ആലപ്പുഴ: ശുചിമുറി മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ജില്ലയില്‍ ആദ്യമായി നിര്‍മിക്കുന്ന ചേര്‍ത്തല ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റ് നിര്‍മ്മാണം അവസാന ഘട്ടത്തില്‍. ചേര്‍ത്തല നഗരസഭ ആനത്തറ വെളിയില്‍ നി
ര്‍മിക്കുന്ന പ്ലാന്റ് യാഥാര്‍ഥ്യമാവുന്നതോടെ ജില്ലയിലെ ശുചിമുറി മാലിന്യപ്രശ്നത്തിന് വലിയൊരളവോളം പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
പ്ലാന്റിന്റെ 90 ശതമാനം നിര്‍മ്മാണ പ്രവൃത്തികളും പൂര്‍ത്തിയായി. നിലവില്‍ പ്ലംബിങ്, ഇലക്ട്രിക്കല്‍ പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. 7.33 കോടി രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടുകൂടിയ പ്ലാന്റ് നിര്‍മ്മിക്കുന്നത്. ദിവസേന 2.50 ലക്ഷം ലിറ്റര്‍ വരെ ശുചിമുറി മാലിന്യം ഇതുവഴി സംസ്കരിക്കാന്‍ കഴിയും.
മുംബൈ ആസ്ഥാനമായ ഐയോണ്ക്സ് എന്‍വിറോ ടെക്ക് കമ്പനിക്കാണ് നിര്‍മ്മാണ ചുമതല. പത്ത് വര്‍ഷത്തേക്ക് തുടര്‍പരിപാലനത്തിനുള്ള കരാറും കമ്പനിയും നഗരസഭയുമായി ഒപ്പുവച്ചിട്ടുണ്ട്.
എംബിബിആര്‍ സാങ്കേതികവിദ്യയില്‍ പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ എത്തുന്ന ശുചിമുറി മാലിന്യങ്ങള്‍ പുനരുപയോഗക്ഷമമാക്കി മാറ്റുവാനും ഖരമാലിന്യങ്ങള്‍ വളമാക്കി മാറ്റുവാനും സാധിക്കും.
പ്ലാന്റ് പ്രവര്‍ത്തനക്ഷമമായതിനു ശേഷം ശുദ്ധീകരിക്കുന്ന ജലം പ്ലാന്റിന്റെ പരിസരത്ത് ഒരുക്കുന്ന ഗ്രീന്‍ ബെല്‍റ്റിലെ ചെടികള്‍ നനയ്ക്കുന്നതിനും ദേശീയപാത അടക്കമുള്ള ഇടങ്ങളിലെ പൂന്തോട്ടങ്ങള്‍ നനയ്ക്കുന്നതിനുമായി ഉപയോഗിക്കും. കൂടാതെ ഖരമാലിന്യം ജൈവ വളമാക്കി വില്‍ക്കുവാനുമുള്ള പദ്ധതികളും നഗരസഭ ആസൂത്രണം ചെയ്തിട്ടുണ്ട്.
പദ്ധതി ആവിഷ്കരിച്ചതുമുതല് ഒട്ടേറെ തടസ്സങ്ങളും പ്രതിസന്ധികളും നേരിട്ടിരുന്നു. മന്ത്രിതലത്തിലും നഗരസഭ തലത്തിലും നടത്തിയ വിവിധ ചര്‍ച്ചകള്‍ക്കൊടുവിലാണ് പ്ലാന്റ് നിര്‍മ്മാണം ആരംഭിച്ച് പൂര്‍ത്തീകരണത്തിലേക്കെത്തുന്നത്. നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ആശങ്കകള്‍ അറിയിച്ചവരെയും കേസുമായി മുന്നോട്ടുപോയവരെയും വസ്തുതകള്‍ ബോധ്യപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: