ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മരണത്തിലും രാഷ്‌ട്രീയ കളിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മൻമോഹൻ സിംഗിനെ ബിജെപി അപമാനിച്ചുവെന്നാണ് രാഹുൽ ഗാന്ധി ഉയർത്തുന്ന ആക്ഷേപം. ബിജെപി പ്രസിഡന്റ് ജെ.പി. നദ്ദ കോൺഗ്രസിന്റെ ആരോപണങ്ങൾ തള്ളി. സിംഗിന്റെ സ്മാരകത്തിനായി കേന്ദ്രം സ്ഥലം അനുവദിച്ചതായും ഈ വിവരം കുടുംബത്തെ അറിയിച്ചിട്ടുണ്ടെന്നും നദ്ദ പറഞ്ഞു.
സംസ്‌കാരം ഡൽഹിയിലെ നിഗംബോധ് ഘട്ടിൽ നടത്തിയത് മൻമോഹൻ സിംഗിന് അവഹേളനമാണെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തുവന്നിരുന്നു. പ്രധാനമന്ത്രിയായിരുന്നപ്പോൾ കോൺഗ്രസ് അദ്ദേഹത്തെ മാന്യമായി പരിഗണിച്ചില്ലെന്നും നദ്ദ കുറ്റപ്പെടുത്തി.
‘മൻമോഹൻ സിംഗിന്റെ ദുഖകരമായ നിര്യാണത്തിലും കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയും മല്ലികാർജുന്‍ ഖാർഗെയും രാഷ്‌ട്രീയ കളികൾ നടത്തുന്നത് ദു:ഖകരമാണ്. ജീവിച്ചിരിക്കുമ്പോൾ മൻമോഹൻ സിംഗിനെ ബഹുമാനിക്കാൻ തയ്യാറായിരുന്നില്ലാത്ത കോൺഗ്രസ് ഇപ്പോൾ അദ്ദേഹത്തിന്റെ പേരിൽ രാഷ്‌ട്രീയ കളികൾ നടത്തുകയാണ്,’ നദ്ദ പറഞ്ഞു.
രാഹുൽ ഗാന്ധി ഒരിക്കൽ മൻമോഹൻ സിംഗിന്റെ മുന്നിൽ ഓർഡിനൻസ് കീറിപ്പറിച്ച് അദ്ദേഹത്തെ അപമാനിച്ചയാളാണെന്നും, ഇന്ന് അതേ രാഹുൽ ഗാന്ധി സിംഗിന്റെ നിര്യാണത്തിൽ നിന്ന് രാഷ്‌ട്രീയ നേട്ടം കൊയ്തെടുക്കാൻ ശ്രമിക്കുകയാണെന്നും നദ്ദ വിമർശിച്ചു.
മൻമോഹൻ സിംഗിന്റെ സ്മാരകത്തിനായി കേന്ദ്രം സ്ഥലമൊരുക്കിയതായി നദ്ദ വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപടികൾ സ്വീകരിച്ചെന്നും, സിംഗിന്റെ കുടുംബത്തോടുള്ള ഔദ്യോഗിക അറിയിപ്പുകൾ കൈമാറിയതായും നദ്ദ വ്യക്തമാക്കി.
ഡോ. ബി.ആർ. അംബേദ്കർ, സർദാർ പട്ടേൽ തുടങ്ങിയ പ്രമുഖ ദേശീയ നേതാക്കളെ കോൺഗ്രസ് അവഹേളിച്ചതായും നദ്ദ കുറ്റപ്പെടുത്തി. മുൻ പ്രധാനമന്ത്രി പി.വി. നരസിംഹറാവിന് സ്മാരകം സ്ഥാപിച്ചത് 2015ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന്, അതിന് മുമ്പ് സോണിയ ഗാന്ധി ഈ നിർദ്ദേശം തള്ളിയതാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. 2020ൽ മുൻ രാഷ്‌ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിനുശേഷം കോൺഗ്രസ് പ്രവർത്തക സമിതി അനുസ്മരണ യോഗം ചേരാൻ പോലും തയ്യാറായില്ലെന്നും നദ്ദ ചൂണ്ടിക്കാട്ടി.
‘ഗാന്ധി കുടുംബം ദേശസ്നേഹിയായ ഒരു നേതാവിനും ന്യായമായ ബഹുമാനം നൽകിയിട്ടില്ല. അംബേദ്കർ മുതൽ രാജേന്ദ്ര ബാബു, സർദാർ പട്ടേൽ, ലാൽ ബഹാദൂർ ശാസ്ത്രി, നരസിംഹറാവു, പ്രണബ് മുഖർജി, അടൽ ബിഹാരി വാജ്‌പേയി വരെ, ആരെയും അവഹേളിക്കാതെ വിട്ടിട്ടില്ല,’ നദ്ദ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഡോ. മൻമോഹൻ സിംഗിന്റെ സമാധിസ്ഥലത്തിന് സ്ഥലം നൽകുകയും കുടുംബത്തെ അറിയിക്കുകയും ചെയ്തിട്ടുണ്ടെന്നും, അതിനേക്കുറിച്ചുള്ള തെറ്റായ വാർത്തകൾ കോൺഗ്രസ് പ്രചരിപ്പിക്കുകയാണെന്നും നദ്ദ കൂട്ടിച്ചേർത്തു. ‘രാഹുൽ ഗാന്ധിയും മല്ലികാർജുന്‍ ഖാർഗെയും കോൺഗ്രസ് നേതാക്കളും ഇത്തരത്തിലുള്ള കള്ളരാഷ്‌ട്രീയങ്ങൾ ഒഴിവാക്കണം,’ നദ്ദ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: