ന്യൂദല്‍ഹി: കൃത്യമായി അടിക്കേണ്ട സ്പോട്ടില്‍ എത്തി നാശംവിതയ്ക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ ബ്രഹ്മോസ് മിസൈല്‍ വാങ്ങാന്‍ വിദേശരാജ്യങ്ങള്‍ ക്യൂവില്‍. ഫിലിപ്പൈന്‍സ് 2022ല്‍ 30.75 കോടി ഡോളറിന്റെ ബ്രഹ്മോസ് മിസൈല്‍ വാങ്ങിയിരുന്നു. ഇതിന് പിന്നാലെ ഇപ്പോള്‍ വിയറ്റ്നാം 70 കോടി ഡോളറിന്റെ വമ്പന്‍ ബ്രഹ്മോസ് മിസൈല്‍ കരാറിന് ഒരുങ്ങുകയാണ്.
ഇനി അന്തിമകരാര്‍ മാത്രമേ ഒപ്പുവെയ്ക്കാനുള്ളൂ. പണം നല്കുന്ന വ്യവസ്ഥകള്‍, മിസൈലുകള്‍ നല്‍കേണ്ട അന്തിമതീയതി, വില തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിച്ച് വിയറ്റ്നാം കരാര്‍ രേഖ തയ്യാറാക്കിക്കഴിഞ്ഞാല്‍ ഒപ്പിടും. ഇന്ത്യ-വിയറ്റ്നാം പ്രതിരോധക്കരാറില്‍ വലിയൊരു ചുവടുവെയ്പായിരിക്കും ബ്രഹ്മോസ് മിസൈല്‍ കരാര്‍. പ്രതിരോധരംഗത്തെ ആധുനിക സാങ്കേതികവിദ്യകള്‍ ഇന്ത്യയില്‍ നിന്നും സ്വായത്തമാക്കാനും വിയറ്റ്നാമിന് പദ്ധതിയുണ്ട്. മിസൈലിന് പുറമെ , ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന കപ്പലുകള്‍, ആയുധങ്ങള്‍, തോക്കുകള്‍ എന്നിവയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ വന്‍ഡിമാന്റുണ്ട്.
ഇന്ത്യയും റഷ്യയും ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ശബ്ദത്തേക്കാള്‍ വേഗത്തില്‍ കുതിക്കുന്ന, പറപ്പിക്കാന്‍ ആളുടെ ആവശ്യമില്ലാത്ത, മുങ്ങിക്കപ്പലില്‍ നിന്നോ കരയില്‍ നിന്നോ വിമാനങ്ങളില്‍ നിന്നോ തൊടുക്കാവുന്ന ഈ മിസൈലിന് 400കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് വരെ സ്ഫോടനം ഉണ്ടാക്കി നാശം വിതയ്ക്കാന്‍ കഴിവുണ്ട്.ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്റ് ഡവലപ്മെന്റ് ഓര്‍ഗനൈസേഷനും (ഡിആര്‍ഡിഒ) റഷ്യയുടെ എന്‍പിഒ മഷിനോസ്ട്രോയേനിയയും ചേര്‍ന്നാണ് ബ്രഹ്മോസ് മിസൈല്‍ നിര്‍മ്മിക്കുന്നത്. ഒരു പ്രദേശത്തെ ഒരുകൂട്ടം പോയിന്റുകള്‍ക്കുള്ളില്‍ നാശം വിതയ്ക്കേണ്ട കൃത്യമായ പോയന്റിലേക്ക് ചെന്ന് പതിച്ച് നാശമുണ്ടാക്കാനുള്ള കഴിവാണ് ബ്രഹ്മോസിനെ പ്രിയങ്കരമാക്കുന്നത്. മോദിയുടെ ഭരണത്തില്‍ ആയുധക്കയറ്റുമതി രംഗത്തും ഇന്ത്യ കുതിക്കുകയാണ്. 2024ല്‍ മാത്രം ഏകദേശം 21,083 കോടി രൂപയുടെ ആയുധങ്ങള്‍ ഇന്ത്യ കയറ്റുമതി ചെയ്തു.
ആയുധനിര്‍മ്മാണത്തില്‍ അതിവേഗം ആത്മനിര്‍ഭരത കൈവരിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ ഏകദേശം 1.26 ലക്ഷം കോടി രൂപയുടെ ആയുധങ്ങള്‍ ഇന്ത്യയില്‍ തന്നെയാണ് 2924ല്‍ നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: