Kerala

കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസ്; സിപിഎം ചെല്ലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി പൊലീസ് കസ്റ്റഡിയില്‍

ആശുപത്രി വിട്ട് കൂത്താട്ടുകുളത്തേക്ക് തിരിച്ചുപോകാന്‍ ഭയമാണെന്ന് കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കലാരാജു

Published by

കൊച്ചി:കൂത്താട്ടുകുളം നഗരസഭാ കൗണ്‍സിലര്‍ കലാ രാജുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ സിപിഎം ചെല്ലക്കപ്പടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി.മോഹനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഇയാളെ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ പൊലീസ് നിഷ്‌ക്രിയത്വം തുടരുകയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു.

കൂത്താട്ടുകുളം നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ കലാ രാജുവിനെ കൂറുമാറുമെന്ന് കരുതി സിപിഎം നേതാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. തട്ടിക്കൊണ്ടുപോകല്‍, ദേഹോപദ്രവമേല്‍പ്പിക്കല്‍, അന്യായമായി തടഞ്ഞുവക്കല്‍, നിയമവിരുദ്ധമായി കൂട്ടം ചേരല്‍ തുടങ്ങി ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് സംഭവത്തില്‍ കൂത്താട്ടുകുളം പൊലീസ് കേസെടുത്തത്.

ഒന്നാം പ്രതിയായ സിപിഎം ഏര്യാ സെക്രട്ടറി അടക്കം ആരെയും കേസില്‍ ചോദ്യം ചെയ്തിട്ടില്ല. കലാരാജുവുമായി കോണ്‍ഗ്രസ് സാമ്പത്തിക ഇടപാട് നടത്തിയെന്നാണ് ഏര്യാ സെക്രട്ടറി രതീഷിന്റെ ആരോപണം. ചൊവ്വാഴ്ച വൈകിട്ട് കൂത്താട്ടുകുളത്ത് സിപിഎം വിശദീകരണ യോഗം സംഘടിപ്പിക്കും.

ആശുപത്രി വിട്ട് കൂത്താട്ടുകുളത്തേക്ക് തിരിച്ചുപോകാന്‍ ഭയമാണെന്ന് ഇതിനിടെ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കലാരാജു പറഞ്ഞു. പൊലീസ് വീഴ്ചയില്‍ അന്വേഷണം തുടരവെ മൂവാറ്റുപുഴ ഡിവൈഎസ്പിയെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി.പകരം ചുമതല ആലുവ ഡിവൈഎസ്പിക്ക്.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by