Article

തിരുവള്ളുവരും ശ്രീനാരായണ ഗുരുവും സനാതന ധര്‍മത്തിന്റെ പരമാചാര്യര്‍

Published by

ത്യധര്‍മ്മങ്ങളില്‍ അധിഷ്ഠിതമാണ് ഭാരതീയ സംസ്‌കാരം. അതുകൊണ്ടാണ് സത്യമേവ ജയതേ, എന്ന മുണ്ഡകോപനിഷത്ത് വാക്യം നമ്മുടെ രാജ്യവും മറ്റെല്ലാ സംസ്ഥാനങ്ങളും സ്വീകരിച്ചിട്ടുള്ളത്. തമിഴ് ഭാഷയില്‍”വായ്മയേ വെല്ലും” എന്നാണ് ഈ ആശയം എഴുതുന്നത്.

ഇതുപോലെ ധര്‍മ്മോ രക്ഷതി രക്ഷിത:,” യതോ ധര്‍മ്മസ്തതോ ജയ: , എന്നീ മഹാഭാരതത്തിലെ വാക്യങ്ങള്‍ സുപ്രീംകോടതിയും, റോ, തുടങ്ങിയ സ്ഥാപനങ്ങളും സ്വീകരിച്ചിട്ടുണ്ട്. ബുദ്ധന്‍ ഉപദേശിച്ച ഇതേ കാര്യമാണ് ധര്‍മ്മചക്ര പ്രവര്‍ത്തനം എന്നത്. വ്യക്തിയുടേയും രാജ്യത്തിന്റേയും ധാര്‍മ്മികമായ കടമ ഓര്‍മ്മപ്പെടുത്തുന്നതാണ് ദേശീയ പതാകയില്‍ കാണുന്ന ധര്‍മ്മ ചക്രം.

അധികാരത്തിലും സമ്പത്തിലും അഹങ്കരിക്കുന്ന ശക്തികള്‍ സത്യത്തിനും ധര്‍മ്മത്തിനും എതിരായി നിലകൊള്ളും. അപ്പോള്‍ ധര്‍മ്മ സംരക്ഷണത്തിന് ഓരോ കാലത്തും അവതാരങ്ങള്‍ ഉണ്ടാകുമെന്നാണ് ധര്‍മ്മാത്മാവായ ശ്രീകൃഷ്ണന്‍ നല്‍കിയ ഗ്യാരണ്ടി.

”ഓരോ രാഷ്‌ട്രത്തിനും അതിന്റേതായ സ്വഭാവമുണ്ട്. മറ്റെല്ലാം അപ്രധാനമാണ്. ഭാരതത്തിന്റെ സവിശേഷത ധര്‍മ്മമാണ്. ഈ രാഷ്‌ട്രത്തിന്റെ പ്രാണന്‍ ധര്‍മ്മമാണ്, ഭാഷ ധര്‍മ്മമാണ്. അതില്ലാതായാല്‍ എന്റെ ചങ്ങാതി! നിങ്ങളുടെ എല്ലാ പ്രവൃത്തികളും വിഫലമാണ്” സ്വാമി വിവേകാനന്ദന്റെ വാക്കുകളാണിത്.

ധര്‍മ്മ രക്ഷയ്‌ക്കായ് ദക്ഷിണേന്ത്യയില്‍ പിറവിയെടുത്ത രണ്ടു മഹാത്മാക്കളാണല്ലോ തിരുവള്ളുവരും ശ്രീനാരായണ ഗുരുദേവനും. ശങ്കരാചാര്യര്‍, എഴുത്തച്ഛന്‍, ചട്ടമ്പിസ്വാമികള്‍, വിവേകാനന്ദ സ്വാമികള്‍ തുടങ്ങിയ ധര്‍മ്മസംരക്ഷകരായ ആചാര്യന്മാര്‍ ചെയ്തത് ഇതുതന്നെയാണ്. പ്രാദേശിക ഭാഷയില്‍ രചിച്ച ആദ്യത്തെ ധര്‍മ്മശാസ്ത്രം തിരുവള്ളുവരുടെ തിരുക്കുറലാണ്. തമിഴ് വേദമെന്നറിയപ്പെടുന്ന ഈ കൃതി 133 അധ്യായങ്ങളും 1330 കുറളും അടങ്ങുന്നതാണ്. ആത്മീയതയുടെ അടിസ്ഥാനത്തിലുള്ള ധാര്‍മ്മികതയാണ് തിരുവള്ളുവര്‍ ഇതില്‍ പ്രതിപാദിക്കുന്നത്. ധര്‍മ്മം, അര്‍ത്ഥം, കാമം, മോക്ഷം എന്നീ തത്ത്വങ്ങള്‍ പ്രതിപാദിക്കുന്നു. തമിഴ് മാമറയെന്നാണ് തിരുക്കുറളിന് പ്രസിദ്ധി. ദൃശ്യപ്രപഞ്ചത്തില്‍ മറഞ്ഞിരിക്കുന്ന ചൈതന്യത്തെ പ്രതിപാദിക്കുന്നതിനാലാണ് മാമറെന്ന് വിളിക്കുന്നത്.

ധര്‍മ്മ രക്ഷയ്‌ക്ക് അവതാരം കൈക്കൊണ്ട ശ്രീനാരായണ ഗുരുദേവന്‍ ധര്‍മ്മശാസ്ത്രത്തെ ആറ്റിക്കുറുക്കി നാല് വരികളില്‍ ഇങ്ങനെയാണ് പ്രതിപാദിച്ചത്.

ധര്‍മ്മമേവ പരം ദൈവം
ധര്‍മ്മമേവ മഹാധനം
ധര്‍മ്മ സര്‍വത്ര വിജയീ
ഭവതു ശ്രേയസേ നൃണാം.

മലയാളം, സംസ്‌കൃതം, തമിഴ് എന്നീ ഭാഷകളിലായി 64 കൃതികള്‍ ഗുരുദേവന്‍ രചിച്ചത് ധര്‍മ്മം എന്തെന്ന് വ്യാഖ്യാനിക്കാനാണ്. അക്കൂട്ടത്തില്‍ ശ്രീനാരായണ ധര്‍മ്മം എന്ന സംസ്‌കൃത കൃതി ആധുനിക കാലത്തെ ധര്‍മ്മശാസ്ത്ര ഗ്രന്ഥമാണ്. ”പുതിയൊരു ധര്‍മ്മം പുലരട്ടെ”, ‘നിന്‍ തിരുമൊഴികള്‍ ജയിക്കട്ടെ ‘ എന്ന് വയലാര്‍ പാടിയത് ഇതാണ്.
സത്യത്തിനും ധര്‍മ്മത്തിനും എതിരായവരെ ഗുരു ഉപദേശിച്ചത് ഇപ്രകാരമാണ്.

ധര്‍മ്മം ജയിക്കുന്നു, സത്യം ജയിക്കുന്നു സര്‍വദാ,
അധര്‍മ്മവും ജയിക്കുന്നില്ല, അസത്യവും ഒരിക്കലും.

സനാതന ധര്‍മ്മത്തെ ഉറപ്പിക്കാന്‍ തിരുക്കുറളിലെ നാല് അധ്യായങ്ങള്‍ ഗുരു മലയാളത്തിലേക്ക് ( 40 കുറളുകള്‍) മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
1 ഈശ്വരസ്തുതി ( കടവുള്‍ വാഴ്‌ത്ത്) .
2 വര്‍ഷാ വര്‍ണന (വാന്‍ചിറപ്പ്) ,
3 സംന്യാസി മഹിമ (നീത്താര്‍ പെരുമൈ).
4 ഭാര്യാ ധര്‍മ്മം (ഗൃഹിണീത്വം).
തപസ് ( തവം), ആത്മജ്ഞാനം
(മെയ് ഉണര്‍ത്തല്‍), ത്യാഗം (തുറവ്). അഹിംസ, ക്രോധമില്ലായ്മ, സംന്യാസം ( തുറവറം) സത്യനിഷ്ഠ (വായ്‌മൈ) ഇങ്ങനെയാണ് മറ്റ് അധ്യായങ്ങളുടെ പേരുകള്‍.

തമിഴ് ജനതയുടെ ജീവിതത്തെ ആഴത്തില്‍ സ്വാധീനിച്ചതാണ് തിരുക്കുറള്‍. മതപരിവര്‍ത്തനത്തിന് ഭാരതത്തിലെത്തിയ മിഷണറിമാര്‍ ഇതറിഞ്ഞു കൊണ്ടാണ് ഇതിനെ പിന്‍പറ്റി തികച്ചും തെറ്റായ വിവരങ്ങള്‍ നല്‍കിയത്. ആധ്യാത്മികമായ ഒന്നുമില്ല, ദൈവത്തെക്കുറിച്ച് വള്ളുവര്‍ പറയുന്നില്ല. ഇതൊരു മതേതര ഗ്രന്ഥമാണ്. ഹിന്ദുക്കളുമായിട്ടോ ഉപനിഷത്ത്, ധര്‍മ്മശാസ്ത്രം എന്നിവയുമായോ ഒരു തരത്തിലും ബന്ധമില്ല. ഇങ്ങനെ പറഞ്ഞാണിവര്‍ ദീര്‍ഘകാലമായി തമിഴ് ജനതയെ തെറ്റിദ്ധരിപ്പിച്ചത്. മതപരിവര്‍ത്തനം വിഭജനം ഈ തന്ത്രമായിരുന്നു അതിന്റെ ലക്ഷ്യം.

”തമിഴ് ഭാഷയും, അതിലെ ഏറ്റവും ഉല്‍കൃഷ്ട കൃതിയായ തിരുക്കുറള്‍ പഠിച്ചതും ബൃഹത്തായ പഠനം തയ്യാറാക്കിയതും തമിഴ്‌നാട്ടിലെ ജനങ്ങളെ മതപരിവര്‍ത്തനം ചെയ്യാനാണ്’. ഇതിന് നേതൃത്വം നല്‍കിയ ജി.യു.പോപ്പ് പറഞ്ഞ വാചകമാണിത്. ഹൈന്ദവ ആശയങ്ങളുമായി യാതൊരു ബന്ധമില്ലാത്ത തിരുക്കുറളിന്റെ കര്‍ത്താവായ തിരുവള്ളുവര്‍ ക്രിസ്തുവിന്റെ അനുയായിയാണ്. പില്‍ക്കാലത്ത് തമിഴ് നാട്ടില്‍ വന്ന എല്ലാ മിഷണറി പ്രവര്‍ത്തകരും ഇത് ആവര്‍ത്തിച്ചു. തിരുഖുറാന്‍ എന്നാണ് മുസ്ലിം വിഭാഗം അവകാശവാദം ഉന്നയിച്ചത്. തങ്ങളുടെ രാഷ്‌ട്രീയ ലക്ഷ്യം നേടിയെടുക്കാന്‍ ദ്രാവിഡവാദികള്‍ ഈ ആഖ്യാനതന്ത്രം ഏറ്റെടുത്തു. അവരാകട്ടെ ദ്രാവിഡ ആശയങ്ങള്‍ കൂടി ചേര്‍ത്തു. ഇതൊരു മതേതര ഗ്രന്ഥമാണ്, മോക്ഷത്തിന്റെ കാര്യവും ഈശ്വരനെ കുറിച്ചും ഇതില്‍ പറയുന്നില്ല. എന്നിങ്ങനെയുള്ള പ്രചാരണം നടത്തി. ഭരണത്തിന്റെ പിന്‍ബലത്തില്‍ പാഠപുസ്തകങ്ങളിലും മറ്റ് പ്രസിദ്ധീകരണങ്ങളിലും എളുപ്പത്തില്‍ ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തി.

ഇങ്ങനെയുള്ള ആശയങ്ങള്‍ ഇംഗ്ലീഷിലും മറ്റ് ദക്ഷിണേന്ത്യന്‍ ഭാഷകളിലും സര്‍ക്കാരിന്റെ ചെലവില്‍ പ്രചരിപ്പിച്ചു. സാഹിത്യ അക്കാദമിക്ക് വേണ്ടി മു.വരദരാജന്‍ തയ്യാറാക്കിയ ”തമിഴ് സാഹിത്യ ചരിത്രം”, എസ്. മഹാരാജന്റെ ”തിരുവള്ളുവര്‍” എന്നീ കൃതികളും, കരുണാനിധിയുടെ ”തിരുക്കുറള്‍” പഠനവും നോക്കിയാല്‍ ഇക്കാര്യം മനസിലാകും. ഈശ്വരസ്തുതി എന്ന അധ്യായത്തില്‍ ഈശ്വരനെന്ന പദം എവിടെയും കാണുന്നില്ലെന്നും, അതുകൊണ്ട് ഈശ്വര സ്തുതി എന്നതിന് വഴിപാട് എന്നാണ് കരുണാനിധി അര്‍ഥം കൊടുക്കുന്നത്. ആദി പകവന്‍ എന്ന പദത്തോട് കൂടിയാണ് തിരുക്കുറല്‍ ആരംഭിക്കുന്നത്. അതിലെ പത്ത് കുറളുകളിലും ഈശ്വരനെ കുറിച്ചാണ് പറയുന്നത്. ശ്രീനാരായണ ഗുരുവിന്റെ ഈശ്വരസ്തുതി എന്ന മൊഴിമാറ്റം നോക്കിയാല്‍ ശരിയായ അര്‍ത്ഥം മനസിലാകും.

പല അധ്യായങ്ങളിലും ഈശ്വരനെ സ്തുതിക്കുകയും , യോഗിമാരെയും ഈശ്വരനെയും ആത്മീയതയേയും ഇതില്‍ വിവരിക്കുന്നുമുണ്ട്. ഇതെല്ലാം മറച്ചു വെച്ചാണ് ദ്രാവിഡ വാദികള്‍ തെറ്റായ വിവരണം നല്‍കുന്നത്. പരുമേലഴകനെ പോലുള്ള എത്രയോ മഹാന്മാര്‍ തിരുക്കുറളിന് വ്യാഖ്യാനം എഴുതിയിട്ടുണ്ട്. എന്നാല്‍ അതൊന്നും ശരിയല്ല. ഞാന്‍ എഴുതുന്ന വ്യാഖ്യാനമാണ് ശരി എന്ന് പറഞ്ഞുകൊണ്ടാണ് കരുണാനിധിയുടെ പുസ്തകം അവതരിപ്പിക്കുന്നത്. ഐഎഎസുകാര്‍ അടക്കം 10 പേര്‍ ഇതിന്റെ പ്രസിദ്ധീകരണത്തിന് മാര്‍ഗ്ഗദര്‍ശനം നല്‍കിയെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ തിരുക്കുറളിന്റെ ഉള്ളടക്കവുമായി യാതൊരു ബന്ധവുമില്ലാത്ത പല കാര്യങ്ങള്‍ ഇതില്‍ പറയുന്നുണ്ട്. കവി എസ്. രമേശന്‍ നായര്‍, ചന്ദ്രശേഖരന്‍ നായര്‍, അയ്യപ്പന്‍ കരിയാത്ത് എന്നിവര്‍ തിരക്കുറളിന് മലയാളത്തില്‍ മൊഴിമാറ്റവും വിവരണവും നല്‍കിയിട്ടുണ്ട്. ഇതിലേതെങ്കിലും ഒരു കൃതി വായിച്ചാല്‍ മതി ദ്രാവിഡവാദികളുടെ പൊള്ളത്തരം മനസ്സിലാക്കാന്‍.

കേന്ദ്ര സര്‍ക്കാരിന്റെ പണം ഉപയോഗിച്ച് കേന്ദ്ര സാഹിത്യ അക്കാദമി വിവിധ ഭാഷകളില്‍ പ്രസിദ്ധീകരിച്ചതാണ് തിരുവള്ളുവര്‍ എന്ന പുസ്തകം.

പ്ലേറ്റോ, അരിസ്റ്റോട്ടില്‍, കണ്‍ഫ്യൂഷ്യസ് എന്നിവരുടെ പാതയിലൂടെയാണ് തിരുവള്ളുവര്‍ ചലിച്ചിരുന്നത് എന്നാണ് മേനി പറയുന്നത്. സംസ്‌കൃത പാരമ്പര്യവുമായി ബന്ധമൊന്നുമില്ലാത്ത സ്വതന്ത്രമായ തമിഴ് സങ്കല്പമാണ് തിരുവള്ളുവര്‍ സ്വീകരിച്ചതത്രെ!. അതില്‍ പറയുകയാണ്. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളെ അടിസ്ഥാനമാക്കിയല്ല തിരുക്കുറള്‍ എഴുതിയിട്ടുള്ളത്. ധര്‍മ്മശാസ്ത്രങ്ങളില്‍ കാണപ്പെടുന്ന ധര്‍മ്മമല്ല ഇതിലുള്ളത്. സംസ്‌കൃതത്തിലെ കാമശാസ്ത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് ഇതിലെ കാമത്തുപാല്‍. സാമ്പത്തികമായൊരു അടിത്തറയുണ്ടെന്ന മാര്‍ക്‌സിസ്റ്റ് സിദ്ധാന്തമാണ് തിരുവള്ളുവര്‍ പറയുന്നത്. കാള്‍ മാര്‍ക്‌സിനെയും നീഷയെയും സാര്‍ത്രിനേയും പോലെ തിരുവള്ളുവരും അസ്തിത്വവാദി ആയിരുന്നു. ജീവിതാനുഭവമുള്ള അറിവ് മാത്രമേ പ്രയോജനമുള്ളൂ എന്ന് അവരെപ്പോലെ തിരുവള്ളുവരും വിശ്വസിച്ചു. കര്‍മ്മം പ്രപഞ്ചനീതിയുടെ ഭാഗമാണെന്ന ശുഷ്‌കവും നിര്‍വികാരവുമായ വാദമാണ് ഭഗവത്ഗീത മുന്നോട്ടുവെക്കുന്നത്. ബുദ്ധമതത്തിലും ഭഗവത്ഗീതയിലും ജീവിതത്തെ നിഷേധിക്കുന്ന ചിന്താഗതിയാണുള്ളത്. ജീവിതത്തെ അംഗീകരിക്കുന്ന സങ്കല്പമാണ് തിരുക്കുറളിലുള്ളത്. തിരുവള്ളുവര്‍ പുതിയൊരു ദര്‍ശനം കണ്ടെത്തുക മാത്രമല്ല അത് ശില്പഭംഗിയുള്ള കവിതയിലൂടെ അവതരിപ്പിക്കുകയും ചെയ്തു. ഇത്രയും ശക്തിയുള്ള കവിത മാറ്റൊരു ഭാഷയിലും രചിച്ചിട്ടില്ല”.

ഈ പ്രസ്താവനകള്‍ എഴുതിയ ആളിന്റെ രാഷ്‌ട്രീയ താല്പര്യം എന്തെന്ന് വ്യക്തമാണ്. തലമുറയെ വഴിതെറ്റിക്കുന്ന ഇത്തരം പുസ്തകങ്ങള്‍ സര്‍ക്കാരിന്റെ ചെലവില്‍ പ്രസിദ്ധീകരിക്കുന്നത് രാജ്യത്തിന്റെ അഖണ്ഡതയെ തകര്‍ക്കുന്നതാണ്. ഇത് പുനഃപരിശോധിക്കണം.

മനുവിന്റെ ധര്‍മശാസ്ത്രത്തിന്റെയും കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിന്റേയും, വാത്സ്യായനന്റെ കാമശാസ്ത്രത്തിന്റെയും, ഭരതമുനിയുടെ നാട്യശാസ്ത്രത്തിന്റെയും സാരമാണ് തിരുവള്ളുവര്‍ തമിഴ് ഭാഷയില്‍ തിരുക്കുറളില്‍ എഴുതിവെച്ചിരിക്കുന്നത്. സംസ്‌കൃത തമിഴ് പണ്ഡിതനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ തമിഴ്‌നാട് ഘടകത്തിന്റെ ഡയറക്ടറുമായിരുന്നു ഡോ. ആര്‍. നാഗസ്വാമി ആധികാരികമായ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ഇക്കാര്യം പല വേദികളിലും അവതരിപ്പിച്ചതാണ്. പിന്നീടിതൊരു പുസ്തകമായി പ്രസിദ്ധീകരിച്ചു. (Thirukkural an Abridgment of sastras).

അധികാരത്തിന്റെ പിന്‍ബലത്തില്‍ ദീര്‍ഘകാലമായി പ്രചരിപ്പിച്ചിരുന്ന പൊള്ളയായ ദ്രാവിഡവാദങ്ങളെ നിഷ്ഫലമാക്കുന്നതാണ് ഈ രചന. ഇതില്‍ കുപിതരായ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെ സര്‍ക്കാര്‍ രാജ്യം പത്മഭൂഷണ്‍ അടക്കമുള്ള ഉന്നത ബഹുമതി നല്‍കി ആദരിച്ച ജ്ഞാനവൃദ്ധനും വയോവൃദ്ധനുമായ അദ്ദേഹത്തെ പല സ്ഥാനങ്ങളില്‍ നിന്നും വിലക്കുകയും ആക്ഷേപിക്കുകയും ചെയ്തു. കരുണാനിധി എഴുതി വെച്ചിരിക്കുന്നത് മാത്രം വായിക്കുകയും പറയുകയും ചെയ്യുക എന്ന തിട്ടൂരത്തെ ചോദ്യം ചെയ്യാന്‍ ഇന്നും തമിഴ് നാട്ടില്‍ ആര്‍ക്കും കഴിയില്ല. സംസ്‌കൃത വിരോധം, ഉത്തരേന്ത്യന്‍ വിരോധം, ഹിന്ദിവിരോധം, ബ്രാഹ്മണ വിരോധം, ഹൈന്ദവ ധര്‍മ്മ വിരോധം എന്നിവ അവരുടെ മുഖമുദ്രയാണ്. ഇതിന്റെ പ്രതിഫലനമാണ് മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍ സനാതന ധര്‍മ്മത്തെ അനുസരിച്ച് ജീവിക്കുന്നവരെ ഇല്ലായ്മ ചെയ്യാന്‍ ആഹ്വാനം ചെയ്തത്. ഭരണഘടന കത്തിച്ച രാമസ്വാമി നായ്‌ക്കരുടെ നേതൃത്വത്തില്‍ നടന്ന കുപ്രസിദ്ധമായ ഹിന്ദി വിരുദ്ധ കലാപങ്ങളില്‍ പൊലിഞ്ഞത് ഒട്ടേറെ നിരപരാധികളാണ്. ദ്രാവിഡസ്ഥാന്‍ എന്ന ഇവരുടെ വിഭജന മുറവിളിയാണ് തമിഴ് തീവ്രവാദത്തിലേക്കും പതിനായിരങ്ങളെ കൊലക്ക് കൊടുത്തതിലേക്കും നയിച്ചത്. രാജീവ് ഗാന്ധിയുടെ വധത്തിലേക്ക് നയിച്ചതും ഈ വിഘടനവാദമാണ്.

ഇതിന്റെ തനിയാവര്‍ത്തനമാണ് കേരളത്തില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ദീര്‍ഘകാലമായി നടത്തിക്കൊണ്ടിരിക്കുന്നത്. ബുദ്ധമതം ഹിന്ദുമതത്തിന് എതിരായി വന്നതാണ്. ശ്രീശങ്കരന്റെ ശത്രുവാണ് ഗുരുദേവന്‍, ശ്രീനാരായണ ഗുരുദേവന്‍ ഹിന്ദുവല്ല, സംന്യാസിയല്ല, ഗുരുദേവന്‍ അമ്പലം പ്രതിഷ്ഠിച്ചിട്ടില്ല, അതുകൊണ്ട് ഈഴവര്‍ അമ്പലത്തില്‍ പോകരുത്. ഇങ്ങനെയുള്ള സത്യവിരുദ്ധമായ വായ്‌ത്താരികള്‍ നിരന്തരം നടത്തുന്നത് ഏറിവരികയാണ്. മതതീവ്രവാദ ഏജന്റുമാരുടെ സഹായത്തോടെ പവിത്രമായ ശിവഗിരിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇപ്പോള്‍ അവര്‍ നീങ്ങുന്നത്. കാവിയുടുത്ത സംന്യാമാരെ മുന്നിലിരുത്തി കാവിയേയും സംന്യാസത്തേയും അധിക്ഷേപിക്കുക. ഗുരുദേവന്‍ പറഞ്ഞ സനാതന ധര്‍മ്മം അശ്ലീലമാണെന്ന് പറയുക. ഇതെല്ലാം കേരളത്തിലെ സമാധാന അന്തരീക്ഷത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ഭരണകൂടത്തിന്റെ അടവുനയങ്ങളാണ്. ഇതിനെതിരെ മാ നിഷാദകള്‍ ഉയരേണ്ടതുണ്ട്.

ദൈവത്തേയും ധര്‍മ്മത്തേയും അറിവിനെയും അറിവില്ലാത്തവരില്‍ നിന്നും മോചിപ്പിച്ച് പുനഃപ്രതിഷ്ഠ നടത്തിയ യുഗപുരുഷന്മാരായ, അനുകമ്പാശാലികളായ തിരുവള്ളുവരേയും ശ്രീനാരായണഗുരുദേവനേയും നമുക്ക് മാതൃകയാക്കാം.

(സംസ്‌കൃത ഭാഷാ ഉന്നതാധികാര സമിതിയംഗം (വിദ്യാഭ്യാസ മന്ത്രാലയം) ആണ് ലേഖകന്‍)

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക