Cricket

രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഗുജറാത്തിനെതിരെ കേരളം ശക്തമായ നിലയില്‍

ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു

Published by

അഹമ്മദാബാദ്: ഗുജറാത്തിന് എതിരായ രഞ്ജി ട്രോഫി സെമി ഫൈനല്‍ മത്‌സരത്തിന്റെ ആദ്യ ദിവസം കേരളം ശക്തമായ നിലയില്‍. കളി നിര്‍ത്തുമ്പോള്‍ കേരളം നാല് വിക്കറ്റിന് 206 റണ്‍സെന്ന നിലയില്‍. കളി നിര്‍ത്തുമ്പോള്‍ 69 റണ്‍സോടെ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും 30 റണ്‍സോടെ മൊഹമ്മദ് അസറുദ്ദീനുമാണ് ക്രീസില്‍.

ടോസ് നേടിയ കേരളം ബാറ്റിംഗ് തെരഞ്ഞെടുത്തു. ഓപ്പണര്‍മാരായ രോഹന്‍ കുന്നുമ്മലും അക്ഷയ് ചന്ദ്രനും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇരുവരും നിലയുറപ്പിച്ചെന്ന് തോന്നിച്ച ഘട്ടത്തിലാണ് അക്ഷയ് റണ്ണൗട്ടായത്. തൊട്ടു പിറകെ രവി ബിഷ്‌ണോയിയുടെ പന്തില്‍ എല്‍ബിഡബ്ല്യു ആയി രോഹന്‍ കുന്നുമ്മലും മടങ്ങി. ഇരുവരും 30 റണ്‍സ് വീതം നേടി. തുടര്‍ന്നെത്തിയ വരുണ്‍ നായനാര്‍ക്കും അധികം പിടിച്ചു നില്ക്കാനായില്ല. പ്രിയജിത് സിംഗ് ജഡേജയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഉര്‍വ്വില്‍ പട്ടേല്‍ പിടിച്ചാണ് പത്ത് റണ്‍സെടുത്ത വരുണ്‍ പുറത്തായത്.

എന്നാല്‍ പിന്നീടെത്തിയ ജലജ് സക്‌സേന ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് മികച്ച പിന്തുണയായി. നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നേടിയ 71 റണ്‍സ് കേരളത്തിന് കരുത്തായി. 30 റണ്‍സെടുത്ത ജലജ് സക്‌സേനയെ അര്‍സന്‍ നഗ്വാസ്വെല്ല ക്ലീന്‍ ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ മൊഹമ്മദ് അസറുദ്ദീനും സച്ചിന്‍ ബേബിയും ചേര്‍ന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇത് വരെ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. ശ്രദ്ധയോടെ ബാറ്റ് വീശിയ ക്യാപ്റ്റന്‍ സച്ചിന്‍ ബേബി 193 പന്തുകളില്‍ നിന്നാണ് 69 റണ്‍സുമായി പുറത്താകാതെ നില്ക്കുന്നത്. എട്ട് ബൗണ്ടറികള്‍ അടങ്ങുന്നതാണ് സച്ചിന്റെ ഇന്നിംഗസ്.

കഴിഞ്ഞ മത്‌സരത്തില്‍ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് കേരളം ഗുജറാത്തിനെതിരെ കളിക്കാന്‍ ഇറങ്ങിയത്. ഷോണ്‍ റോജര്‍ക്ക് പകരം വരുണ്‍ നായനാരെയും ബേസില്‍ തമ്പിക്ക് പകരം അഹ്മദ് ഇമ്രാനെയുമാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക