ന്യൂദെൽഹി:ദെൽഹി നിയമസഭ തിരഞ്ഞെടുപ്പിലും ആർഎസ്എസ് റോൾ ചർച്ച ചെയ്യുകയാണ് ദേശീയ മാധ്യമങ്ങൾ. ഹരിയാനയിലും മഹാരാഷ്‌ട്രയിലും നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ ശക്തമായ ഭരണ വിരുദ്ധ വികാരമുണ്ടായിട്ടും ബിജെപിക്ക് വൻ വിജയം നേടിക്കൊടുത്തതിന് പിന്നിൽ രാഷ്‌ട്രിയ സ്വയംസേവക സംഘത്തിന്റെ ആസൂത്രിതമായ ഇടപെടലായിരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ നടത്തിയ വിശകലനം.
ആർഎസ്എസ് വളണ്ടറിയർമാർ നൂറുകണക്കിനാളുകൾ സംസ്ഥാനത്ത് സാമൂഹിക ഗ്രൂപ്പുകളുമായും പ്രൊഫഷണലുകളുമായി കൂടിക്കാഴ്‌ച്ച നടത്തുമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. ആർഎസ്എസും അതിന്റെ അനുബന്ധ സംഘടനകളും ചേർന്ന് സംസ്ഥാനത്ത് നൂറ് കണക്കിന് യോഗങ്ങൾ സംഘടിപ്പിക്കും. ചെറുകിട, സൂക്ഷ്മ, ഇടത്തരം സംരഭകരെ പ്രതിനിധീകരിക്കുന്ന ലഘു ഉദ്യോഗ് ഭാരതി വ്യാപാരികളെയും സംരഭകരെയും രാഷ്‌ട്രസേവിക സമിത വനിത വോട്ടർമാരെയും സേവാഭാരതി സമൂഹത്തിൽ പിന്നാക്കം നിൽക്കുന്നവരെയും കണ്ട് സംവദിക്കും. അനധികൃത കുടിയേറ്റം സംബന്ധിച്ചും ചർച്ചകൾ നടത്തും. ഹിന്ദുസ്ഥാൻ ടൈംസ് വ്യക്തമാക്കുന്നു.
ഡൽഹി സംസ്ഥാനത്ത് ആകെ 50,000 യോഗങ്ങളാണ് ആർഎസ്എസ് ആസൂത്രണം ചെയ്തിട്ടുള്ളതെന്നാണ് ദി സൺഡേ ഗാർഡിയൻ പത്രം വെളിപ്പെടുത്തിയത്. ഇതിനായി ആർഎസ്എസ് – ബിജെപി സംയുക്ത യോഗം നടന്നതായാണ് പത്രത്തിന്റെ റിപ്പോർട്ട്. ബിജെപി ഭാഗത്ത് നിന്ന് വീരേന്ദ്ര സച്ച്ദേവ, ബൈജയന്ത് പാണ്ഡെ, ഹർഷ് മൽഹോത്ര എം പി എന്നിവരും ആർഎസ്എസ് ചുമതലയുള്ള ജതിൻ, വിശാൽ, ദയാനന്ദ്, അനിൽ ഗുപ്ത എന്നിവരും പങ്കെടുത്തതായി പത്രം വിശദീകരിക്കുന്നു. ഡൽഹിയിലെ 13,000 ബൂത്തുകളിൽ നാലോളം യോഗങ്ങൾ സംഘടിപ്പിക്കാനാണ് പദ്ധതി. ഓരോ യോഗത്തിലും എട്ട് മുതൽ 15 വരെ ആളുകൾ പങ്കെടുക്കും.
വികസനം, പരിസ്ഥിതി, സമ്മതിദാനാവകാശം വിനിയോഗിക്കൽ തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി നഗരത്തിൽ ആയിരക്കണക്കിന് ചെറിയ മീറ്റിംഗുകൾ സംഘടിപ്പിച്ച് അതിലൂടെ ബിജെപി ക്കനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കാനാണ് പദ്ധതിയെന്ന് എഎൻഐ ഏജൻസി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. നേരിട്ടുള്ള ഇടപെടലിന് പകരം കമ്യൂണിറ്റി മീറ്റിംഗ് സംഘടിപ്പിക്കുകയാണ് പദ്ധതിയെന്നാണ് എഎൻഐ റിപ്പോർട്ടിൽ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: