ന്യൂദൽഹി : ഗുർപത്‌വന്ത് സിംഗ് പന്നൂന്റെ നേതൃത്വത്തിലുള്ള സിഖ്‌സ് ഫോർ ജസ്റ്റിസിനെ (എസ്എഫ്‌ജെ) അഞ്ച് വർഷത്തേക്ക് നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിച്ച കേന്ദ്രത്തിന്റെ ജൂലൈ 8 ലെ വിജ്ഞാപനം നിയമവിരുദ്ധ പ്രവർത്തന (പ്രിവൻഷൻ) ആക്‌ട് (യുഎപിഎ) ട്രിബ്യൂണൽ സ്ഥിരീകരിച്ചു. ദൽഹി ഹൈക്കോടതിയിലെ ജസ്റ്റിസ് അനൂപ് കുമാർ മെൻദിരത്തയുടെ നേതൃത്വത്തിലുള്ള ട്രിബ്യൂണൽ എസ്എഫ്‌ജെയ്‌ക്കെതിരായ കേന്ദ്രത്തിന്റെ തെളിവുകൾ സത്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സ്ഥിരീകരിച്ചത്.
സോഷ്യൽ മീഡിയ വഴി യുവാക്കളെ റിക്രൂട്ട് ചെയ്യുക, തീവ്രവാദത്തിൽ ചേർക്കുക, ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും വാങ്ങാൻ കള്ളക്കടത്ത് ശൃംഖലയിലൂടെ തീവ്രവാദത്തിന് ധനസഹായം നൽകുക, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉൾപ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കൾക്കെതിരെ വധഭീഷണി മുഴക്കുക, സിഖ് സൈനികർക്കിടയിൽ കലാപമുണ്ടാക്കാൻ ശ്രമിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ തെളിവുകളായി ഉയർത്തിക്കാട്ടിയായിരുന്നു സ്ഥിരീകരണം.
ഇതിനു പുറമെ പ്രത്യേകിച്ച് ബബ്ബർ ഖൽസ ഇൻ്റർനാഷണൽ ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര ഖാലിസ്ഥാനി തീവ്രവാദികളുമായും വിഘടനവാദ ഗ്രൂപ്പുകളുമായും എസ്എഫ്‌ജെയുടെ ബന്ധങ്ങളും തെളിവിന് കൂടുതൽ ശക്തി പകർന്നു. കൂടാതെ പാക്കിസ്ഥാന്റെ ഐഎസ്ഐയുമായുള്ള എസ്എഫ്‌ജെയുടെ ബന്ധവും പഞ്ചാബിലെ തീവ്രവാദം പുനരുജ്ജീവിപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളും ട്രിബ്യൂണൽ ചൂണ്ടിക്കാട്ടുകയും ചെയ്തു.
ജൂലൈ 8 നാണ് ആഭ്യന്തര മന്ത്രാലയം എസ്എഫ്‌ജെയെ നിയമവിരുദ്ധ സംഘടനയായി പ്രഖ്യാപിക്കുന്നത്. മുമ്പ് 2019-ൽ എസ്എഫ്‌ജെയ്‌ക്ക് സമാനമായ നിരോധനം ഏർപ്പെടുത്തിയിരുന്നു. എസ്എഫ്‌ജെ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയ്‌ക്കും പൊതു ക്രമത്തിനും വിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: