട്ടി ലൈന്‍ സ്വീകരിക്കുക മാത്രമല്ല, കോണ്‍ഗ്രസിന്റെ ദേശീയ വക്താവിനെയും നേതാവിനെയും പോലെയാണ് അന്തരിക്കുന്നതുവരെ യെച്ചൂരി പെരുമാറിയതും.
സിപിഎം സൈദ്ധാന്തികമായി അവകാശപ്പെടുന്നതുപോലെ മൂര്‍ത്തമായ സാഹചര്യത്തെ മൂര്‍ത്തമായി വിലയിരുത്താനുള്ള കഴിവ് ആ പാര്‍ട്ടിക്ക് ഇല്ലെന്നാണ് ഇതില്‍നിന്ന് വ്യക്തമാകുന്നത്. എന്നിട്ടും സൈദ്ധാന്തികമായ ഇത്തരം വാചകക്കസര്‍ത്തുകള്‍ നടത്തുന്നത് അണികളെ കബളിപ്പിക്കാനും ജനങ്ങളെ വഞ്ചിക്കാനുമാണ് എന്നര്‍ത്ഥം. മോദി സര്‍ക്കാരിന്റെ വര്‍ഗസ്വഭാവം നിര്‍ണയിക്കുന്നതില്‍ തെറ്റുപറ്റിയെന്നല്ലേ സിപിഎം ഇപ്പോള്‍ പറയുന്നത്. പത്ത് വര്‍ഷക്കാലം സിപിഎം നടത്തിയ വിമര്‍ശനങ്ങളും തെറ്റായിരുന്നുവെന്നര്‍ത്ഥം. ഇതിന് മുന്‍കാല പ്രാബല്യത്തോടെ മാപ്പു പറയുമോ?
ലോകത്തിന്റെ ചരിത്രത്തില്‍ ഫാസിസവുമായി ഏറ്റവും കൂടുതല്‍ സഹവസിച്ചിട്ടുള്ളത് ഇടതുപക്ഷമാണ്. കാറല്‍ മാക്‌സിന്റെ ജൂത വിദ്വേഷമാണ് ഹിറ്റ്‌ലര്‍ പിന്‍പറ്റിയത്. ഹിറ്റ്‌ലറുമായി രണ്ടാം ലോക യുദ്ധകാലത്ത് സ്റ്റാലിന്‍ കൈകോര്‍ത്തു. ഹിറ്റ്‌ലറുടെ വാഴ്ചയ്‌ക്കുശേഷം ജര്‍മ്മനിയില്‍ തങ്ങള്‍ അധികാരത്തില്‍ വരുമെന്നാണ് ജര്‍മന്‍ കമ്മ്യൂണിസ്റ്റുകള്‍ കരുതിയത്. ‘ആഫ്റ്റര്‍ ഹിറ്റ്‌ലര്‍ വി’ എന്നതായിരുന്നു അന്നത്തെ മുദ്രാവാക്യം പോലും. ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകളും സ്റ്റാലിനെയും ഹിറ്റ്‌ലറെയും പിന്തുണച്ച് ഇതേ പക്ഷത്തായിരുന്നു. പിന്നീട് ഹിറ്റ്‌ലര്‍ സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോഴാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകളും ഹിറ്റ്‌ലര്‍ക്കെതിരായത്. കമ്മ്യൂണിസ്റ്റ് പാഠപുസ്തകങ്ങള്‍ക്കും പാര്‍ട്ടി രേഖകള്‍ക്കും അപ്പുറം ചരിത്രമില്ലെന്ന് വിശ്വസിക്കുന്ന ഇപ്പോഴത്തെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇതൊന്നും അറിയണമെന്നില്ല. അറിഞ്ഞാല്‍ തന്നെ അംഗീകരിക്കുകയുമില്ല.
ഫാസിസത്തിന്റെ കാര്യത്തില്‍ സിപിഎമ്മിന്റേത് ചരിത്രപരമായ കാപട്യമാണ്. ഭാരതത്തില്‍ ജനാധിപത്യത്തെ കശാപ്പുചെയ്ത് ഫാസിസം അടിച്ചേല്‍പ്പിച്ചത് ഇന്ദിരാ ഗാന്ധിയുടെ കോണ്‍ഗ്രസ് സര്‍ക്കാരാണ്. ഈ കോണ്‍ഗ്രസ് ഫാസിസത്തെ സിപിഐ പ്രത്യക്ഷമായി പിന്തുണച്ചപ്പോള്‍, സിപിഎം പരോക്ഷമായി അതിനൊപ്പം നിന്നു. ഇതേ സിപിഐയാണ് ഫാസിസ്റ്റ് വിരുദ്ധ വായ്‌ത്താരി മുഴക്കുന്നതും, സിപിഎമ്മിനെ തിരുത്താന്‍ ശ്രമിക്കുന്നതും. ഇതിനേക്കാള്‍ വലിയ കാപട്യമുണ്ടോ. ഇതു ചെയ്യുന്നതാവട്ടെ സിപിഐ നേതാവ് ബിനോയ് വിശ്വവും. എറണാകുളം മഹാരാജാസ് കോളജ് പഠനകാലത്ത് അടിയന്തരാവസ്ഥയെ എതിര്‍ത്ത വിദ്യാര്‍ത്ഥികളെ പോലീസ് പിടിച്ചുകൊണ്ടുപോകുമ്പോള്‍ ഒറ്റുകാരനെപ്പോലെ നടന്നയാളാണ് അന്നത്തെ എഐവൈഎഫ് നേതാവായ ബിനോയ് വിശ്വം.
ഫാസിസത്തിന്റെ മൂര്‍ത്തരൂപമായിരുന്ന അടിയന്തരാവസ്ഥയെ തുടക്കം മുതല്‍ ഒടുക്കം വരെ ചെറുത്തു തോല്‍പ്പിച്ചത് ആര്‍എസ്എസ് എന്ന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലാണ്. ആര്‍എസ്എസ് പ്രചാരകന്‍ എന്ന നിലയ്‌ക്ക് അടിയന്തരാവസ്ഥയ്‌ക്കെതിരെ പോരാടിയ ചരിത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുള്ളത്. ഇന്നും കുടുംബാധിപത്യത്തിന്റെ രൂപത്തില്‍ ഫാസിസം കൊണ്ടു നടക്കുന്ന കോണ്‍ഗ്രസിനൊപ്പം ഒരേ മുന്നണിയില്‍ സഹശയിക്കുന്ന സിപിഎമ്മും സിപിഐയുമാണ് ആര്‍എസ്എസും മോദി സര്‍ക്കാരും എത്രമാത്രം ഫാസിസ്റ്റാണെന്ന് മാര്‍ക്കിടാന്‍ ശ്രമിക്കുന്നത്! എം.വി. ഗോവിന്ദനെപ്പോലുള്ളവര്‍ക്ക് ഇതൊക്കെ രസിക്കുമെങ്കിലും ഇത്തരം അസംബന്ധങ്ങളെ പ്രത്യയശാസ്ത്രപരമായ വാചാടോപങ്ങളിലൂടെ ജനങ്ങള്‍ക്കിടയില്‍ വിറ്റഴിക്കാമെന്ന് കരുതരുത്. കാലം വല്ലാതെ മാറിപ്പോയി.
സ്വബോധമുള്ളവരാരും ലോകത്തെ ഏറ്റവും വലിയ സന്നദ്ധ സംഘടനയായ ആര്‍എസ്എസിനെയും, ലോകത്തെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയായ ബിജെപിയെയും ഫാസിസ്റ്റെന്ന് മുദ്രകുത്തില്ല. കമ്മ്യൂണിസ്റ്റ് രീതിയില്‍ മുകളില്‍നിന്ന് കെട്ടിപ്പടുക്കുന്നതല്ല ഈ സംഘടനകള്‍. കമ്യൂണിസ്റ്റു പാര്‍ട്ടികളെപ്പോലെ ആര്‍എസ്എസിനും ബിജെപിക്കും ജനാധിപത്യം പ്രമേയങ്ങളിലല്ല, പ്രവൃത്തിയിലാണുള്ളത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനത്തിലൂടെ മൂന്നുതവണ രാജ്യത്ത് തുടര്‍ച്ചയായി ജനങ്ങള്‍ തെരഞ്ഞെടുത്തത് ബിജെപി മുന്നണിയെയാണ്. ജനാധിപത്യവും ഫാസിസവും ഒരിക്കലും ഒത്തുപോകില്ല. നരേന്ദ്ര മോദി സര്‍ക്കാരിനെ ഫാസിസ്റ്റായി മുദ്രകുത്തുന്നത് ജനാധിപത്യ ബോധമുള്ള ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണ്. രാജ്യത്തെ 70 ശതമാനത്തിലേറെ പ്രദേശത്തെയും 70 ശതമാനത്തിലേറെ ജനങ്ങളെയും പ്രതിനിധീകരിക്കുന്നത് ബിജെപിയാണ്. ഇങ്ങനെയൊരു പ്രസ്ഥാനം ഫാസിസ്റ്റല്ലെന്ന് മാത്രമല്ല, ഫാസിസ്റ്റാവാന്‍ സാധ്യവുമല്ല.
മുന്‍ സോവിയറ്റ് യൂണിയനില്‍ ഉണ്ടായിരുന്നതും, ഇപ്പോള്‍ ചൈനയില്‍ നിലനില്‍ക്കുന്നതുമായ കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യവുമായി, രാജ്യം മുഴുവന്‍ വളര്‍ന്ന് പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ബിജെപിയേയും, ആ പാര്‍ട്ടി നേതൃത്വം നല്‍കുന്ന ഭരണസംവിധാനത്തെയും താരതമ്യം ചെയ്തു നോക്കുക. അപ്പോള്‍ ഒരുപക്ഷേ സിപിഎം നേതാക്കള്‍ക്ക് ബോധോദയം ഉണ്ടാകുമായിരിക്കും.
സിപിഎമ്മിന്റെ നിര്‍വചനപ്രകാരമാണെങ്കില്‍ ക്ലാസിക്കല്‍ ഫാസിസം പ്രയോഗത്തില്‍ വരുത്തുന്നത് ലോകത്ത് അവശേഷിക്കുന്ന ഉത്തര കൊറിയേയയും ചൈനയേയും പോലുള്ള കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളാണ്. ഭാരതത്തിന്റെ കാര്യമെടുത്താല്‍ നവഫാസിസ്റ്റ് വാഴ്ച നടത്തിയിട്ടുള്ളത് പശ്ചിമ ബംഗാളില്‍ മൂന്നര പതിറ്റാണ്ട് നിലനിന്ന ഇടതുഭരണമാണ്. ഇതേ ഫാസിസ്റ്റ് പ്രവണതയ്ക്ക് സിപിഎമ്മിന് അധികാരം ലഭിച്ചപ്പോഴൊക്കെ കേരളവും സാക്ഷ്യം വഹിച്ചിട്ടുണ്ട്. പിണറായി വിജയന്റെ ഭരണത്തിന്‍ കീഴില്‍ കേരളം കടന്നുപോകുന്നത് ഇത്തരമൊരു ഘട്ടത്തിലൂടെയാണ്.
‘മുണ്ടുടുത്ത മോദി’ എന്നതല്ല ‘മുണ്ടുടുത്ത മുസ്സോളിനി’ എന്ന വിശേഷണമാണ് മുഖ്യമന്ത്രി പിണറായി വിജയന് ചേരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക