ന്യൂദെൽഹി:അടുത്ത മാസം നടക്കാനിരിക്കുന്ന ദെൽഹി നിയമസഭ തിരഞ്ഞെടുപ്പിൽ 70 സീറ്റുകളിലും മത്സരിക്കുമെന്ന് ബിഎസ്പി. ജനുവരി പകുതിയോടെ ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കും. ദെൽഹിയെ അഞ്ച് മേഖലകളാക്കി തിരിച്ചിട്ടുണ്ടെന്നും സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന പ്രക്രിയ നടക്കുകയാണെന്നും പാർട്ടി വൃത്തങ്ങൾ പറയുന്നു. ഓരോ മേഖലയ്‌ക്കും കോ- ഓർഡിനേറ്റർമാരെ നിശ്ചയിച്ചു കഴിഞ്ഞു. ഇവർ തയ്യാറാക്കുന്ന അന്തിമ സ്ഥാനാർഥി പട്ടിക മായാവതിക്ക് സമർപ്പിക്കും. ജനുവരി 15 ന് പട്ടികയ്‌ക്ക് അന്തിമ രൂപം നൽകും.
2008 ലെ ദെൽഹി നിയമസഭ തിരഞ്ഞെടുപ്പിലാണ് പാർട്ടി ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത്. 14.05 ശതമാനം വോട്ടുകൾ നേടിയ പാർട്ടി രണ്ട് മണ്ഡലങ്ങളിൽ വിജയിക്കുകയും ചെയ്തു. എന്നാൽ 2020 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച പാർട്ടിക്ക് കേവലം 0.71 വോട്ടുകൾ നേടാനെ കഴിഞ്ഞുള്ളു. ജനുവരി 5 ന് പാർട്ടി തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: