ചങ്ങനാശ്ശേരി: രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് വേണ്ടത് വോട്ട് ബാങ്കുകളെ മാത്രമാണെന്നും ഇതിന് അനുകൂലമായ ഉത്തരവുകളാണ് സര്‍ക്കാരുകളില്‍ നിന്നുണ്ടാകുന്നതെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. മുന്നാക്ക സമുദായങ്ങളെ അവഗണിക്കുന്ന നിലപാടുകളാണ് സര്‍ക്കാരുകളില്‍ നിന്നുണ്ടാകുന്നതെന്നും മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി നടന്ന അഖിലകേരള നായര്‍ പ്രതിനിധി സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.
ജാതിയുടെയും മതത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ ജനങ്ങളില്‍ ചേരിതിരിവുണ്ടാക്കി മതേതരത്വവും ജനാധിപത്യവും തകര്‍ക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ അപലപനീയമാണ്. ഇത്തരം പ്രചാരണങ്ങള്‍ക്കും, പ്രവര്‍ത്തനങ്ങള്‍ക്കുമെതിരായി സമൂഹനന്മ, സാമൂഹ്യനീതി, മതേതരത്വം, ജനാധിപത്യം എന്നിവ സംരക്ഷിക്കാന്‍ ആവശ്യമായ നിലപാടുകളാണ് എന്‍എസ്എസിന് എന്നുമുള്ളത്.
സര്‍ക്കാരുകളുടെ നയങ്ങള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവകാശം ജനങ്ങള്‍ക്കെന്നപോലെ മത-സാമുദായിക സംഘടനകള്‍ക്കും ഉണ്ട്. ഇത് കൃത്യമായി എന്‍എസ്എസ് നിര്‍വഹിച്ചുവരുന്നുണ്ട്. സാമൂദായികനീതിക്കും സാമൂഹികനീതിക്കും വേണ്ടിയുള്ള നിലപാടുകള്‍ എന്‍എസ്എസിന് എന്നുമുണ്ടാവും. സര്‍ക്കാരുകളുടെ തെറ്റായ നയങ്ങളെ എതിര്‍ക്കുകയും നല്ലകാര്യങ്ങളോട് സഹകരിക്കുകയും ചെയ്യുകയെന്നത് സംഘടനയുടെ നയമാണ്, അത് തുടരും.
നായര്‍ സര്‍വ്വീസ് സൊസൈറ്റിക്ക് രാഷ്ട്രീയമില്ല. എല്ലാ രാഷ്ട്രീയസംഘടനകളോടും സമദൂരനിലപാടാണ്. രാഷ്ട്രീയസംഘടനകളുടെ ആഭ്യന്തരപ്രശ്നങ്ങളില്‍ എന്‍എസ്എസ് ഇടപെടില്ല. നായര്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ആഭ്യന്തരപ്രശ്നങ്ങളില്‍ ഇടപെടാന്‍ രാഷ്ട്രീയകക്ഷികളെ അനുവദിക്കുകയുമില്ല. പൊതുവിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസരംഗങ്ങളില്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ സ്വീകരിക്കുന്ന തെറ്റായ നയങ്ങള്‍ തിരുത്തണമെന്ന് ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
മന്നത്ത് പദ്മനാഭന്റെ കാലാതീതവും അമൂല്യവുമായ ആദര്‍ശങ്ങളും ദര്‍ശനങ്ങളുമാണ് എന്‍എസ്എസ് പിന്തുടരുന്നത്. സംഘടനയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാതെ സംഘടനയെയും നേതൃത്വത്തെയും വിമര്‍ശിക്കുന്ന ചിലരെങ്കിലും ഇപ്പോഴും സമുദായത്തിനുള്ളിലുണ്ട്. മന്നത്ത് പദ്മനാഭന് എന്‍എസ്എസിന്റെ ഉന്നമനത്തിനായി അവതാരമെടുത്ത പുണ്യാത്മാവാണ്. അദ്ദേഹത്തിന്റെ ആത്മചൈതന്യം നിറഞ്ഞു നില്ക്കുന്ന മന്നം സമാധിയിലെത്തി ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സമുദായത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ സമുദായപ്രവര്‍ത്തകര്‍ തയാറാകണമെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ആഹ്വാനം ചെയ്തു. എന്‍എസ്എസ് പ്രസിഡന്റ ഡോ. എം. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. സംഘടനാവിഭാഗം മേധാവി വി.വി. ശശിധരന്‍നായര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: