ദുബായ്:യെമന്‍ പൗരനായ യുവാവ് കൊല്ലപ്പെട്ട കേസില്‍ മലയാളി നഴ്‌സായ നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കാന്‍ അനുമതി. യെമന്‍ പ്രസിഡന്റാണ് അനുമതി നല്‍കിയത്. ഒരുമാസത്തിനകം വധശിക്ഷ നടപ്പാക്കാനാണ് സാധ്യത.
നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലം കണ്ടില്ല. ദയാഹര്‍ജി നല്‍കി മോചിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
മോചനശ്രമവുമായി എട്ടുമാസമായി നിമിഷപ്രിയയുടെ അമ്മ യെമനില്‍ തന്നെയാണ് ഉള്ളത്. 40,000 യുഎസ് ഡോളറാണ് ചര്‍ച്ചയ്‌ക്കായി അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ആദ്യ ഗഡുവായി 20,000 ഡോളര്‍ നല്‍കിയിരുന്നു.
വിവരങ്ങള്‍:
കൊല്ലങ്കോട് മാത്തൂരിലെ തോട്ടം കാര്യസ്ഥനായിരുന്ന തൊടുപുഴ സ്വദേശിയായ ടോമിയെ വിവാഹം കഴിച്ച് 2012 ലാണ് നിമിഷപ്രിയ യെമനില്‍ നഴ്‌സായി ജോലിക്ക് പോയത്. ഭര്‍ത്താവ് സ്വകാര്യ സ്ഥാപനത്തിലും നിമിഷ ക്ലിനിക്കിലും ജോലിനേടി. അതിനിടെ യെമന്‍ പൗരനായ തലാല്‍ അബ്ദുള്‍ മഹ്ദിയെ പരിചയപ്പെടുകയും ഇരുവരും ചേര്‍ന്ന് കച്ചവട പങ്കാളിത്തത്തോടെ ക്ലിനിക്ക് തുടങ്ങാനും തീരുമാനിച്ചു.
യെമന്‍ പൗരന്റെ ഉത്തരവാദിത്തത്തോടെയല്ലാതെ ക്ലിനിക്ക് ആരംഭിക്കാനാവില്ല എന്നതിനാലാണ് മഹ്ദിയുടെ സഹായം തേടിയത്. ബിസിനസ് തുടങ്ങാന്‍ നിമിഷയും ഭര്‍ത്താവും തങ്ങളുടെ സമ്പാദ്യം മഹ്ദിക്ക് കൈമാറി.
കൂടുതല്‍ പണം ആവശ്യമുണ്ടായതോടെ, നിമിഷയും ഭര്‍ത്താവും മകളുമൊത്ത് നാട്ടിലേക്ക് തിരിച്ചുപോയി. പിന്നീട് നിമിഷ യെമനിലേക്ക് മടങ്ങി. യെമന്‍-സൗദി യുദ്ധം മൂലം ഭര്‍ത്താവിന്റെ യാത്ര മുടങ്ങി.
മഹ്ദിയുടെ പീഡനവും വ്യാജരേഖകളും:
ബിസിനസ് പങ്കാളിയെന്ന നിലയില്‍ ആദ്യം മാന്യമായിരുന്ന മഹ്ദി പിന്നീട് നിമിഷയെ പീഡിപ്പിച്ചു. മതാചാരപ്രകാരം വിവാഹം നടത്തിയതായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി.
ക്ലിനിക്കിലെ വരുമാനം മുഴുവന്‍ മഹ്ദി സ്വന്തം പേരിലാക്കി. പാസ്പോര്‍ട്ട് പിടിച്ചുവെച്ച് നിമിഷയെ ഭയപ്പെടുത്തുകയും ചെയ്തു. മഹ്ദി നിമിഷയെ മര്‍ദിച്ചു. ജീവന്‍ അപകടത്തിലാകുമെന്ന ഭയത്താല്‍ മഹ്ദിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് നിമിഷയുടെ വാദം.
2017 ല്‍ സംഭവിച്ച ഈ കൊലപാതകകേസിലാണ് നിമിഷപ്രിയ വധശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: