ഹിംസയെ ആന്തരികവല്‍ക്കരിച്ച സിപിഎം എന്ന പാര്‍ട്ടി കേരളത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന കൊലപാതകങ്ങളെപ്പോലെ നീചമാണ് പലപ്പോഴും അതിനെ ന്യായീകരിച്ചും, ചിലപ്പോഴൊക്കെ അതിന്റെ ഉത്തരവാദിത്വം രാഷ്ട്രീയ എതിരാളികള്‍ക്കുമേല്‍ കെട്ടിവച്ചും ആ പാര്‍ട്ടി സംഘടിതവും ആസൂത്രിതവുമായി നടത്തുന്ന നിന്ദ്യമായ പ്രചാരണവും. ഈ പാര്‍ട്ടി പരിപാടി തന്നെയാണ് ഇപ്പോള്‍ പത്തനംതിട്ടയിലും കാണുന്നത്. സിഐടിയുക്കാരനായ ജിതിന് ഷാജി എന്ന യുവാവിനെ സിപിഎമ്മുകാര്‍ തന്നെ കൊലപ്പെടുത്തിയിട്ട് അത് ചെയ്തത് ബിജെപിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഎം നേതാക്കള്‍ ഒറ്റക്കെട്ടായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സിപിഎം-സിഐടിയു- ഡിവൈഎഫ്ഐ സംഘടനകളില്‍പ്പെട്ടവര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് കത്തിക്കുത്തിലും കൊലപാതകത്തിലും കലാശിച്ചത്. തിങ്കളാഴ്ച രാത്രി പെരുന്നാട് എന്താണ് സംഭവിച്ചതെന്ന് നാട്ടുകാര്‍ക്ക് എല്ലാവര്ക്കും അറിയാം. സിപിഎമ്മുകാരായ സുഹൃത്തുക്കള്‍ തമ്മില്‍ ആദ്യം വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടാവുകയും, ഒരു മണിക്കൂറിനു ശേഷം വീണ്ടും ഇവര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തപ്പോഴാണ് കൂട്ടത്തിലുണ്ടായിരുന്ന വിഷ്ണു എന്ന ഡിവൈഎഫ്ഐ കാരന് വാഹനത്തില്‍ കരുതിവച്ചിരുന്ന വടിവാളുകൊണ്ട് ജിതിനെ കുത്തി വീഴ്ത്തിയത്. വയറ്റിലും തുടയിലുമൊക്കെ ആഴത്തില്‍ മുറിവേറ്റ ജിതിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ അനുവദിക്കാതെ ആക്രമികള്‍ ചുറ്റും കൂടിനിന്നു. രക്തം മുഴുവന്‍ വാര്‍ന്നുപോയതിനാല്‍ ഒടുവില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി മരിക്കുകയായിരുന്നു.
കൊലപാതകത്തിന്റെ പേരില്‍ പോലീസ് പിടിയിലായ എട്ടുപേരും സിപിഎമ്മുമായും അനുബന്ധ സംഘടനകളുമായും ബന്ധമുള്ളവരാണ്. ഇവരില്‍ ചിലര്‍ ഈ സംഘടനകളുടെ ഭാരവാഹികളുമാണ്. ബിജെപിയുമായി ബന്ധമുള്ള ഒരാള്‍ പോലുമില്ല. എന്നിട്ടും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ രാജു എബ്രഹാം പറഞ്ഞത് ബിജെപിക്കാരാണ് ജിതിനെ കൊലപ്പെടുത്തിയത് എന്നാണ്. സിപിഎം മുന്‍ ജില്ലാ സെക്രട്ടറി കെ. പി. ഉദയഭാനുവും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ടി. പി. രാമകൃഷ്ണനും യാതൊരു ലജ്ജയുമി ല്ലാതെ ഈ പച്ചനുണ ആവര്‍ത്തിച്ചു. എന്നാല്‍ ഈ വ്യാജ പ്രചാരണം വിലപ്പോയില്ല. പോലീസിന്റെ പിടിയിലായ പ്രതികളുടെയെല്ലാം ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണിത്. ഇവര്‍ക്ക് ബിജെപിയുമായെന്നല്ല, മറ്റേതെങ്കിലും സംഘപരിവാര്‍ സംഘടനകളുമായോ ബന്ധമില്ലെന്ന് വ്യക്തമായി. തന്റെ മകന് സിഐടിയുവില്‍ അംഗമാണെന്നും, മറ്റൊരു സംഘടനയുമായും ബന്ധമില്ലെന്നും, കൊല്ലപ്പെട്ട ജിതിന് മുന്‍പൊരിക്കല്‍ വീട്ടില്‍ വന്ന് ഭക്ഷണം കഴിച്ചിട്ടുള്ളതാണെന്നും പ്രതികളിലൊരാളായ നിഖിലേഷിന്റെ അമ്മ മാധ്യമങ്ങളോട് പറയുകയും ചെയ്തു. എന്നിട്ടും നട്ടുച്ചയ്ക്ക് ഇരുട്ടാണെന്ന് പറഞ്ഞ് സിപിഎം നേതാക്കള്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. നുണപറച്ചില് ശീലമാക്കിയ ഇക്കൂട്ടര്‍ യാതൊരു ലജ്ജയുമില്ലാതെയാണ് ഇങ്ങനെ പെരുമാറുന്നത്. ജനങ്ങളെ പരിഹസിക്കുന്ന സിപിഎം നേതാക്കളുടെ പതിവ് രീതിയാണിത്.
പത്തനംതിട്ടയിലെ കൊലപാതകം ആര്‍എസ്എസുകാര്‍ നടത്തിയതാണെന്നും, തങ്ങളുടെ അണികള്‍ സിപിഎമ്മിലേക്ക് പോകുമ്പോള്‍ അതിനു തടയിടാനാണ് ഇങ്ങനെ ചെയ്യുന്നതെന്നുകൂടി എം.വി. ഗോവിന്ദന് പറഞ്ഞിരിക്കുന്നു! എന്താണോ കാലങ്ങളായി സിപിഎം ചെയ്തുകൊണ്ടിരിക്കുന്നത്, അത് രാഷ്ട്രീയ പ്രതിയോഗികള്‍ക്കുമേല്‍ വച്ചുകെട്ടാനാണ് ഗോവിന്ദന് ശ്രമിക്കുന്നത്. കണ്ണൂര്‍ ജില്ല ഇതിന്റെ പരീക്ഷണശാലയാണ്. വാടിക്കല്‍ രാമകൃഷ്ണന് എന്ന ആര്‍എസ്എസ് പ്രവര്‍ത്തകനെ അതിക്രൂരമായി കൊല ചെയ്തുകൊണ്ടായിരുന്നല്ലോ സിപിഎം അക്രമ രാഷ്ട്രീയത്തിന് തുടക്കമിട്ടത്. ഈ കേസില്‍ ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനും അന്തരിച്ച പാര്‍ട്ടി നേതാവ് കോടിയേരി ബാലകൃഷ്ണനും പ്രതികളായിരുന്നു. പിന്നീട് എത്രയെത്ര കൊലപാതകങ്ങളാണ് സിപിഎം കണ്ണൂര്‍ ജില്ലയില്‍ മാത്രം നടത്തിയത്. പാര്‍ട്ടിയുടെ വഴിപിഴച്ച പോക്കില്‍ നിരാശപ്പെട്ട് അണികള്‍ മറ്റ് സംഘടനകളിലേക്ക് പോകുമ്പോഴാണ് സിപിഎം പലപ്പോഴും കൊലക്കത്തി പുറത്തെടുക്കാറുള്ളത്. സംഘടനാശേഷിയും ജനസ്വാധീനവുമുള്ള നിരവധി സംഘപരിവാര്‍ നേതാക്കളെ സിപിഎം ഇപ്രകാരം കൊലപ്പെടുത്തിയിട്ടുണ്ട്. സിപിഎം വിട്ടു പോയി ആര്‍എംപി രൂപീകരിച്ച ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതും ഇക്കാരണത്താലാണല്ലോ. ഈ സംഭവത്തില്‍ സിപിഎം നടത്തിയ നുണപ്രചാരണം മലയാളികള്‍ക്കൊക്കെ അറിവുള്ളതാണ്. ഇതിന്റെ തനിയാവര്‍ത്തനമാണ് പത്തനംതിട്ടയില്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: