തിരുവനന്തപുരം: ആചാരപരിഷ്‌കരണം കാലഘട്ടത്തിന് അനുസൃതമായി നിര്‍വഹിക്കേണ്ടത് ഓരോരുത്തരുടെയും കടമയും കര്‍ത്തവ്യവുമാണെന്ന് ശിവഗിരി ശ്രീനാരായണ ധര്‍മ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ.
ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് ഗുരുധര്‍മ്മ പ്രചരണ സഭയുടെ ആഭിമുഖ്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തിന് മുന്നില്‍ നടത്തിയ ആചാരപരിഷ്‌കരണ സത്സംഘം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷര്‍ട്ടൂരണം എന്ന ദുരാചാരത്താല്‍ പുതിയ തലമുറ ക്ഷേത്രാരാധനയില്‍ നിന്ന് പിന്തിരിയുകയും മദ്യപാനം തുടങ്ങിയ ദുര്‍ചെയ്തികളിലേക്ക് നയിക്കപ്പെടുകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍ കേരളത്തിലെ മുഴുവന്‍ ക്ഷേത്രങ്ങളിലും ഷര്‍ട്ട് ധരിച്ചു കയറുവാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളില്‍ ഷര്‍ട്ടിട്ട് പ്രവേശിക്കാമെന്ന് ഗുരുദേവനും ശിവഗിരി മഠവും വ്യവസ്ഥ ചെയ്തിരുന്നു.
ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ കൂടുതല്‍ സംഭാവന ചെയ്യുന്ന ബഹുഭൂരിപക്ഷം വരുന്ന അധഃസ്ഥിത വിഭാഗങ്ങള്‍ക്ക് ദേവസ്വം ബോര്‍ഡ് സ്ഥാപനങ്ങളില്‍ മതിയായ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. ചില സവര്‍ണ സമുദായങ്ങള്‍ ഉദ്യോഗങ്ങള്‍ കുത്തകയാക്കി വച്ചിരിക്കുന്നു. സാമൂഹ്യനീതി കൈവരിക്കാന്‍ എല്ലാവര്‍ക്കും ഉദ്യോഗ സംവരണം നടപ്പാക്കണമെന്നും സ്വാമി സച്ചിദാനന്ദ ആവശ്യപ്പെട്ടു.
വ്യാസന്‍, വസിഷ്ഠന്‍, വാല്മീകി, ശങ്കരാചാര്യര്‍ തുടങ്ങിയവര്‍ക്കൊപ്പമോ അതിലുപരിയായോ പ്രാര്‍ത്ഥനകളും ദാര്‍ശനിക കൃതികളും രചിച്ചിട്ടുള്ള ഗുരുവിന്റെ കൃതികള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ജപിക്കാനും പഠിക്കാനും വേണ്ട നടപടികള്‍ സ്വീകരിക്കണം. ചില ക്ഷേത്രങ്ങളില്‍ പാന്റ്, ചുരിദാര്‍ തുടങ്ങിയ വസ്ത്രങ്ങളുടെ മുകളില്‍ പലയാളുകള്‍ ധരിച്ചിട്ടുള്ള ഒരു മുഷിഞ്ഞ മുണ്ടുകൂടി ഉടുക്കണമെന്നുള്ള ദുരാചാരം ഒഴിവാക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളില്‍ ധാര്‍മിക അവബോധം സൃഷ്ടിക്കുന്നതിന് ഗുരുദേവന്‍, വിവേകാനന്ദസ്വാമികള്‍, ചട്ടമ്പിസ്വാമികള്‍ തുടങ്ങിയ മഹാത്മാക്കളുടെ കൃതികള്‍ പഠിപ്പിക്കുന്നതിനുള്ള മതപാഠശാലകള്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ സ്ഥാപിക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.
ഗുരുധര്‍മ പ്രചരണ സഭ കേന്ദ്ര സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ സ്വാമി വിശാലാനന്ദ, സ്വാമി ശങ്കരാനന്ദ, സ്വാമി സത്യാനന്ദതീര്‍ത്ഥ, സ്വാമി ദേശികാനന്ദ, മാതാ ആര്യനന്ദാദേവി, രജിസ്ട്രാര്‍ കെ.ടി. സുകുമാരന്‍, ചീഫ് കോ ഓര്‍ഡിനേറ്റര്‍ സത്യന്‍ പന്തത്തല, ജോയിന്റ് രജിസ്ട്രാര്‍ പു
ത്തൂര്‍ ശോഭനന്‍, മുന്‍ രജിസ്ട്രാര്‍ കുറിച്ചി സദന്‍, മാതൃസഭാ പ്രസിഡന്റ് അനിതാ ശങ്കര്‍, സെക്രട്ടറി ശ്രീജാ ഷാജി, യുവജന സഭാ ചെയര്‍മാന്‍ രാജേഷ് സഹദേവന്‍, കണ്‍വീനര്‍ സുബിത് എസ്. ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
മ്യൂസിയം ജംഗ്ഷനില്‍ നിന്നാരംഭിച്ച ആചാര പരിഷ്‌കരണ യാത്ര ശ്രീനാരായണഗുരു പാര്‍ക്കിലെ ഗുരുദേവ പ്രതിമക്കു മുന്നില്‍ നിലവിളക്ക് കൊളുത്തിയും പുഷ്പാര്‍ച്ചന നടത്തിയും സ്വാമി സച്ചിദാനന്ദ ഉദ്ഘാടനം ചെയ്തു. സഭാ പിആര്‍ഒ ഡോ. റ്റി. സനല്‍കുമാര്‍, കോഓര്‍ഡിനേറ്റര്‍മാരായ ചന്ദ്രന്‍ പുളിങ്കുന്ന്, അശോകന്‍ ശാന്തി, ആറ്റിങ്ങല്‍ കൃഷ്ണന്‍കുട്ടി, അമ്പിളി ഹാരീസ്, സുശീല ടീച്ചര്‍, എ.ആര്‍. വിജയകുമാര്‍ എന്നിവര്‍ യാത്രക്ക് നേതൃത്വം നല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക