പാലാ: പാലാ രൂപതയുടെ കീഴിലുള്ള ഭൂമിയില്‍ കപ്പ കൃഷിക്കായി ഭൂമി നിരപ്പാക്കുന്നതിനിടെ ശിവലിംഗം കണ്ടെത്തിയ സംഭവത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതായി ആരോപിച്ച് പൊലീസ് പരാതി. കാസ മണ്ഡലം പ്രസിഡണ്ട് മാഗി ഡൊമിനിക് പാലാ പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ മീഡിയ വണ്‍ ചാനലിനെതിരെയും അതിന്റെ പത്രപ്രവര്‍ത്തകരെയും കുറ്റപ്പെടുത്തുന്നു. ഇത് ജമാഅത്തെ ഇസ്ലാമിയുടെ ഗൂഢനീക്കത്തിന്റെ ഭാഗമെന്നുമാണ് ആരോപണം. വാര്‍ത്തയ്‌ക്ക് അടിസ്ഥാനമില്ലാത്ത പ്രചാരണം നല്‍കിയാണ് വിവാദം സൃഷ്ടിക്കാന്‍ ശ്രമിച്ചതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.
പരാതിയില്‍ പറയുന്നതനുസരിച്ച്, ശിവലിംഗം കണ്ടെത്തിയ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വെള്ളപ്പാട് ഭഗവതി ക്ഷേത്ര ഭാരവാഹികളും രൂപതാ നേതൃത്വവും 2025 ഫെബ്രുവരി 8ന് ബിഷപ് ഹൗസില്‍ കൂടിയാലോചന നടത്തി. ഹൈന്ദവ ആചാര്യന്മാരുടെ നിര്‍ദ്ദേശപ്രകാരം തുടര്‍ നടപടികള്‍ സ്വീകരിക്കാനാണ് ഇരുവിഭാഗങ്ങളും തീരുമാനിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശത്തെക്കുറിച്ചോ അതുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെയോ ആരും ഉന്നയിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.
എന്നാല്‍, 2025 ഫെബ്രുവരി 12ന്, മീഡിയ വണ്‍ ചാനലിന്റെ ക്യാമറാമാനും റിപ്പോര്‍ട്ടറും സ്ഥലത്തെത്തി ‘ക്ഷേത്ര ഭാരവാഹികളുടെ അവകാശവാദത്തെ പാലാ ബിഷപ്പ് ഹൗസ് നിഷേധിച്ചു’ എന്ന തലക്കെട്ടോടെ വ്യാജവാര്‍ത്ത പ്രചരിപ്പിച്ചു. ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെയും മറ്റ് ചാനലുകളിലൂടെയും വ്യാപകമായി പ്രചരിക്കുകയും ചെയ്തു.
പരാതിക്കാരന്റെ ആരോപണപ്രകാരം, ഈ വാര്‍ത്ത മനപ്പൂര്‍വം ഹൈന്ദവ-ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ മതസ്പര്‍ദ്ധ ഉണ്ടാക്കുന്നതിനായി പ്രചരിപ്പിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഇരുസമുദായങ്ങള്‍ തമ്മില്‍ പരസ്പര ആരോപണങ്ങളും അവഹേളനങ്ങളും വ്യാപകമായി.
മാധ്യമ ചാനലിന്റെ മാനേജിങ് എഡിറ്റര്‍ സി. ദാവൂദ്, ന്യൂസ് എഡിറ്റര്‍ പ്രമോദ് രാമന്‍, കോട്ടയം ബ്യൂറോ റിപ്പോര്‍ട്ടര്‍ ജോസി, വാര്‍ത്ത ഷെയര്‍ ചെയ്ത ആലപ്പുഴ സ്വദേശി അന്‍സാരി സുഹാരി എന്നിവര്‍ക്കെതിരെ മതസ്പര്‍ദ്ധ വളര്‍ത്തിയതിനും കലാപത്തിലേക്ക് പ്രേരിപ്പിച്ചതിനുമുള്ള നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു.
പരാതിയോടൊപ്പം മീഡിയ വണ്‍ വാര്‍ത്തയുടെ പോസ്റ്റര്‍, വീഡിയോ, ലിങ്കുകള്‍, ഷെയര്‍ ചെയ്ത വ്യക്തികളുടെ വിശദാംശങ്ങള്‍ എന്നിവയും സമര്‍പ്പിച്ചിട്ടുണ്ട്.
ശിവലിംഗം കണ്ടെത്തിയ പശ്ചാത്തലം
പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ കപ്പ കൃഷിക്കായി ജെസിബി ഉപയോഗിച്ച് നിലം ഉഴുതുമറിക്കുന്നതിനിടയില്‍ ശിവലിംഗവും സോപാന കല്ലും കണ്ടെത്തിയിരുന്നു. ഈ വിവരം അറിയിച്ചപ്പോള്‍ ക്ഷേത്ര ഭാരവാഹികളും രൂപതാ നേതൃത്വവും തമ്മില്‍ കൂടിയാലോചിച്ച് ദേവപ്രശ്‌നം നടത്താനും അതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാനുമാണ് തീരുമാനിച്ചത്.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കൂത്താപ്പാടി ഇല്ലം വക തണ്ടലത്ത് മഹാദേവക്ഷേത്രം എന്ന പേരിലുള്ള ഒരു ശിവക്ഷേത്രം ആ ഭൂമിയില്‍ ഉണ്ടായിരുന്നതായാണ് ചരിത്രവിവരങ്ങള്‍ വ്യക്തമാക്കുന്നത്. ഇല്ലം ക്ഷയിച്ചതോടെ ക്ഷേത്രം തകര്‍ന്നുവീഴുകയും തുടര്‍ന്ന് ആ ഭൂമി പല കൈമാറ്റങ്ങളിലൂടെ പാലാ രൂപതയുടെ ഉടമസ്ഥതയിലാകുകയുമായിരുന്നു.
ശിവലിംഗം ലഭിച്ച വിവരം അടുത്തുള്ള ക്രിസ്ത്യന്‍ വിശ്വാസികളാണ് ക്ഷേത്ര ഭാരവാഹികളെ അറിയിച്ചത്. ഈ വിവരം കേട്ടറിഞ്ഞ വിശ്വാസികള്‍ അവിടെയെത്തി ശിവലിംഗത്തെ വണങ്ങുകയും പൂജിക്കുകയും ചെയ്തു. ഇതുപോലുള്ള സംഭവങ്ങളില്‍ ശിവലിംഗങ്ങള്‍ ലഭിക്കുമ്പോള്‍ ഹൈന്ദവ വിശ്വാസികള്‍ അതിനെ ആരാധനയോടെ കാണുന്നതും പതിവാണ്.
ദേവപ്രശ്‌നം നടന്ന് ലഭിച്ച വിധിപ്രകാരം ശിവലിംഗം അടുത്തുള്ള ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കുമോ അതോ അത് ലഭിച്ച ഭൂമിയില്‍തന്നെ സ്ഥാപിക്കുമോ എന്ന കാര്യത്തില്‍ തീരുമാനം എടുത്ത് അതനുസരിച്ച് നടപടികള്‍ സ്വീകരിക്കുമെന്നു പാലാ രൂപതാ നേതൃത്വം അറിയിച്ചിട്ടുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് യാതൊരുവിധ തര്‍ക്കങ്ങളും നിലവിലില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തെ തുടര്‍ന്ന് സമൂഹത്തിന്റെ വിവിധ ഇടങ്ങളില്‍ ശക്തമായ പ്രതികരണമാണ് ഉയർന്നിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ ഇതിനെക്കുറിച്ച് ചൂടുപിടിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്
പാലാ രൂപതയുടെ ഭൂമിയില്‍ ശിവലിംഗം ലഭിച്ചതിന്റെ പേരില്‍ മതസ്പര്‍ദ്ധ കത്തിക്കരിയ്‌ക്കാനുള്ള ശ്രമം ചില വിഭാഗങ്ങള്‍ നടത്തുന്നുവെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്നും സമാധാനം നിലനിര്‍ത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക