പെരുമ്പാവൂർ : പെരുമ്പാവൂരിൽ പിടിയിലായ ബംഗ്ലാദേശി യുവതിയു ടേയും ആൺ സുഹൃത്തിൻ്റേയും അറസ്റ്റ് രേഖപ്പെടുത്തി. ബംഗ്ലാദേശ് കുൽനാസദർ രുപ്ഷാവെരിബാദ് സ്വദേശിനി തസ്ലീമ ബീഗം (28 )ബീഹാർ നവാദ ചിറ്റാർകോൽ ഷാക്തി കുമാർ (32) എന്നിവരാണ് പെരുമ്പാവൂർ പോലീസിന്റെ പിടിയിലായത്.
ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയ്‌ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ടന്തറ ബംഗാൾ കോളനിയിൽ നിന്നുമാണ് ഇവരെ പിടികൂടിയത്. കൊച്ചി സിറ്റിയിലെ വിവിധ ലോഡ്ജുകളിലെ താമസത്തിന് ശേഷം ബുധനാഴ്ചയാണ് കണ്ടന്തറയിലെത്തിയത്.
ഉടനെ ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിൽ ഇവരെ കസ്റ്റഡിയിലെടുത്തു. ഏജൻ്റ് മുഖാന്തിരമാണ് യുവതി അതിർത്തികടന്ന് ഇന്ത്യയിലേക്കെത്തിയത്. തുടർന്ന് വിവിധ സ്ഥലങ്ങളിൽ കറങ്ങി ബംഗലൂരുവിലെത്തി. അവിടെ വച്ചാണ് ആൺ സുഹൃത്തിനെ കണ്ടതെന്നാണ് യുവതി പറയുന്നത്.
തുടർന്ന് ഇവർ പല സ്ഥലങ്ങളിലും സഞ്ചരിച്ചാണ് കേരളത്തിലെത്തിയത്. ജില്ലയിൽ ഇവർ താമസിച്ച സ്ഥലങ്ങളെക്കുറിച്ച് പോലീസ് അന്വേഷിക്കുന്നുണ്ട്. യുവതിയിൽ നിന്ന് വ്യാജ ആധാർ – പാൻ കാർഡുകൾ പോലീസ് കണ്ടെടുത്തു. ഇതും ഏജൻ്റ് ശരിയാക്കി നൽകിയതെന്നാണ് യുവതി പറയുന്നത്.
കഴിഞ്ഞ 5 മാസമായി ഇവർ കേരളത്തിലുണ്ടെന്നും പറയുന്നു. ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന ജില്ലാ പോലീസ് ആസ്ഥാനത്ത് രണ്ട് പേരെയും ചോദ്യം ചെയ്‌തു. എൻ. ഐ. എ , ഇൻ്റലിജൻസ് ബ്യുറോ, എ.ടി.എസ് തുടങ്ങിയവരും ചോദ്യം ചെയ്തു. പോലീസ്
വിശദമായി അന്വേഷണം ആരംഭിച്ചു. ഇവർ എന്തിനാണ് പെരുമ്പാവുർ എത്തിയതെന്നും, ഇവർക്ക് സഹായം ചെയ്തു നൽകിയവരെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. ഇൻസ്പെക്ടർ ടി.എം സൂഫിയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ പി.എം റാസിഖ് , റിൻസ്.എം തോമസ്, ലാൽ മോഹൻ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
കൃത്യമായ രേഖകൾ വാങ്ങാതെ വീടുകൾ വാടകയ്‌ക്ക് നൽകുന്ന ഉടമകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക