ന്യൂദൽഹി: രാജ്യതലസ്ഥാനമടക്കം ഉത്തരേന്ത്യ പുതുവർഷത്തെ വരവേറ്റത് കനത്ത ശൈത്യ തരംഗത്തോടെ. ദൽഹി, രാജസ്ഥാൻ, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ശൈത്യം അതിരൂക്ഷമായി. ഈ സംസ്ഥാനങ്ങളിൽ പല സ്ഥലത്തും ആറ് ഡിഗ്രി സെൽഷ്യസ് വരെയായി. എന്നാൽ കാശ്മീരിലാകട്ടെ ഇത് മൈനസ് 6 ഡിഗ്രിയായി.
ശ്രീനഗറിലെ ദാൽ തടാകം തണുത്തുറഞ്ഞ നിലയിലാണ്. ദൽഹി നഗരത്തിൽ കഴിയുന്ന ഭവനരഹിതരായവർക്ക് വേണ്ടി ദൽഹി അർബൻ ഷെൽട്ടർ ഇംപ്രൂവ്മെൻ്റ് ബോർഡ് വിവിധ സ്ഥലങ്ങളിലായി 235 പഗോഡ ടെൻ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ എയിംസ്, ലോധി റോഡ്, നിസാമുദ്ദീൻ ഫ്ലൈ ഓവർ എന്നീ സ്ഥലങ്ങളിലും രാത്രികാല ഷെൽട്ടറുകൾ സ്ഥാപിച്ചിട്ടുണ്ട്.
രാജസ്ഥാനിലെ ജയ്‌പൂരിൽ 7.2 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. ബിക്കാനീർ, ചുരു എന്നിവിടങ്ങളിൽ ഇത് 6 ഡിഗ്രി സെൽഷ്യസ് വരെയായി. ഉത്തർ പ്രദേശിലെ അയോധ്യയിലും മീററ്റിലും 9 ഡിഗ്രി സെൽഷ്യസും ലഖ്നൗവിൽ 10 ഡിഗ്രി സെൽഷ്യസും ആയിരുന്നു. ബുധനാഴ്‌ച്ചയോടെ തണുപ്പിന് അല്പം ശമനമാകുമെന്നാണ് ഐഎംഡി നൽകുന്ന സൂചന.
എന്നാൽ പുതുവർഷ ദിനത്തിൽ ആളുകൾ തണുപ്പിനെ വകവെക്കാതെ ആഘോഷവുമായി തെരുവുകളിലും പാർക്കുകളിലും ഒത്തുകൂടി. ധാരാളം പേർ പ്രാർത്ഥനകളും വഴിപാടുകളുമായി ക്ഷേത്രങ്ങളിലും പള്ളികൾ, മോസ്കുകൾ എന്നിവ സന്ദർശിച്ച് പുതുവർഷത്തെ വരവേറ്റു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: