ന്യൂദെൽഹി:നടനുംടെലിവിഷൻ അവതാരകനുമായ കപിൽ ശർമ്മയ്‌ക്ക് വധഭീഷണി. രാജ് പാൽ യാദവ്, സുഗന്ധ മിശ്ര, റെമോ ഡിസൂസ തുടങ്ങിയവർക്കും സമീപകാലത്ത് ഇത്തരം വധഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. കപിൽ ശർമ്മയ്‌ക്ക് ഇമെയിൽ എത്തിയത് പാക്കിസ്ഥാനിൽ നിന്നാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ താരത്തിന്റെ പരാതിയെ തുടർന്ന് മുംബൈ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. ഭാരതീയ ന്യായസംഹിതയിലെ സെക്ഷൻ 351 (3) പ്രകാരം അജ്ഞാതർക്കെതിരെയാണ് അമ്പോലി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചത്. ബിഷ്ണു എന്നയാളുടെ പേരിൽ വന്ന ഈമെയിലിൽ വ്യക്തമായ ഭീഷണിയാണ് ഉയർത്തിയിരിക്കുന്നത്. “നിങ്ങളുടെ സമീപകാലത്തുള്ള പ്രവർത്തനങ്ങൾ ഞങ്ങൾ നിരീക്ഷിക്കുകയാണെന്നും ഇത് നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടിയാണ് മെയിൽ ചെയ്യുന്നതെന്നും വ്യക്തമാക്കുന്നു. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടല്ല. ഈ സന്ദേശം വളരെ ഗൗരവത്തോടുകൂടി നിങ്ങൾ കൈകാര്യം ചെയ്യുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്.” ഇ മെയിൽ വ്യക്തമാക്കുന്നു. എട്ടുമണിക്കൂറിനകം ഇമെയിലിന് മറുപടി ലഭിച്ചില്ലെങ്കിൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ഇ-മെയിലിൽ വ്യക്തമാക്കുന്നത് . കപിൽ ശർമയെ കൂടാതെ രാജ് പാൽ യാദവ്, സുഗന്ധ മിശ്ര, റെമോ ഡിസൂസ എന്നിവരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക