സിഡ്നി: ബോര്‍ഡര്‍-ഗാവസ്കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റ് അക്ഷരാര്‍ത്ഥത്തില്‍ ബൗളര്‍മാര്‍ തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമായി. ആദ്യദിനത്തില്‍ ഭാരത ബാറ്റര്മാര്ക്കേറ്റ കനത്ത പ്രഹരത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കിക്കൊണ്ട് ഭാരത ബൗളര്‍മാര്‍ മത്സരം കടുപ്പിച്ചിരിക്കുകയാണ്. ഭാരതം നേടിയ 185 റണ്‍സിനെതിരെ ഇറങ്ങിയ ആതിഥേയരെ 181 റണ്‍സില്‍ തീര്‍ത്തുകൊണ്ടാണ് ഇന്നലെ മറുപടി നല്‍കിയത്. നാല് റണ്‍സിന്റെ ലീഡ് ഇന്ത്യക്ക്്. രണ്ടാം ഇന്നിങസ് ബാറ്റിങ് ആരംഭിച്ച ഭാരതം ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സെന്ന നിലയില്‍ ബാറ്റിങ് തകര്‍ച്ചയെ നേരിടുകയാണ്്. രവീന്ദ്ര ജഡേജയും(എട്ട്) വാഷിങ്ടണ്‍ സുന്ദറും(ആറ്)ക്രീസില്‍. ഇന്ത്യക്ക് ഇപ്പോള്‍ 145 റണ്‍സിന്റെ ഓവറോള്‍ ലീഡാണുള്ളത്.
കഴിഞ്ഞ നാല് ടെസ്റ്റിലും ഭാരത ബാറ്റര്‍മാര്‍ കുറ്റപ്പെടുത്തലുകള്‍ക്ക് ഇരയാകേണ്ടി വന്നു. പക്ഷെ സിഡ്നിയിലെ പിച്ചില്‍ ആദ്യദിനം സ്ട്രൈക്ക് ചെയ്യുന്ന ഓരോ ബാറ്റര്‍ക്ക് നേരെയും വന്നുകൊണ്ടിരുന്നത് വെടിയുണ്ടകളായിരുന്നു. പ്രത്യേകിച്ച് പേസര്‍മാര്‍ ഉഗ്രരൂപം പ്രാപിക്കുന്ന കാഴ്ച്ചയിലൂടെയാണ് കളി പുരോഗമിച്ചതും, ഇപ്പോള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്നതും. രണ്ടാം ദിനം ഈ മാരക സ്ഥിതിഗതിയോട് പടവെട്ടി ഋഷഭ് പന്ത് നടത്തിയ അര്‍ദ്ധസെഞ്ച്വറി പ്രകടനം ഇതുവരെയുള്ള മത്സരത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റായി. പിടിച്ചു നിന്ന് ഇന്നിങ്സ് പടുക്കുന്ന സാമ്പ്രദായിക ടെസ്റ്റ് രീതി ഇവിടെ പയറ്റാനാവില്ലെന്ന തിരിച്ചറിവില്‍ ഋഷഭ് നടത്തിയ സ്ട്രോക്ക് പ്ലേ അക്ഷരാര്‍ത്ഥത്തില്‍ ഓസീസ് കണക്കുകൂട്ടലുകള്‍ തെറ്റിക്കുന്നതായിരുന്നു. 33 പന്തുകളില്‍ ആറ് ബൗണ്ടറികളും നാല് സിക്സറും സഹിതം ഋഷഭ് നേടിയത് 61 റണ്‍സ്. രണ്ടാം ഇന്നിങ്സില്‍ യശസ്വി ജയ്സ്വാള്‍(22), കെ.എല്‍. രാഹുല്‍(13), ശുഭ്മാന്‍ ഗില്‍(13) എന്നിവര്‍ മാത്രമാണ് ഇതുവരെ രണ്ടക്കം കടന്ന മറ്റ് ബാറ്റര്‍മാര്‍. വിരാട് കോഹ്ലി വീണ്ടും നിരാശപ്പെടുത്തി. 12 പന്തില്‍ ആറ് റണ്‍സ് മാത്രം നേടിയ കോഹ്്ലി ഒരിക്കല്‍ക്കൂടി ബോളണ്ടിനു മുന്നില്‍ വീണു, സ്മിത്തിനു ക്യാച്ച്.
ഈ മത്സരത്തില്‍ ഭാരതത്തിന്റെ ഗതി നിശ്ചയിക്കുന്നത് വരാന്‍ പോകുന്ന രണ്ട് സെഷനുകളായിരിക്കും. രണ്ടാം ഇന്നിങ്സില്‍ കുറഞ്ഞത് 250 റണ്‍സിന് മേല്‍ എങ്കിലും ഭാരതത്തിന് സ്കോര്‍ ചെയ്യാന്‍ സാധിച്ചാല്‍ ആത്മവിശ്വാസത്തോടെ പ്രതിരോധിക്കാന്‍ സാധിക്കും. അതേസമയം, ഓസീസിനെതിരെ പത്ത് ഓവര്‍ മാത്രം എറിഞ്ഞ ബുംറ സ്കാന്നിങ്ങിന് വിധേയനായിട്ടുണ്ട്. അതിന്റെ ഫലം മത്സരത്തെ മാത്രമല്ല ടീമിനെയാകെ ബാധിച്ചേക്കാം. ബുംറയ്ക്ക് ഇന്ന് ബാറ്റ് ചെയ്യാനാകുമെങ്കിലും പന്തെറിയുന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
ആദ്യ ദിവസം ഓസീസ് ഓപ്പണര്‍ ഉസ്മാന് ഖവാജയെ ബുംറ പുറത്താക്കി നിര്‍ത്തിയ ഇടത്ത് നിന്നാണ് ഭാരതം ഇന്നലെ തുടങ്ങിയത്. കഴിഞ്ഞ ടെസ്റ്റില്‍ ഭാരത്തിനെതിരെ രണ്ട് ഇന്നിങ്സിലും അര്‍ദ്ധ സെഞ്ച്വറിയോടെ നിര്‍ണായക പോരാട്ടം കാഴ്ച്ചവച്ച മാര്‍നസ് ലാബൂഷെയ്നെ ബുംറ ആദ്യമേ പറഞ്ഞയച്ചു. എട്ട് പന്തില്‍ രണ്ട് റണ്‍സെടുത്ത ലാബൂഷെയ്നെ വിക്കറ്റ് കീപ്പര്‍ പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. ബുംറ പുറം വേദന കാരണം പന്ത് എറിയാതെ വന്നതോടെ പിച്ചിന്റെ ആനുകൂല്യം കൃത്യമായി മുതലെടുത്ത് അവസരത്തിനൊത്ത് ഉയരുന്ന മുഹമ്മദ് സിറാജിനെയും പ്രസിദ്ധ് കൃഷ്ണയെയും ആണ് പിന്നീട് കാണാനായത്. ഇരുവരും മൂന്ന് വിക്കറ്റ് വീതം നേടി. അപകടകാരിയായ സാം കോന്സ്റ്റാസിനെയും(23) ട്രാവിസ് ഹെഡിനെയും(നാല്) സിറാജ് പുറത്താക്കി. ഓസീസ് നാലിന് 39 എന്ന നിലിയില്‍ പരുങ്ങിയപ്പോള്‍ സ്റ്റീവന്‍ സ്മിത്തും പുതുമുഖമായി ഇറങ്ങിയ ബ്യൂ വെബ്സ്റ്ററും ചേര്‍ന്ന് ചെറുത്തു നിന്നു. ഓസീസ് സ്കോര്‍ 96ലെത്തിയപ്പോള്‍ സ്മിത്തിനെ(33) പുറത്താക്കി പ്രസിദ്ധ് വീര്യം കാട്ടി.
വെബ്സ്റ്ററിനൊപ്പം വീണ്ടുമൊരു കൂട്ടുകെട്ടിന് ശ്രമിച്ച അലെക്സ് കാരിയെ(21) ക്ലിന് ബൗള്‍ഡാക്കി പ്രസിദ്ധ് ഇന്നിങ്സിലെ തന്റെ രണ്ടാം വിക്കറ്റും നേടി. കഴിഞ്ഞ മത്സരത്തെ അനുസ്മരിപ്പിച്ച് പൊരുതിനില്ക്കാന് ശ്രമിച്ച ഓസീസ് നായകന് പാറ്റ് കമ്മിന്‍സിനെ(10) നിതീഷ് റെഡ്ഡി പുറത്താക്കി.
ചെറുത്തു നിന്ന വെബ്സ്റ്ററിന്റെ അര്‍ദ്ധസെഞ്ച്വറി പ്രകടനമാണ്(57) ഓസീസ് ഇന്നിങ്സിന്റെ ദൈര്‍ഘ്യം അല്‍പ്പമെങ്കിലും നീട്ടിയത്. ഒമ്പതാമനായി പുറത്തായ വെബ്സ്റ്ററിന്റെ വിക്കറ്റ് പ്രസിദ്ധ് ആണ് നേടിയത്. അവസാന വിക്കറ്റില്‍ 15 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയ നെഥാന്‍ ലയണ്‍-സ്കോട്ട് ബോളണ്ട് കൂട്ടുകെട്ട് പൊളിച്ച് മുഹമ്മദ് സിറാജ് ഭാരതത്തിന് നാല് റണ്‍സിന്റെ ആദ്യ ഇന്നിങ്സ് ലീഡ് സമ്മാനിച്ചു. ബോളണ്ടിനെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: