ന്യൂദല്‍ഹി: ഭാരതത്തെ വിദേശ രാജ്യങ്ങളില്‍ പോയി അധിക്ഷേപിച്ച് സംസാരിക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഇന്നലെ ലോക്‌സഭയില്‍ ചൈനയുടെ വക്താവായി രംഗത്തുവന്നു. ലോക്‌സഭയിലെ 45 മിനിറ്റ് പ്രസംഗത്തില്‍ രാഹുല്‍ ചൈനയെ പുകഴ്‌ത്തിയത് 34 തവണ. വിവിധ വിഷയങ്ങളില്‍ വലിയ അബദ്ധങ്ങളും മണ്ടത്തരങ്ങളുമാണ് കോണ്‍ഗ്രസ് നേതാവ് അവതരിപ്പിച്ചത്. അടുത്തിടെ അന്തരിച്ച ഡോ. മന്‍മോഹന്‍ സിങ് നയിച്ച യുപിഎ സര്‍ക്കാരിനെപ്പോലും രാഹുല്‍ തള്ളിപ്പറഞ്ഞു. തൊഴിലില്ലായ്മ അവസാനിപ്പിക്കാന്‍ യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നായിരുന്നു രാഹുലിന്റെ പരാമര്‍ശം.
ലോകത്താകെ വലിയ മുന്നേറ്റം നടക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അര്‍ത്ഥശൂന്യമാണെന്നാണ് രാഹുല്‍ പ്രസംഗിച്ചത്. വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്തതിനെയും രാഹുല്‍ വളച്ചൊടിച്ചു.
തന്റെ മൊബൈല്‍ ഫോണ്‍ ഉയര്‍ത്തിപ്പിടിച്ച്, ഇപ്പോള്‍ ഉത്പാദനമെല്ലാം ചൈനയ്‌ക്ക് കൈമാറിയെന്നു പറഞ്ഞാണ് രാഹുല്‍ ചൈനീസ് പ്രേമം തുടങ്ങിയത്. ഈ ഫോണ്‍ മെയ്ഡ് ഇന്‍ ഇന്ത്യ അല്ല. ഇത് ഇവിടെ കൂട്ടി യോജിപ്പിച്ചെന്നേയുള്ളൂ. ഭാരതത്തിന്റെ 4,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈനയുടെ കൈവശമാണ്.
എഐ അര്‍ത്ഥശൂന്യമാണ്. എഐക്ക് വേണ്ട ഡാറ്റ ഭാരതത്തില്‍ ഇല്ല. ഇന്ന് ഉപയോഗിക്കുന്ന പല ഡാറ്റകളും ചൈനയുടെയും അമേരിക്കയുടെയും കൈവശമാണ്. ഡൊണാള്‍ഡ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ഭാരതത്തിന്റെ പ്രതിനിധിയായി വിദേശകാര്യമന്ത്രി എസ്. ജയശങ്കറിനെ അയച്ചത് പ്രധാനമന്ത്രിയെ ക്ഷണിപ്പിക്കാനാണെന്നാണ് രാഹുലിന്റെ കണ്ടെത്തല്‍.
ഭാരതത്തിന്റെ ഭൂമി ചൈനയുടെ കൈവശമാണെന്ന പരാമര്‍ശത്തിനെതിരേ ഭരണപക്ഷ അംഗങ്ങള്‍ രംഗത്ത് എത്തി. രാഹുല്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. പറയുന്ന കാര്യങ്ങള്‍ക്ക് തെളിവുകള്‍ ഹാജരാക്കേണ്ടി വരുമെന്ന് രാഹുലിന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള മുന്നറിയിപ്പ് നല്കി. എന്നാല്‍ രാഹുലിന്റെ പക്കല്‍ തെളിവുകള്‍ ഇല്ലായിരുന്നു. പ്രസംഗത്തിലെ ചൈനീസ് പ്രേമത്തെ പരിഹസിച്ച് ബിജെപി ഐടി സെല്‍ കണ്‍വീനര്‍ അമിത് മാളവ്യ രാഹുലിന്റെ പ്രസംഗ ഭാഗം എക്സില്‍ പോസ്റ്റ് ചെയ്തു. 45 മിനിറ്റിനിടയിലെ 34 ചൈനീസ് പുകഴ്‌ത്തല്‍ എന്നായിരുന്നു മാളവ്യയുടെ വിമര്‍ശനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക