കോതമംഗലം: 78-ാ മത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തിന്റെ കലാശപ്പോരാട്ടത്തിന് ഹൈദരാബാദിലെ ഗച്ചിബൗളിയിലെ ജിഎംസി ബാലയോഗി സ്റ്റേഡിയത്തില്‍ കേരളം ഇന്ന് ബൂട്ട് കെട്ടുമ്പോള്‍, കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജിന് ഇത് അഭിമാനത്തിന്റെയും ഒപ്പം ആകാംക്ഷയുടെയും ദിനം.
കേരള ടീമിലെ മിന്നും താരങ്ങളായ മുഹമ്മദ് റോഷല്‍, ആദില്‍ അമല്‍, മുഹമ്മദ് അജ്‌സല്‍ എന്നിവര്‍ എംഎ കോളജിന്റെ കായികതാരങ്ങളാണ്. ഞായറാഴ്ച മണിപ്പൂരുമായി നടന്ന സെമിയില്‍ ഹാട്രിക് ഗോള്‍ നേടി താന്‍ വെറും ഫയറല്ല… വൈല്‍ഡ് ഫയര്‍ എന്നു കാണിച്ച മുഹമ്മദ് റോഷലും ആദില്‍ അമലും കോളജിലെ മൂന്നാം വര്‍ഷ ഇക്കണോമിക്‌സ് ബിരുദ വിദ്യാര്‍ത്ഥികളാണ്. മുഹമ്മദ് അജ്‌സല്‍ പൂര്‍വവിദ്യാര്‍ത്ഥിയും. കേരള ടീമിന്റെ സഹ പരിശീലകനായ പ്രൊഫ. സി. ഹാരി ബെന്നി എംഎ കോളജിലെ കായിക വകുപ്പ് മേധാവിയുമാണ്. പൈങ്ങോട്ടൂര്‍ ചെട്ടിയാംകുടിയില്‍ കുടുംബാംഗമായ ഹാരി, കേരളത്തിലെ കായിക അദ്ധ്യാപകരില്‍ ആദ്യമായി ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ ഗോള്‍ കീപ്പിങ് ‘ബി ലൈസന്‍സ്’ നേടിയ വ്യക്തിയാണ്. കൂടാതെ എ എഫ് സി ‘ബി’ കോച്ചിങ് ലൈസന്‍സ്, ഇന്റര്‍നാഷണല്‍ പ്രൊഫഷണല്‍ സ്‌കൗട്ടിങ് ലെവല്‍ ‘ടു ലൈസന്‍സ്’, പൊസിഷന്‍ സ്‌പെസിഫിക് സ്‌കൗട്ടിങ് ലൈസന്‍സ് എന്നീ പ്രൊഫഷണല്‍ ലൈസന്‍സുകളും ഫുട്‌ബോളില്‍ എന്‍ ഐ എസ് ഡിപ്ലോമയും നേടിയിട്ടുണ്ട്. 2016ലെ സന്തോഷ് ട്രോഫി കേരള ടീമിന്റെ സഹ പരിശീലകനുമായിരുന്നു.
ക്വാര്‍ട്ടറില്‍ ജമ്മു കശ്മീരിനെ ഏക പക്ഷീയമായ ഒരു ഗോളിന് കിഴടക്കിയും സെമിയില്‍ ഒന്നിനെതിരെ അഞ്ചു ഗോളിന് മണിപ്പൂരിനെ തോല്‍പ്പിച്ചുമാണ് കേരളം ഫൈനലിലെത്തിയത്. ഇന്ന് വൈകിട്ട് 7.30 ന് നടക്കുന്ന സ്വപ്‌ന ഫൈനല്‍ മത്സരത്തില്‍ ഏഴു തവണ ജേതാക്കളായി സന്തോഷ കപ്പില്‍ മുത്തമിട്ട കേരളം, 32 തവണ ജേതാക്കളായ ബംഗാളിനെ നേരിടാനൊരുങ്ങുമ്പോള്‍ എംഎ കോളജ് മാനേജ്‌മെന്റും അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമെല്ലാം കേരള ടീമിന്റെ വിജയ പ്രതീക്ഷയിലും, പ്രാര്‍ത്ഥനയിലുമാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: