വിക് ആന്‍ സീ (നെതര്‍ലാന്‍റ്സ്) : ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മിന്നിമാഞ്ഞ 87ാം ടാറ്റാസ്റ്റീല്‍ ചെസ്സില്‍ പ്രജ്ഞാനന്ദ മാസ്റ്റേഴ്സ് വിഭാഗത്തില്‍ ചാമ്പ്യനായി. ഇതാദ്യമായാണ് ടാറ്റാ സ്റ്റീല്‍ ചെസില്‍ പ്രജ്ഞാനന്ദ ചാമ്പ്യനാകുന്നത്. പ്രജ്ഞാനന്ദയ്‌ക്ക് മുന്‍പ് ഒരൊറ്റ ഇന്ത്യക്കാരന്‍ മാത്രമേ ടൂര്‍ണ്ണമെന്‍റില്‍ ചാമ്പ്യനായിട്ടുള്ളൂ. അത് ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദാണ്. അഞ്ച് തവണയാണ് വിശ്വനാഥന്‍ ആനന്ദ് ചാമ്പ്യനായത്.
Pragg wins the tiebreak and is our new Tata Steel Masters Champ!! 🏆🔥 pic.twitter.com/o8FtpcB9fD
— Tata Steel Chess Tournament (@tatasteelchess) February 2, 2025
അവസാന റൗണ്ടിന് ശേഷം ഗുകേഷും പ്രജ്ഞാനന്ദയും എട്ടര പോയിന്‍റ് വീതം നേടി സമനിലയിലായതോടെ വിജയിയെ കണ്ടെത്താന്‍ മൂന്ന് ബ്ലിറ്റ്സ് ഗെയിം കളിക്കേണ്ടിവന്നു. ഇതില്‍ പ്രജ്ഞാനന്ദ വിജയം കൊയ്യുകയായിരുന്നു.
ലോക ചെസ് ചാമ്പ്യനായ ഗുകേഷിനെ അട്ടിമറിച്ച് കിരീടം ചൂടുക എന്ന അപൂര്‍വ്വ ബഹുമതിയാണ് ഇതോടെ പ്രജ്ഞാനന്ദ സ്വന്തമാക്കിയത്. സിംഗപ്പൂരില്‍ നടന്ന ലോക ചെസ് കിരീടപ്പോരാട്ടത്തില്‍ ചാമ്പ്യനായ ശേഷം ഗുകേഷ് ഇതാദ്യമായി കളിച്ച ടൂര്‍ണ്ണമെന്‍റായിരുന്നു ടാറ്റാ സ്റ്റീല്‍ ചെസ്. ലോകകിരീടത്തിന്റെ ചൂടാറും മുമ്പേ ലഭിച്ച തുടര്‍ച്ചയായ രണ്ടു പരാജയങ്ങള്‍ ഗുകേഷിനെ തളര്‍ത്തിക്കളഞ്ഞു. 13ാം റൗണ്ടില്‍ അര്‍ജുന്‍ എരിഗെയ്സിക്കെതിരായ മത്സരത്തില്‍ ഗുകേഷ് തോറ്റിരുന്നു. ഇതോടെ 13ാം റൗണ്ടില്‍ ഒരു സമനില കിട്ടിയാല്‍ ചാമ്പ്യനാകാമായിരുന്ന പ്രജ്ഞാനന്ദയെ ജര്‍മ്മനിയുടെ വിന്‍സെന്‍റ് കെയ്മര്‍ തോല്‍പിച്ചതോടെ ഗുകേഷിനും പ്രജ്ഞാനന്ദയ്‌ക്കും എട്ടര പോയിന്‍റ് വീതമായി. അതോടെയാണ് ടൈബ്രേക്കറില്‍ നിന്നും വിജയയിയെ തീരുമാനിക്കാന്‍ ഗുകേഷും പ്രജ്ഞാനന്ദയും മൂന്ന് ബ്ലിറ്റ്സ് ഗെയിം കളിക്കേണ്ടിവന്നു. ഇതില്‍ ആദ്യ ബ്ലിറ്റ്സ് ഗെയിമില്‍ പ്രജ്ഞാനന്ദ തോറ്റു. രണ്ടാമത്തെ ബ്ലിറ്റ്സ് ഗെയിമില്‍ പ്രജ്ഞാനന്ദ ജയിച്ചു. തുടര്‍ന്ന് വിജയിയെ തീരുമാനിക്കാന്‍ സഡന്‍ ഡെത്ത് ഗെയിം കളിച്ചു. അതില്‍ പ്രജ്ഞാനന്ദ വിജയിക്കുകയായിരുന്നു. വിജയിയെ തീരുമാനിക്കാനുള്ള സഡന്‍ഡെത്തില്‍ വെള്ളക്കരുക്കള്‍ കൊണ്ട് കളിച്ച പ്രജ്ഞാനന്ദയ്‌ക്ക് രണ്ട് മിനിറ്റും മുപ്പത് സെക്കന്‍റുമാണെങ്കില്‍ കറുത്ത കരുക്കള്‍ കൊണ്ട് കളിച്ച ഗുകേഷിന് മൂന്ന് മിനിറ്റും ലഭിച്ചു.
ഇത് രണ്ടാം തവണയാണ് ഗുകേഷിന് ടാറ്റാ സ്റ്റീല്‍ ചെസ് കിരീടം ചുണ്ടിനും കപ്പിനുമിടയില്‍ നഷ്ടമാകുന്നത്. കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ചൈനയുടെ വെയ് യീയുമായി തോറ്റു. ഇക്കുറി പ്രജ്ഞാനന്ദ ഗുകേഷിന്റെ അന്തകനായി.
ടാറ്റാ സ്റ്റീല്‍ ചെസ്സില്‍ വിശ്വനാഥാന്‍ ആനന്ദ് ചാമ്പ്യനായിട്ടുണ്ടോ?
ഇല്ല എന്നും ഉണ്ട് എന്നും ആണ് ഈ ചോദ്യത്തിനുത്തരം. ഇതിന് മുന്‍പ് ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് നെതര്‍ലാന്‍റ്സിലെ മനോഹരമായ ബീച്ച് തീരമായ വിക് ആന്‍ സീയില്‍ നടക്കുന്ന ഇതേ ടൂര്‍ണ്ണമെന്‍റില്‍ വിശ്വനാഥന്‍ ആനന്ദ അഞ്ച് തവണ ചാമ്പ്യനായിട്ടുണ്ട്. പക്ഷെ അപ്പോഴൊന്നും ഈ ടൂര്‍ണ്ണമെന്‍റിന്റെ പേര് ടാറ്റാ സ്റ്റീല്‍ ചെസ് എന്നായിരുന്നില്ല. 1989,1998, 2003, 2004 2006 എന്നീ വര്‍ഷങ്ങളിലാണ് വിശ്വനാഥന്‍ ആനന്ദ് ചാമ്പ്യനായത്. പക്ഷെ ഈ അഞ്ച് വര്‍ഷങ്ങളിലും ടാറ്റാ സ്റ്റീല്‍ എന്നായിരുന്നില്ല, ടൂര്‍ണ്ണമെന്‍റിന് മറ്റ് പേരുകളായിരുന്നു എന്ന മാത്രം. 1989ലും 1998ലും ഹൂഗോവന്‍സ് സ്കാക് ടൊര്‍നോയ് എന്നായിരുന്നു ടൂര്‍ണ്ണമെന്‍റിന്റെ പേര്. 2003, 2004, 2006 വര്‍ഷങ്ങളില്‍ കോറസ് ചെസ് ടൂര്‍ണ്ണമെന്‍റ് എന്നായിരുന്നു പേര്. അന്ന് ബ്രിട്ടനിലെ കോറസ് കമ്പനി 1938ല്‍ ഈ ടൂര്‍ണ്ണമെന്‍റ് ആരംഭിക്കുമ്പോള്‍ ഹൂഗോവന്‍സ് എന്നായിരുന്നു പേര്. പിന്നീട് ഹൂഗോവന്‍സ് സ്റ്റീല്‍ കമ്പനിയെ ബ്രിട്ടീഷ് സ്റ്റീല്‍ ഏറ്റെടുത്തു. ഹൂഗോവന്‍സും ബ്രിട്ടീഷ് സ്റ്റീലും ലയിച്ചപ്പോള്‍ കമ്പനി കോറസ് എന്നായതോടെ ചെസ് ടൂര്‍ണ്ണമെന്‍റിന്റെ പേര് കോറസ് ചെസ് ടൂര്‍ണ്ണമെന്‍റ് എന്നായി മാറി. 2011ല്‍ കോറസ് സ്റ്റീല്‍ എന്ന ബ്രിട്ടീഷ് കമ്പനിയെ ടാറ്റാ സ്റ്റീല്‍ വിലയ്‌ക്ക് വാങ്ങിയതോടെ ടൂര്‍ണ്ണമെന്‍റിന്റെ പേര് ടാറ്റാ സ്റ്റീല്‍ ചെസ് എന്നായി മാറി. 1938 മുതല്‍ ആരംഭിച്ച ഈ ടൂര്‍ണ്ണമെന്‍റ് എല്ലാക്കാലത്തും നടന്നിട്ടുള്ളത് നെതര്‍ലാന്‍റ്സിലെ ശാന്തമനോഹരമായ വിക് ആന്‍ സീ എന്ന കടല്‍ത്തീരഗ്രാമത്തിലാണ്. നെതര്‍ലാന്‍റ്സിലെ അഥവാ ഹോളണ്ടിലെ ബെവര്‍വിക് പ്രവിശ്യയിലെ നോര്‍ത് സീ തീരത്താണ് ഈ ഗ്രാമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: