പാലക്കാട്: മദ്യനിര്‍മാണത്തിനായി എലപ്പുള്ളിയില്‍ ഏറ്റെടുത്ത സ്ഥലം രജിസ്റ്റര്‍ ചെയ്തത് ഒയാസിസ് കമ്പനിയുടെ ഹരിയാന അമ്പാലയിലുള്ള വിലാസത്തില്‍. എന്നാല്‍ ഇക്കഴിഞ്ഞ ആഗസ്തില്‍ 24 ഏക്കര്‍ സ്ഥലത്തിന്റെ കരമടച്ചത് എലപ്പുള്ളി വില്ലേജ് ഓഫീസിലും. ഇത്തരത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ പല തിരിമിറികളും കമ്പനി നടത്തിയതിനുള്ള മറ്റൊരു ഉദാഹരണമാണിത്.
അതേസമയം എഥനോള്‍ ഉത്പാദിപ്പിച്ചു നല്‍കാനുള്ള പ്ലാന്റ് നിര്‍മാണത്തിനായി കേന്ദ്രം 2023 ആഗസ്ത് 11ന് താത്പര്യപത്രം ക്ഷണിച്ചപ്പോള്‍ എലപ്പുള്ളിയിലെ വിലാസത്തിലാണ് ഒയാസിസ് പങ്കെടുത്തത്. 2021 വര്‍ഷത്തിലാണ് എലപ്പുള്ളിയില്‍ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചത്. കമ്പനി പ്രതിനിധിയായ ഗോപീകൃഷ്ണന് എന്നയാള്‍ പാലക്കാടുള്ള സ്ഥലം കച്ചവടക്കാര്‍ മുഖേനയാണ് എലപ്പുള്ളി പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായ കെ. അപ്പുക്കുട്ടനെയും സുഹൃത്തിനെയും ബന്ധപ്പെട്ടത്. കൃഷി ആവശ്യത്തിനും മറ്റുമായാണ് സ്ഥലം വാങ്ങുന്നത് എന്നായിരുന്നു വിശദീകരണം.
2022-23 കാലയളവിലാണ് രജിസ്ട്രേഷന് നടപടികള്‍ നടത്തിയത്. 24 ഏക്കര്‍ സ്ഥലമാണ് ഒയാസിസ് ഇവിടെ വാങ്ങിയിട്ടുള്ളത്. ഇതില്‍ അഞ്ച് കര്‍ഷകരില്‍ നിന്നായി 22 ഏക്കറാണ് ഏറ്റെടുത്ത് നല്‍കിയതെന്ന് അപ്പുക്കുട്ടന് പറഞ്ഞു. അഞ്ച് ഏക്കര്‍ നെല്‍കൃഷി ചെയ്യുന്ന സ്ഥലവും, ബാക്കി പുരയിടവുമാണ്. എല്ലാവര്ക്കും അവര്‍ പറഞ്ഞ പണവും കമ്പനി നല്‍കിയെന്ന് അപ്പുക്കുട്ടന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: