ന്യൂഡല്‍ഹി: യുഎസ്എഐഡി ഇന്ത്യ മിഷന് ഡയറക്ടറായിരുന്ന വീണാ റെഡ്ഡിയെയും ഇന്ത്യയിലെ യുഎസ് അംബാസഡറായ എറിക് ഗാര്‍സെറ്റിയെയും ചോദ്യം ചെയ്യണമെന്ന് രാജ്യസഭാംഗവും മുതിര്‍ന്ന അഭിഭാഷകനുമായ മഹേഷ് ജഠ്മലാനി ആവശ്യപ്പെട്ടു. 2024 ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് യുഎസ്എഐഡി ഇന്ത്യയില്‍ നടപ്പാക്കിയ ‘വോട്ടര്‍ വോട്ടിംഗ്’ പദ്ധതി സംബന്ധിച്ചാണ് ജഠ്മലാനിയുടെ ആരോപണം.
2021 ജൂലൈയില്‍ യുഎസ്എഐഡി ഇന്ത്യ മിഷന് ഡയറക്ടറായി ചുമതലയേറ്റ വീണാ റെഡ്ഡി 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം സ്ഥാനം രാജിവച്ച് യുഎസിലേക്ക് മടങ്ങുകയായിരുന്നു. യുഎസ്എഐഡിയുടെ ‘വോട്ടര്‍ വോട്ടിംഗ്’ പദ്ധതിയുമായി രാജി സംശയാസ്പദമായി പൊരുത്തപ്പെടുന്നുവെന്ന് ജഠ്മലാനി ആരോപിച്ചു.
യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യന്‍സി 21 മില്യണ്‍ ഡോളര്‍ (ഏകദേശം 175 കോടി രൂപ) ‘വോട്ടര്‍ വോട്ടിംഗ്’ പദ്ധതിക്കായി യുഎസ്എഐഡിക്ക് അനുവദിച്ചിരുന്നതായി വെളിപ്പെടുത്തിയതോടെയാണ് വിവാദം രൂക്ഷമായത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ അനധികൃത സ്വാധീനം ചെലുത്താന്‍ ഈ ഫണ്ട് ഉപയോഗിച്ചോ എന്ന കാര്യത്തില്‍ അന്വേഷണം വേണമെന്ന് ജഠ്മലാനി ആവശ്യപ്പെട്ടു.
വീണാ റെഡ്ഡിയുടെ നേതൃത്വത്തില്‍ യുഎസ്എഐഡി ഇന്ത്യയില്‍ ശുദ്ധമായ ഊര്‍ജം, പരിസ്ഥിതി സംരക്ഷണം, ആരോഗ്യപരിഷ്കാരം, സമഗ്ര സാമ്പത്തിക വളര്‍ച്ച, കോവിഡ് പ്രതിരോധം തുടങ്ങിയ മേഖലകളില്‍ പ്രധാനപങ്ക് വഹിച്ചു. എന്നാല്‍ ‘വോട്ടര്‍ വോട്ടിംഗ്’ പദ്ധതിയുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ഇടപെടല്‍ നടന്നുവെന്ന ആരോപണമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.
യുഎസ്എഐഡിയുടെ പദ്ധതികള്‍ നടപ്പിലാക്കുന്നതിനിടെ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്സെറ്റിയുടേയും പങ്ക് അന്വേഷിക്കണം എന്നതും ജഠ്മലാനി ആവശ്യപ്പെടുന്നു. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന്റെ മറവിയില്‍ രാഷ്ട്രീയ ഇടപെടല്‍ നടന്നതായി ജഠ്മലാനി ആരോപിക്കുന്നു.
വിവാദം രൂക്ഷമായതിന് പിന്നാലെ യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഗവണ്മെന്റ് എഫിഷ്യന്‍സി ഈ ഫണ്ടുകള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം ലഭ്യമല്ല.
ആന്ധ്രാപ്രദേശ് സ്വദേശിയായ വീണാ റെഡ്ഡി, യുഎസ്എഐഡിയില്‍ നിരവധി പ്രധാനപ്പെട്ട പദവികള്‍ വഹിച്ചിട്ടുണ്ട്. കംബോഡിയയില്‍ മിഷന് ഡയറക്ടറായും ഹെയ്റ്റിയില്‍ ഡെപ്യൂട്ടി മിഷന് ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുള്ള വീണാ റെഡ്ഡി കൊളംബിയ സര്‍വകലാശാലയില്‍ നിന്ന് ജുറിസ് ഡോക്ടറേറ്റ് ബിരുദം നേടിയ വ്യക്തിയാണ്. യുഎസ്എഐഡിയുടെ ആദ്യ ഇന്ത്യന്‍അമേരിക്കന്‍ മിഷന് ഡയറക്ടറെന്ന നേട്ടം അവര്‍ക്കു സ്വന്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: