പത്തനംതിട്ട: ടൗണ്‍സ്ക്വയര്‍ ഉദ്ഘാടന ചടങ്ങില്‍ സ്വാഗതം പറഞ്ഞ അവതാരകനെ പരിപാടി കഴിഞ്ഞ് സിപിഎം പ്രാദേശിക നേതാക്കള്‍ മര്‍ദിച്ചെന്ന ആരോപണം ശരിയല്ലെന്ന് സിപിഎം പത്തനംതിട്ട ഏരിയാ സെക്രട്ടറി. അവതാരകന് അതിരുവിട്ടുവെന്നും അത് ചൂണ്ടികാണിക്കുകയാണ് ഉണ്ടായതെന്നും മര്‍ദിച്ചിട്ടില്ലെന്നും സിപിഎം ഏരിയാ സെക്രട്ടറി എംവി സഞ്ജു പറഞ്ഞു.
അവതാരകന് അവതാരകന്റെ ജോലി ചെയ്ത് കൂലി വാങ്ങി പൊക്കോണം. എന്നാല്‍ അയാള്‍ അവിടെ രാഷ്ട്രീയം കളിച്ചു. സ്വാഗത പ്രസംഗത്തിനിടെ സ്പീക്കറെയും മന്ത്രിയെയും അവതാരകന് ബിനു കെ സാം അപമാനിച്ചു. അവതാരകന് കോണ്‍ഗ്രസ് സംഘടനാ നേതാവാണ്. വീണ ജോര്‍ജും നഗരസഭ ചെയര്‍മാനും തമ്മില്‍ ഗ്രൂപ്പ് പോരില്ലെന്നും ഏരിയാ സെക്രട്ടറി പറഞ്ഞു.
എന്നാല്‍, ഏരിയാ സെക്രട്ടറിയും സംഘവുമാണ് മര്‍ദിച്ചതെന്നും കഴിഞ്ഞ ദിവസം നടന്ന സംഭവം ഏറെ മനോവിഷമം ഉണ്ടാക്കിയെന്നും അവതാരകനായ ബിനു കെ സാം പറഞ്ഞു. നഗരസഭ ചെയര്‍മാനും മന്ത്രി വീണ ജോര്‍ജ്ജും തമ്മിലുള്ള പോരില്‍ തന്നെ ഇരയാക്കി. രാത്രിയില്‍ വിളിച്ച സിപിഎം നേതാക്കളാണ് ഇക്കാര്യം പറഞ്ഞത്. സിപിഎം ഭരിക്കുമ്പോള്‍ ഏരിയാ സെക്രട്ടറി ഉള്‍പ്പെടെ നേതാക്കള്‍ക്കെതിരെ പൊലീസില്‍ പരാതിപ്പെട്ടിട്ട് ഒരു കാര്യവുമില്ല.അതിനാല്‍ തല്ക്കാലം പരാതി കൊടുക്കുന്നില്ല. പിണറായി വിജയന് പങ്കെടുത്ത പരിപാടിയില്‍ വരെ അവതാരകനായിട്ടുണ്ടെന്നും ഇങ്ങനെയൊരു അനുഭവം ആദ്യമാണെന്നും ബിനു കെ സാം പ്രതികരിച്ചു.
കോണ്‍ഗ്രസ് അധ്യാപക സംഘടനാ നേതാവായ തന്നെ സൗഹൃദം കണക്കിലെടുത്താണ് നഗരസഭ ചെയര്മാന് വിളിച്ചതെന്ന് ബിനു കെ സാം പറഞ്ഞു. ഇന്നലത്തെ സംഭവത്തില്‍ ചെയര്മാന് നേരിട്ട് വിളിച്ചു മാപ്പ് പറഞ്ഞു. ടൗണ്‍ സ്ക്വയര്‍ ഉദ്ഘാടന ചടങ്ങിനിടെ ആരോഗ്യമന്ത്രി, സ്പീക്കര്‍ എന്നിവരെ സ്വാഗതം ചെയ്ത രീതി ശരിയായില്ലെന്ന് ചൂണ്ടികാട്ടിയാണ് ബിനു കെ. സാമിനെ മര്‍ദിച്ചത്.
അതേസമയം, പൊലീസില്‍ പരാതി എത്താതിരിക്കാന്‍ നഗരസഭ ചെയര്മാന് ഉള്‍പ്പെടെ സിപിഎം നേതാക്കള്‍ അനുനയനീക്കം നടത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: