ആലപ്പുഴ: കുട്ടികളില്‍ മുണ്ടിനീര് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. മുണ്ടിനീര് ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അധ്യാപകര്‍ രക്ഷിതാക്കളെയും ആരോഗ്യപ്രവര്‍ത്തകരെയും അറിയിക്കാന്‍ ശ്രദ്ധിക്കണം. രോഗികളായ കുട്ടികളെ സ്കൂളില്‍ വിടരുത്. കുട്ടികളിലാണ് രോഗം കൂടുതല്‍ കണ്ടുവരുന്നതെങ്കിലും മുതിര്‍ന്നവരെയും ബാധിക്കാറുണ്ട്. അസുഖ ബാധിതര്‍ പൂര്‍ണമായും രോഗം ഭേദമാകുന്നത് വരെ വിശ്രമിക്കണം. മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കണം. പനി പോലെയുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ കുടിവെള്ളം പങ്കിടാന്‍ അനുവദിക്കരുതെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
പാരമിക്സോ വൈറസ് രോഗാണുവിലൂടെയാണ് മുണ്ടിനീര് പകരുന്നത്. വായുവിലൂടെ പകരുന്ന രോഗം ഉമിനീര് ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുന്നത്. രോഗം ബാധിച്ചവരില്‍ അണുബാധ ഉണ്ടായി ഗ്രന്ഥികളില്‍ വീക്കം കണ്ടുതുടങ്ങുന്നതിനു തൊട്ടുമുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതല്‍ ആറു ദിവസം വരെയുമാണ് രോഗം സാധാരണയായി പകരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: