India

തുള്‍സി, ഭാരതത്തിന്റെ യുട്യൂബ് തലസ്ഥാനം, ആഗോള പ്രസിദ്ധി

Published by

റായ്പൂര്‍: ഒരു ചെറിയ ഗ്രാമം എങ്ങനെ ഭാരതത്തിന്റെ യുട്യൂബ് തലസ്ഥാനമായി… ബിബിസി കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ച ഒരു ഫീച്ചറിന്റെ തലക്കെട്ടാണിത്. ഇതോടെ ആഗോളതലത്തില്‍ പ്രസിദ്ധി നേടിയത് ഛത്തിസ്ഗഡിന്റെ തലസ്ഥാനമായ റായ്പുരില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയുള്ള തുള്‍സി എന്ന ഗ്രാമം. ഈ ഗ്രാമത്തിലെ നാലായിരത്തോളം താമസക്കാരില്‍ ആയിരത്തിലധികംപേരും യുട്യൂബ് കണ്ടന്റ് ക്രിയേഷനുമായി ഏതെങ്കിലും വിധത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു.

തുള്‍സിയിലെ താമസക്കാരായ ജയ്, ജ്ഞനേന്ദ്ര ശുക്ല എന്നിവര്‍ ചേര്‍ന്ന് 2016ല്‍ യുട്യൂബില്‍ വീഡിയോകള്‍ അപ്‌ലോഡു ചെയ്തതാണ് തുടക്കം. ജയ് അദ്ധ്യാപകനായിരുന്നു. ഗ്യാനേന്ദ്ര മുന്‍ നെറ്റ്വര്‍ക്ക് എന്‍ജിനീയറും. മുന്‍പരിചയമില്ലാതിരുന്നതിനാല്‍ പലപ്പോഴും പകര്‍പ്പവകാശ ലംഘനമടക്കമുള്ള പ്രശ്‌നങ്ങള്‍ നേരിട്ടു. വീഡിയോകള്‍ ചിലത് യുട്യൂബില്‍ നിന്ന് നീക്കി. രണ്ടുവര്‍ഷം കഴിഞ്ഞ് ബീയിങ് ഛത്തീസ്ഗഡിയ എന്ന യുട്യൂബ് ചാനല്‍ തുടങ്ങി. ചാനലിന് സബ്സ്‌ക്രൈബര്‍മാര്‍ കൂടി. ജയ്‌ക്കും ഗ്യാനേന്ദ്രയ്‌ക്കും വരുമാനവും ലഭിച്ചുതുടങ്ങി. മറ്റ് ഗ്രാമവാസികളും ആ വഴിക്കു നീങ്ങി. ഇതോടെ ഡിജിറ്റല്‍ ക്രിയേറ്റേഴ്സിന്റെ കേന്ദ്രമായി തുള്‍സി മാറി.

കുടുംബത്തോടൊപ്പം കാണാന്‍ കഴിയുന്ന വീഡിയോകളാണ് തുള്‍സിക്കാര്‍ ചെയ്യുന്നത്. ഗ്രാമത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ലോകത്തിന് മുന്നിലെത്തുന്നു. തിരക്കഥയെഴുത്ത്, അഭിനയം, ചിത്രീകരണം തുടങ്ങിയവയിലൊക്കെ പരസ്പരം സഹായിക്കുന്നു. റായ്പുര്‍ ജില്ലാ ഭരണകൂടവും പിന്തുണയുമായി രംഗത്തുവന്നു. സംസ്ഥാനത്തെ ആദ്യ ഹൈടെക് സ്റ്റുഡിയോ തുള്‍സിയില്‍ സജ്ജമാക്കിയിട്ടുണ്ട്. ഡ്രോണ്‍ ക്യാമറകളും ജിംബലുകളും ഇവിടെയുണ്ട്. കണ്ടന്റ് ക്രിയേഷനില്‍ പ്രൊഫഷണല്‍ പരിശീലനം നല്കാന്‍ പരിശീലന കേന്ദ്രം ആരംഭിക്കാനും പദ്ധതിയുണ്ട്.

നാല്‍പ്പതോളം സജീവ യുട്യൂബ് ചാനലുകളുണ്ട് ഇപ്പോള്‍ ഈ ഗ്രാമത്തില്‍. പലരും യുട്യൂബ് പരസ്യവരുമാനത്തിലൂടെ 20,000-40,000 രൂപ മാസം സമ്പാദിക്കുന്നു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by