തിരുവനന്തപുരം: മടക്കിവച്ച പുസ്തകത്തിനുമുകളിലെ ഏഴുവളയിട്ടകൈയില്‍ ഉയര്ന്നുനില്ക്കുന്ന വലംപിരിശംഖായി കലോത്സവവേദിയിലേക്കെത്തിയ 117.5 പവന്റെ സ്വര്‍ണക്കപ്പിന് തലസ്ഥാനം ഹൃദ്യമായ വരവേല്പൊരുക്കി. കലോത്സവ കപ്പിന്റെ 39-ാം വയസിലാണ് സ്വര്‍ണക്കപ്പ് നാലാംവട്ടവും തലസ്ഥാനത്തേക്കെത്തുന്നത്. ഇതിനുമുമ്പ് 1998 ലും 2009 ലും 2016 ലും തലസ്ഥാനം കണ്ട് മടങ്ങിയിരുന്നു. തലസ്ഥാനവാസിയായ ശില്പി ചിറയിന്‍കീഴ് ശ്രീകണ്ഠന്‍നായര്‍ക്കാകട്ടെ 82 ആയി പ്രായം.
1986 ല്‍ ആയിരുന്നു കലോത്സവ കപ്പിന്റെ ജനനം. എറണാകുളം മഹാരാജാസില്‍ നടന്ന ഫുട്ബോള്‍ മത്സരത്തില്‍ വിജയികള്‍ക്ക് സ്വര്‍ണക്കപ്പ് സമ്മാനിക്കുന്നത് കണ്ടപ്പോഴാണ് കലോത്സവത്തിനും ഒരു സ്വര്‍ണക്കപ്പ് നല്‍കണമെന്ന് വൈലോപ്പിള്ളി ശ്രീധരമേനോന്റെ മനസില്‍ ആശയമുദിച്ചത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ടി.എം. ജേക്കബും ഇതിനായി മുന്‍കൈയെടുത്തു.
പ്രശസ്ത ചിത്രകാരനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ മാസികയായ ‘വിദ്യാരംഗ’ത്തിന്റെ ആര്‍ട്ട് എഡിറ്ററുമായിരുന്ന ചിറയിന്‍കീഴ് ശ്രീകണ്ഠന് നായരായിരുന്നു കപ്പിന് രൂപല്പന ഒരുക്കിയത്. ശ്രീകണ്ഠന് നായര്‍ കപ്പിന്റെ മാതൃക തയ്യാറാക്കുന്നതിനു മുന്‍പ് ഗുരുവായൂരില്‍ വച്ച് വൈലോപ്പിള്ളിയെ സന്ദര്‍ശിച്ച് ചര്‍ച്ചചെയ്തിരുന്നു. വിദ്യ, കല, നാദം എന്നിവ സമന്വയിപ്പിച്ചുള്ള കപ്പ് നന്നായിരിക്കുമെന്ന് വൈലോപ്പിള്ളി നിര്‍ദേശിക്കുകയും ചെയ്തു. തൃശൂരിലെ ബെന്നി ടൂറിസ്റ്റ് ഹോമിലിരുന്ന് ഒരു ദിവസം കൊണ്ട് ശ്രീകണ്ഠന്‍നായര്‍ കപ്പിന്റെ രൂപകല്പന തയ്യാറാക്കി. കപ്പിലെ പുസ്തകം അറിവിനെയും ശംഖ് നാദത്തെയും കൈകള്‍ അധ്വാനത്തെയും ഏഴുവളകള്‍ സപ്തരാഗത്തെയും പ്രതിനിധാനം ചെയ്യുന്നു.
പത്തനംതിട്ടയിലെ ഷാലിമാര്‍ ഫാഷന്‍ ജ്വല്ലറിയായിരുന്നു സ്വര്‍ണ്ണക്കപ്പുണ്ടാക്കാന്‍ ടെണ്ടര്‍ ഏറ്റെടുത്തത്. കോയമ്പത്തൂര്‍ മുത്തുസ്വാമി കോളനിയിലെ ടി.വി.ആര്. നാഗാസ് വര്‍ക്സിനെയായിരുന്നു കപ്പുണ്ടാക്കാനുള്ള പണി ഏല്‍പ്പിച്ചത്. 101 പവനാണ് ഉദേശിച്ചിരുന്നതെങ്കിലും പണി പൂര്‍ത്തിയായപ്പോഴേക്കും 117.5 പവനായി. വര്‍ക്സ് ഉടമകളായ ടി. ദേവരാജനും ബന്ധു വി. ദണ്ഡപാണിയുമായിരുന്നു പണിതീര്‍ത്ത കപ്പ് 1987ല്‍ കോഴിക്കോട്ടെത്തിച്ചത്. രണ്ടേകാല്‍ ലക്ഷം രൂപയായിരുന്നു അന്ന് കപ്പുണ്ടാക്കാന്‍ ചെലവായത്.
അഞ്ചുപേര്‍ ചേര്‍ന്ന് ഒന്നരമാസം കൊണ്ടാണ് സ്വര്‍ണക്കപ്പിന്റെ പണി പൂര്‍ത്തിയാക്കിയത്. സ്വര്‍ണക്കപ്പിന്റെ ശില്പി ശ്രീകണ്ഠന് നായര്‍ ആറു പതിറ്റാണ്ട് ചിത്രകലാ രംഗത്ത് സജീവമായിരുന്നു. ഇപ്പോള്‍ കേശവദാസപുരത്തുള്ള പിള്ളവീട് ലൈനിലെ വസതിയില്‍ വിശ്രമജീവിതത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: