കണ്ണൂര്‍: ജയില്‍ പെരിയ കുറ്റവാളികള്‍ക്ക് ‘സ്വര്‍ഗലോകം പോലെ’ യാണെന്ന് സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയ ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍ പ്രതികരിച്ചു. സിപിഎമ്മെന്നാല്‍ എന്തുമാകാമെന്നും കുറ്റവാളികളെ സംരക്ഷിക്കുന്ന സിപിഎം രീതി നാടിനെ ഭയപ്പെടുത്തുന്നുവെന്നും സത്യനാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
സിപിഎമ്മിന് ഇനിയും തിരിച്ചറിവായിട്ടില്ലെന്നും കുറ്റവാളികളെ കൈകാര്യം ചെയ്യുന്നത് സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തവരെ എന്നപോലെയാണെന്നും കൃപേഷിന്റെ അച്ഛന്‍ കൃഷ്ണന്‍ പറഞ്ഞു. പ്രതികള്‍ക്ക് പിന്തുണ അറിയിക്കാന്‍ പി. ജയരാജന്‍ ജയിലില്‍ എത്തിയതിനും പ്രതികളെ സന്ദര്‍ശിച്ചതിനും പിന്നാലെയാണീ പ്രതികരണങ്ങള്‍.
ഇന്നലെ പെരിയ ഇരട്ടക്കൊലപാതക കേസിലെ കുറ്റവാളികള്‍ക്ക് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് സിപിഎം സ്വീകരണമൊരുക്കിയിരുന്നു. എതിര്‍പക്ഷ രാഷ്‌ട്രീയക്കാരായ രണ്ടുപേരെ കൊന്നുതള്ളിയതിന് കോടതി ജീവപര്യന്തം തടവ് ശിക്ഷിച്ച മുന്‍ എംഎല്‍എ ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കളെ സ്വീകരിക്കാനും മുദ്രാവാക്യം മുഴക്കി അഭിവാദ്യം ചെയ്യാനും ജയില്‍ ഉപദേശക സമിതി അംഗവും മുതിര്‍ന്ന സിപിഎം നേതാവുമായ പി. ജയരാജനും ജയിലിനു മുന്നില്‍ ഉണ്ടായിരുന്നു. കൊലക്കേസിലെ കുറ്റവാളികള്‍ക്ക് പാര്‍ട്ടി നല്കിയ വന്‍ സ്വീകരണം വിവാദമായിക്കഴിഞ്ഞു.
കുറ്റവാളികളെ തൃശ്ശൂര്‍ ജയിലില്‍നിന്നാണ് കണ്ണൂരിലെത്തിച്ചത്. പി. ജയരാജന്‍ അതിന് 10 മിനിട്ടുമുമ്പുവരെ ജയിലില്‍ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് വേണ്ട ഉപദേശങ്ങള്‍ നല്കി കൊലക്കുറ്റവാളികള്‍ക്ക് വേണ്ടുന്നതെല്ലാം ഉറപ്പാക്കി. പിന്നീടാണ് പാര്‍ട്ടി അണികള്‍ക്കൊപ്പം ചേര്‍ന്ന് മുദ്രാവാക്യം വിളിച്ച് കുറ്റവാളികളെ അഭിവാദ്യം അര്‍പ്പിച്ചത്.
കോടതിവിധി അന്തിമമല്ലെന്ന് വിമര്‍ശിക്കുയും ജയില്‍ കാണിച്ച് കമ്യൂണിസ്റ്റുകളെ ഭീഷണിപ്പെടുത്തേണ്ടെന്ന് വീമ്പിളക്കുകയും ചെയ്ത ജയരാജന്‍ ജയില്‍ ഉപദേശക സമിതി അംഗം എന്ന പദവിയില്‍ കുറ്റവാളികളെ ജയിലില്‍ കടന്ന് കണ്ടു. അഞ്ച് പേരെ കണ്ട് ചര്‍ച്ച നടത്തിയെന്നും സ്വന്തം രചനയായ പുസ്തകം സമ്മാനിച്ചെന്നും ജയരാജന്‍ വെളിപ്പെടുത്തി. കോടതിവിധി അന്തിമമല്ല, കമ്യൂണിസ്റ്റുകാരെ തടവറ കാണിച്ച് പേടിപ്പിക്കേണ്ട.
സിപിഎമ്മുകാര്‍ കൊല്ലപ്പെടുമ്പോള്‍ മാധ്യമങ്ങളുടെ ധാര്‍മിക ബോധം കാശിക്കുപോയോ. കമ്യൂണിസ്റ്റുകാര്‍ കൊല്ലപ്പെടേണ്ടവരാണന്നാണോ ധാരണ, ജയരാജന്‍ ചോദിച്ചു. പ്രതികളെ ജയിലിലെത്തിക്കുന്ന സമയം മുദ്രാവാക്യം വിളികളുമായി സിപിഎമ്മുകാര്‍ ജയിലിന് പുറത്തുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: