ന്യൂദെൽഹി:ജമ്മു കാശ്മീരിലെ രജൗരി ജില്ലയിലെ ബദാൽ ഗ്രാമത്തിൽ മൂന്ന് കുടുംബങ്ങളിലെ 17 പേരുടെ ദുരൂഹ മരണത്തെക്കുറിച്ച് കേന്ദ്ര സംഘവും കാശ്മീർ പോലീസും നടത്തുന്ന പ്രത്യേക അന്വേഷണം തുടരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ 50 പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. ബദാൽ ഗ്രാമത്തിലെ മുഹമ്മദ് ഫസൽ, മുഹമ്മദ് അസ്ലം, മുഹമ്മദ് റഫീഖ് എന്നിവരുടെ കുടുംബത്തിലെ നാലു മുതിർന്നവരും 13 കുട്ടികളുമാണ് കഴിഞ്ഞ ഒന്നര മാസത്തിനിടെ അജ്ഞാവും ദുരൂഹവുമായ അസുഖം ബാധിച്ച് മരിച്ചത്. ഇരകളുടെ കുടുംബങ്ങളിലെ അടുത്ത ബന്ധുക്കളായ 200 ഓളം പേരെ ‘ ഐസൊലേഷൻ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. അജ്ഞാത രോഗത്തിന്റെ പ്രഭവ കേന്ദ്രമായ ബദാൽ ഗ്രാമം കണ്ടെയിൻമെൻ്റ് സോണായി പ്രഖ്യാപിച്ചിട്ടുണ്ട്. ആളുകൾ കൂട്ടം കൂടി നിൽക്കുന്ന പരിപാടികളും സമ്മേളനങ്ങളും സർക്കാർ നിരോധിച്ചു. അതേസമയം മരിച്ചവരുടെ സാമ്പിളുകളിൽ ചില ന്യൂറോ ടോക്സിനുകൾ കണ്ടെത്തിയതിനെ തുടർന്നാണ് 11 അംഗ എസ്ഐടിയും പോലീസും അന്വേഷണം നടത്തുന്നത്. ഈ പ്രദേശത്ത് മെഡിക്കൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് ജിഎംസി റജൗരിയിലെ എല്ലാ ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും അവധി റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: