India

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ നെയ്റ്റ് ആന്‍ഡേഴ്സനെ തിരിച്ചുകടിച്ച ഇന്ത്യയുടെ മാധബി പുരി ബുച്ച്

ലോകത്തെ പല കമ്പനികളെയും എന്തിന് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്കിനെ വരെ വെള്ളംകുടിപ്പിച്ച ആളാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന കമ്പനിയുടെ ഉടമ നെയ്റ്റ് ആന്‍ഡേഴ്സനെങ്കിലും ഇന്ത്യയിലെ മാധബി പുരി ബുച്ചിന് മുന്‍പില്‍ മുട്ടുമടക്കി. ഇന്ത്യയിലെ ഓഹരിവിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെബിയുടെ മേധാവിയായി എത്തിയ ആദ്യത്തെ വനിത- അതാണ് മാധബി പുരി ബുച്ച്.

Published by

ന്യൂദല്‍ഹി: ലോകത്തെ പല കമ്പനികളെയും എന്തിന് ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്കിനെ വരെ വെള്ളംകുടിപ്പിച്ച ആളാണ് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന കമ്പനിയുടെ ഉടമ നെയ്റ്റ് ആന്‍ഡേഴ്സനെങ്കിലും ഇന്ത്യയിലെ മാധബി പുരി ബുച്ചിന് മുന്‍പില്‍ മുട്ടുമടക്കി. ഇന്ത്യയിലെ ഓഹരിവിപണിയെ നിയന്ത്രിക്കുന്ന സ്ഥാപനമായ സെബിയുടെ മേധാവിയായി എത്തിയ ആദ്യത്തെ വനിത- അതാണ് മാധബി പുരി ബുച്ച്.

അദാനിയ്‌ക്കെതിരെ ഹിന്‍ഡന്‍ ബര്‍ഗ് നടത്തിയ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെയും ഇവിടുത്തെ ജോര്‍ജ്ജ് സോറോസ് പണം നല്‍കുന്ന എന്‍ജിഒകളുടെയും ശല്യം സഹിക്കവയ്യാതെ സുപ്രീംകോടതി ഉത്തരവിട്ടതനുസരിച്ച് സെബി അധ്യക്ഷ മാധബി പുരി ബുച്ച് അദാനിയ്‌ക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷണം നടത്തിയത്. ഹിന്‍ഡന്‍ ബര്‍ഗ് റിസര്‍ച്ച് പ്രസിദ്ധീകരിച്ച 32000 വാക്കുകളടങ്ങിയ റിപ്പോര്‍ട്ടില്‍ അദാനിയ്‌ക്കെതിരെ ഉയര്‍ത്തിയ 88 ചോദ്യങ്ങളില്‍ 99 ശതമാനത്തിലും കഴമ്പില്ലെന്നാണ് മാധബി പുരി ബുച്ച് അന്വഷണത്തില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഇല്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചതിന്റെ കാരണങ്ങള്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് മാധബി പുരി ബുച്ച് ഹിന്‍ഡന്‍ബര്‍ഗിന് അതിശക്തമായ ഒരു കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു.

മാധബി പുരി ബുച്ചിന്റെ ഈ റിപ്പോര്‍ട്ടിനെ നൂറ് ശതമാനവും അംഗീകരിക്കുകയായിരുന്നു അന്നത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസായ ഡി.വൈ. ചന്ദ്രചൂഡ്. മാധബി പുരി ബുച്ച് നടത്തിയ അന്വേഷണറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനിയ്‌ക്കെതിരെ അന്വേഷണം ആവശ്യമില്ലെന്നാണ് അന്ന് ചന്ദ്രചൂഡ് വിധിച്ചത്. അത്രയ്‌ക്ക് പഴുതില്ലാത്ത റിപ്പോര്‍ട്ടായിരുന്നു മാധബി പുരി ബുച്ച് തയ്യാറാക്കിയത്. ധനകാര്യമേഖലയിലും ഓഹരി വിപണിയിലും ആഴത്തില്‍ അറിവുള്ളതിനാലാണ് ഇത്രയും ശക്തമായ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാന്‍ മാധബി പുരി ബുച്ചിന് സാധിച്ചത്.

ഇതോടെയാണ് മാധബി പുരി ബുച്ചിനെ നിശ്ശബ്ദയാക്കാന്‍ ഹിന്‍ഡന്‍ബര്‍ഗ് രണ്ടാമത് ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. മാധബി പുരി ബുച്ചിനെയും ഭര്‍ത്താവ് ധവാല്‍ ബുച്ചിനെയും അദാനിയുമായി ബന്ധപ്പെടുത്തിയുള്ള ആരോപണങ്ങളായിരുന്നു ഈ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍. മാധബി പുരി ബുച്ച് തനിക്കുള്ള വരുമാനങ്ങളില്‍ പലതും സെബി പദവിയില്‍ ഇരിക്കുമ്പോള്‍ വെളിപ്പെടുത്തിയില്ലെന്നും അത് വഴി സെബി അധ്യക്ഷ എന്ന പദവിക്ക് നിരക്കാതെ പ്രവര്‍ത്തിച്ചു എന്നുമാണ് ഹിന്‍ഡന്‍ബര്‍ഗ് ആരോപിച്ചത്. എന്നാല്‍ ഈ ആരോപണങ്ങള്‍ ഏശിയില്ല.

ഇതോടെ ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കള്‍ പല വിധ ആരോപണങ്ങളുമായി മാധബി പുരി ബുച്ചിനെ വേട്ടയാടുന്നതാണ് പിന്നീട് കണ്ടത്. പതിവിന് വിപരീതമായി മാധബി പുരി ബുച്ച് രാജിവെേയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് സെബിയിലെ ചില ജീവനക്കാരും സമരത്തിന് ഇറങ്ങിപ്പുറപ്പെട്ടു. ജീവിതത്തില്‍ സമരം ചെയ്യാത്ത, നല്ല ശമ്പളമുള്ള സെബി ജീവനക്കാരെ സമരത്തിലേക്ക് തള്ളിവിട്ടത് കോണ്‍ഗ്രസാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. അതായത് ഹിന്‍ഡന്‍ബര്‍ഗിനെതിരെ അയച്ച കാരണം കാണിക്കല്‍ നോട്ടീസില്‍ നിന്നും മാധബി പുരി ബുച്ചിനെ പിന്തിരിപ്പിക്കുക എന്നതായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം.
ഹിന്‍ഡന്‍ബര്‍ഗ് കുടുങ്ങിയാല്‍ അദാനിയുടെ ഓഹരികള്‍ ഷോര്‍ട്ട് സെല്ലിംഗ് നടത്തി പണമുണ്ടാക്കിയ ചില കോണ്‍ഗ്രസുകാരും കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള ചില ബിസിനസുകാരും പെട്ടേയ്‌ക്കാമെന്നും ചില ആരോപണങ്ങള്‍ ആയിടെ ഉയര്‍ന്നിരുന്നു. ഇതിനും ഒരു പ്രതിവിധി എന്ന നിലയിലാണ് മാധബി പുരി ബുച്ചിന്റെ വായടപ്പിക്കാന്‍ കോണ്‍ഗ്രസ് അവര്‍ക്കെതിരെ ചെളി വാരി എറിഞ്ഞത്. മാധബി പുരി ബുച്ചിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ആരോപണം ഉന്നയിച്ചതിന്റെ അടിസ്ഥാനത്തില്‍ സെബിയുടെ പ്രവര്‍ത്തനങ്ങള്‍ പുനരലോകനം ചെയ്യുന്ന പാര്‍ലമെന്‍റ് സമിതിയുടെ അധ്യക്ഷനായ കോണ്‍ഗ്രസ് നേതാവ് കെ.സി. വേണുഗോപാല്‍ സമിതിക്ക് മുന്‍പില്‍ മാധബി പുരി ബുച്ച് നേരിട്ട് ഹാജരാകണമെന്ന് വാശിപിടിച്ചത് അവരെ അപമാനിക്കാനായിരുന്നു. എന്നാല്‍ ശാരീരിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടി മാധബി പുരി ബുച്ച് ഹാജരായില്ല.

എന്തായാലും കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണത്തെയും ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ടിനെയും വെല്ലുവിളിച്ച് മാധബി പുരി ബുച്ച് പറഞ്ഞതെന്താണെന്നോ? പട്ടാളക്കാരുടെ കുടുംബത്തില്‍ നിന്നും വന്ന താന്‍ കുലുങ്ങില്ല എന്നാണ്. ചില്ലറക്കാരിയല്ല മാധബി പുരി ബുച്ച്. ദല്‍ഹി സെന്‍റ് സ്റ്റീഫന്‍സ് കോളെജില്‍ നിന്നും മാത്തമാറ്റിക്സില്‍ സ്പെഷ്യലൈസ് ചെയ്ത്കൊണ്ടുള്ള ബിരുദം. പിന്നെ ഐഐഎം അഹമ്മദാബാദില്‍ നിന്നും എംബിഎ. ഐസിഐസിഐ ബാങ്കിന്‍റേതുള്‍പ്പെടെ ഒരു പിടി ധനകാര്യസ്ഥാപനങ്ങളുടെ തലപ്പത്ത് ഇരുന്ന അനുഭവ പരിചയം. ഈ മാധബി പുരി ബുച്ചിനെതിരെ വ്യാജമായ കുറ്റാരോപണങ്ങള്‍ നടത്തി ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ ഉടമ ആന്‍ഡേഴ്സന്‍ തരം മാറിക്കളിക്കുകയായിരുന്നു. ഇപ്പോഴിതാ പത്തി മടക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് ഉടമ നെയ്റ്റ് ആന്‍ഡേഴ്സന്‍ തന്നെയാണ്. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന കമ്പനി തന്നെ പൂട്ടിക്കെട്ടി ഒളിവില്‍ പോകാനുള്ള ശ്രമമാണെന്നറിയുന്നു. കമ്പനികള്‍ക്കെതിരെ ഫോറന്‍സിക് ധനകാര്യ റിപ്പോര്‍ട്ടുകള്‍ നല്‍കി ഹീറോ ആയ ആന്‍ഡേഴ്സണ്‍ പല കമ്പനികളെയും വട്ടം ചുറ്റിച്ചും തകര്‍ത്തും കൂറെ ലാഭം കൊയ്തു. പക്ഷെ ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുമെന്നത് പഴയ ചൊല്ലാണ്. ഡൊണാള്‍‍ഡ് ട്രംപ് യുഎസ് പ്രസിഡന്‍റായി വരുന്നു എന്നത് മാത്രമല്ല, മാധബി പുരി ബുച്ച് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിനെതിരെ നല്‍കിയ 46 പേജുള്ള കാരണം കാണിക്കല്‍ നോട്ടീസ് നിസ്സാരമായ ഒന്നല്ല. അതിന് മറുപടി പറയേണ്ടി വരും എന്ന ഭയം തന്നെയാണ് ആന്‍ഡേഴ്സനെ കണ്ടം വഴി ഓടിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക