മെലഡിയുടെ കഥ കഴിഞ്ഞോ എന്ന ഭയത്തോടെ ചിന്തിപ്പിക്കുന്നൂ 2024ലെ ഹിറ്റടിച്ച സിനിമാഗാനങ്ങള്‍. ആഴത്തില്‍ ചിന്തിച്ചുചിന്തിച്ചു കാടുകയറ്റുന്ന വരികള്‍ ഇന്നില്ല. കേള്‍ക്കാന്‍ ഇമ്പമുള്ള, താളത്തില്‍ ഒഴുകി നിറയുന്ന വരികളില്‍ പുതിയ വിഷയങ്ങള്‍ കടന്നുവരുന്നുണ്ട്. എങ്കിലും അവിടെയും ഇവിടെയുമായി ചില മെലഡികള്‍ കേള്‍ക്കാനാവും.യൂട്യൂബില്‍ ഈ ഗാനങ്ങള്‍ ഏറ്റെടുക്കുന്നത് ടീനേജര്‍മാര്‍. അതുകൊണ്ട് അവരുടെ സങ്കല്‍പങ്ങളില്‍ ചുറ്റിക്കറക്കുന്ന വരികളും ഈണവും താളവും ആണ് ജനപ്രിയം.
ഇന്ന് സിനിമാഗാനങ്ങളുടെ കാര്യത്തില്‍ യൂട്യൂബിലെ റീച്ചാണ് വിജയത്തിന്റെ മന്ത്രം. 2024ല്‍ യൂട്യൂബില്‍ കൂടുതല്‍ പേര്‍ വീക്ഷിച്ച 14 ഗാനങ്ങള്‍ എടുക്കുമ്പോള്‍ ആവേശം, വാഴ്, മന്ദാകിനി, പ്രേമലു, ആടുജീവിതം, അജയന്റെ രണ്ടാം മോഷണം, മഞ്ഞുമ്മല്‍ ബോയ്സ് എന്നീ സിനിമകള്‍ കടന്നുവരുന്നു. ഈ സിനിമകള്‍ തന്നെയാണ് 2024ലെ ജനപ്രീതി നേടിയ സിനിമകളും.
പാട്ടില്‍ മെലഡിയല്ല, നൃത്തച്ചുവടുകള്‍
2024ല്‍ ജനപ്രിയഗാനങ്ങള്‍ പുതിയ ട്രെന്‍ഡാണ് മുന്നോട്ട് വെയ്‌ക്കുന്നത്. റാപും ഹിപ് ഹോപുമാണ് പുതിയ ട്രെന്‍ഡുകള്‍. അവിടെ മെലഡിയ്‌ക്കല്ല പ്രാധാന്യം. നൃത്തച്ചുവടുകള്‍ക്ക് പറ്റുന്ന ഗാനങ്ങളാണ് ഹൃദയം പിടിച്ചടക്കുന്നത്. അതുകൊണ്ട് തന്നെ പുതിയ ഗാനരചയിതാക്കളാണ് മുന്‍പില്‍. വിനായക് ശശികുമാര്‍, മനു മഞ്ജിത്, സുഹൈല്‍ കോയ, വൈശാഖ് സുഗുണന്‍ എന്നിവരാണ് പാട്ടുകളെ റാപിലേക്കും ഹിപ് ഹോപിലേക്കും വഴി നടത്തുന്ന ഗാനരചയിതാക്കള്‍. ഇക്കൂട്ടത്തില്‍ മെലഡിയുടെ സ്പര്‍ശമുള്ള ഒരേയൊരു ഗാനം എഴുതിയത് റഫീക് അഹമ്മദ്.
ഇനി പാട്ടുകാരുടെ കാര്യമെടുത്താല്‍ എല്ലാം പുതിയ ഹിപ് ഹോപ് പാട്ടുകാരാണ്. അക്കൂട്ടത്തില്‍ പ്രണവം ശശി, ഇലക്ട്രോണിക് കിളി എന്നറിയപ്പെടുന്ന ജോഫിന്‍, ഡാബ്സി, വേടന്‍, ശ്രീനാഥ് ഭാസി, മലയാളി മങ്കീസ്, എംസി കൂപ്പര്‍, കപില്‍ കപിലന്‍, വിഷ്ണു വിജയ്, മേരി ആന്‍ അലക്സാണ്ടറും എന്നിവരാണ് 2024ലെ പിടിച്ചടക്കിയ പാട്ടുകാര്‍. അക്കൂട്ടത്തില്‍ വൈക്കം വിജയലക്ഷ്മിയും എ.ആര്‍.റഹ്മാനും ഹരിശങ്കറും അനിലയും കെജി മാര്‍ക്കോസും ജിതിന്‍ രാജും കൂടി കടന്നുവരുന്നു.
സംഗീത സംവിധായകരില്‍ മുന്‍നിരയില്‍ സുഷിന്‍ ശ്യാം ആണ്. വിഷ്ണുവിജയ്, നൈനാന്‍ തോമസ്, ബിബിന്‍ അശോക് എന്നിവരും തൊട്ടുപിന്നില്‍ തന്നെയുണ്ട്. പിന്നെ എ.ആര്‍. റഹ്മാനും അമൃത് രാംനാഥും.
1. ഇല്ലുമിനാറ്റി (ചിത്രം: ആവേശം)
പ്രായഭേദമില്ലാതെ, ഭാഷാഭേദമില്ലാതെ, അതിന്റെ സംഗീതവും വരിയിലെ പുതുമയും കാരണം ജനപ്രീതിയുടെ കൊടുങ്കാറ്റ് വിതച്ച ഗാനം. ആവേശത്തിലെ ഇല്ലുമിനാറ്റി എന്ന ഗാനം. ഇത് സൃഷ്ടിച്ച വിനായക് ശശികുമാര്‍ ഗാനരചനയ്‌ക്ക് വേണ്ടി കഠിനപാതകള്‍ താണ്ടിയിട്ടുണ്ട്. മെലഡിയല്ല, വൈരമുത്തുവിനെപ്പോലെ സിംപിളായ, കേള്‍ക്കുന്നവര്‍ പെട്ടെന്ന് കോര്‍ക്കുന്ന വരികളാണ് വിനായക് ശശികുമാര്‍ തേടുന്നത്. മദ്രാസ് സ്‌കൂൾ ഓഫ് എക്കൊണോമിക്സിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ബാങ്കര്‍മാരായ മാതാപിതാക്കളുടെ മകന്‍ പാട്ടെഴുത്തിലേക്ക് വന്നത് യാദൃച്ഛികതയല്ല, ഇതാണ് ജീവിതം എന്ന രീതിയില്‍ തെരഞ്ഞെടുത്തതാണ്. സുഷിൻ ശ്യാം പൊടുന്നനെയാണ് മലയാള സിനിമയില്‍ ഒരു തരംഗമായത്. ഗായകനും കൂടിയായ സംഗീതജ്ഞന്‍. ദ ഡൗൺ ട്രൊഡൻസ് എന്ന പ്രശസ്ത മെറ്റൽ ബാന്‍റിലെ കീബോഡിസ്റ്റ് കൂടിയാണ് സുഷിൻ. സ്കൂൾ പഠനത്തിന് ശേഷം എഞ്ചിനീയറിംഗിന് ചേർന്നെങ്കിലും സംഗീതത്തോടുള്ള ഇഷ്ടംകൊണ്ട് പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. സംഗീത സംവിധായനായ ദീപക് ദേവിന്റെ സഹായി ആയി 2 വർഷത്തോളം ജോലി ചെയ്തു. ആവേശം, മഞ്ഞുമ്മല്‍ ബോയ്സ്, ബോഗെന്‍ വില്ല തുടങ്ങി 2024ല്‍ ജനപ്രിയമായ ഒട്ടേറെ പുതുസിനിമകള്‍ക്ക് സുഷിന്‍ശ്യാം ആണ് സംഗീതം പകര്‍ന്നത്. ഡബ്സിയാണ് ഗാനം ആലപിച്ചത്.ഒരു ഇന്ത്യൻ റാപ്പറും ഗായകനും ഗാനരചയിതാവുമാണ് ഡാബ്‌സി എന്ന പേരിൽ അറിയപ്പെടുന്ന മുഹമ്മദ് ഫാസിൽ. തല്ലുമാലയിലെ മണവാളന്‍ തഗ്സ് ഏറെ ജനപ്രിയമായ ഗാനമായിരുന്നു. ആവേശത്തിലെ ഇല്ലുമിനാറ്റി 24.2 കോടി വ്യൂസ് ആണ് നേടിയത്.
2. അർമാദം (ചിത്രം: ആവേശം)
വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകി പ്രണവം ശശിയാണ് ഗാനം ആലപിച്ചത്. 8.2 കോടി വ്യൂസാണ് ഗാനം നേടിയത്. കോളെജ് ടീനേജുമാരുടെ ആവേശം മുഴുവന്‍ ഈ ഗാനത്തില്‍ ഉണ്ട്.
3. ഏയ് ബനാനേ (ചിത്രം: വാഴ)
വിനായക് ശശികുമാറിന്റെ വരികൾ ഒരുക്കിയത് ഇലക്ട്രോണിക് കിളി എന്നറിയപ്പെടുന്ന ജോഫിൻ ആണ്. 3.8 കോടി ആണ് യൂട്യൂബ് വ്യൂസ്.
4. അങ്ങു വാന കോണില് (അജയന്റെ രണ്ടാം മോഷണം അഥവാ എ ആർ എം)
മനു മൻജിത്തിന്റെ വ്യത്യസ്തമായ വരികൾക്ക് ദിബു നൈനാൻ തോമസ് സംഗീതം നൽകി വൈക്കം വിജയലക്ഷ്മി പാടിയ ഗാനം. ദിബു നൈനാന്‍ തമിഴിലും ഹിറ്റടിച്ച വര്‍ഷമാണ്. ബാച്ചിലര്‍ എന്ന സിനിമയിലെ അടിയെ എന്ന പാട്ട് ഇറങ്ങിയപ്പോള്‍ ദിബുനൈനാനെ പുകഴ്‌ത്തിയത് മറ്റാരുമല്ല, ഇപ്പോള്‍ റഹ്മാനെപ്പോലും പ്രതിഫലത്തില്‍ കടത്തിവെട്ടിയ അനിരുദ്ധ് ആണ്. കനാ, ബാച്ചിലര്‍ തുടങ്ങി തമിഴിലും ദിബു നൈനാന്‍ തരംഗമാണ്. 2014-ൽ ഓം ശാന്തി ഓശാന എന്ന മലയാളം ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. അതിനുശേഷം, ഒരു വടക്കൻ സെൽഫി മുതൽ ജേക്കബിന്റെ സ്വർഗ്ഗരാജ്യത്തിലെ “തിരുവാണിരാവ്” വരെയുള്ള “നീലാംബലിൻ” ഉൾപ്പെടെ നിരവധി ചാർട്ട്-ടോപ്പർമാരെ അദ്ദേഹം പുറത്തെടുത്തു .ഡോക്ടർ ഗാനരചയിതാവ് എന്നാണ് അദ്ദേഹം അറിയപ്പെടുന്നത്. ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും വൈക്കം വിജയലക്ഷ്മി ജനഹൃദയങ്ങളില്‍ കുടിയേറിയ ഗാനം. ഇപ്പോഴും നല്ല മെലഡിയ്‌ക്ക് ഇടമുണ്ടെന്ന് തെളിയിച്ച പാട്ട്. യൂട്യൂബിൽ ഇതിനകം 3.6 കോടി വ്യൂസ് നേടി കഴിഞ്ഞു.
5. വട്ടേപ്പം ( ചിത്രം: മന്ദാകിനി)
വൈശാഖ് സുഗുണന്റെ വരികൾക്ക് ബിബിൻ അശോക് സംഗീതം നൽകി ഡാബ്സി ആലപിച്ച ‘വട്ടേപ്പം’ ഇതുവരെ യൂട്യൂബിൽ നേടിയത് 30 മില്യൺ വ്യൂസ്. അങ്കമാലി കല്യാണവും കല്യാണഫീലും നിറയ്‌ക്കുന്ന ഗാനങ്ങളാണ് ഈ സിനിമയില്‍ ബിബിന്‍ അശോക് ചെയ്തിരിക്കുന്നത്. 12 വര്‍ഷമായി മലയാളസിനിമയില്‍ പ്രവര്‍ത്തിച്ച ബിബിന്‍ സ്വതന്ത്രസംഗീതസംവിധായകനായ കന്നി സിനിമ പൊളിച്ചു. ഇതിലെ വിധുമുഖി എന്ന ഗാനവും ഹിറ്റായിരുന്നു.
6. കിളിയേ (അജയന്റെ രണ്ടാം മോഷണം അഥവാ എആർഎം)
മനു മൻജിത്തിന്റെ വരികൾക്ക് ദിബു നൈനാൻ തോമസ് സംഗീതം നൽകി ഹരിശങ്കറും അനില രാജീവും ചേർന്നു പാടിയ ഗാനം യൂട്യൂബിൽ ഇതിനകം 2.8 കോടി വ്യൂസ് നേടി കഴിഞ്ഞു. ഹരിശങ്കര്‍ മലയാളത്തിലെ നിത്യഹരിതഗായകനാണ്. അദ്ദേഹത്തിന് വീണ്ടും ഈ ഗാനത്തിലൂടെ മലയാളി മനസ്സില്‍ നല്ലൊരിടം ലഭിച്ചു.
7. തെലങ്കാന ബൊമ്മലു (ചിത്രം: പ്രേമലു)
സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയ് ഈണമൊരുക്കിയ ഗാനം ആലപിച്ചത് കെ ജി മാർക്കോസും വിഷ്ണു വിജയും ചേർന്നാണ്. ടീനേജ് പ്രണയത്തെ പൊലിപ്പിക്കുന്ന ഗാനമാണിത്. രസം നിറയ്‌ക്കുന്ന ഈ പാട്ടിലൂടെ കെ.ജി.മാര്‍ക്കോസ് എന്ന ഗായകന്‍ വീണ്ടും മലയാളിയെ തൊട്ടു. യൂട്യൂബിൽ 2.5 കോടി വ്യൂസ് ആണ് ഗാനത്തിനു ലഭിച്ചത്.
8. ജാഡ (ചിത്രം: ആവേശം)
വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകി ശ്രീനാഥ് ഭാസി ആലപിച്ച ഗാനം 2.3 കോടി വ്യൂസാണ് നേടിയത്. മമ്മൂട്ടിയുടെ ഹിറ്റ് ചിത്രമായ ഭീഷ്മപര്‍വ്വത്തില്‍ ശ്രീനാഥ് ഭാസി പാടിയ പറുദീസ ഇപ്പോഴും ഹിറ്റായി ഓടുന്ന പാട്ടാണ്.
9. കുതന്ത്രതന്ത്രമന്ത്രമൊന്നും (ചിത്രം: മഞ്ഞുമ്മൽ ബോയ്സ്)
സുഷിന്‍ ശ്യാം സംഗീതം പകര്‍ന്നിരിക്കുന്ന ഈ റാപ്പ് പാടിയിരിക്കുന്നത് വേടനാണ്. കോടി വ്യൂസ് ആണ് ഗാനം നേടിയത്. വേടന്‍ മലയാളത്തിലെ ജനപ്രിയ റാപ്പറാണ്. ശശി തരൂര്‍ വരെ വേടന്റെ പാട്ടുകള്‍ പങ്കുവെച്ചിട്ടുണ്ട്. നീറുന്ന ചില വരികള്‍ വേടന്റെ പ്രത്യേകതകളാണ്. വിയര്‍പ്പില്‍ തുന്നിയിട്ട കുപ്പായം, അതില്‍ നിറങ്ങള്‍ മങ്ങുകില്ല കട്ടായം, കിനാവ് കൊണ്ട് കെട്ടും കൊട്ടാരം, അതില്‍ മന്ത്രി നമ്മള്‍ തന്നെ രാജാവ്…..വയറ് നിറയാനല്ലെ നെട്ടോട്ടം….തുടങ്ങി കറുത്ത ജീവിത സത്യങ്ങള്‍ പുറത്തുകൊണ്ടുവരും വരികള്‍.
10. മിനി മഹാറാണി (ചിത്രം: പ്രേമലു)
സുഹൈൽ കോയയുടെ വരികൾക്ക് വിഷ്ണു വിജയ് ഈണമൊരുക്കിയ ഗാനം ആലപിച്ചത് കപിൽ കപിലൻ, വിഷ്ണു വിജയ് എന്നിവർ ചേർന്നാണ്. യൂട്യൂബിൽ 2 കോടി വ്യൂസ് ആണ് ലഭിച്ചത്.
11. മാതാപിതാക്കളേ മാപ്പ് (ചിത്രം: ആവേശം)
വിനായക് ശശികുമാർ, എംസി കൂപ്പർ എന്നിവരുടെ വരികൾക്ക് സുഷിൻ ശ്യാം സംഗീതം നൽകി മലയാളി മങ്കീസും എംസി കൂപ്പറും ചേർന്ന് ആലപിച്ച ഗാനം 18 മില്യൺ വ്യൂസാണ് നേടിയത്.
12. പെരിയോനെ (ചിത്രം: ആടുജീവിതം)
ആടുജീവിതത്തിലെ ഈ ഗാനമൊരുക്കിയത് എ ആർ റഹ്മാനാണ്. റഫീഖ് അഹമ്മദിന്‍റേതാണ് വരികൾ. ഗാനം ആലപിച്ചത് ജിതിൻ രാജ്. യൂട്യൂബിൽ ഈ ഗാനം 1.8 കോടി വ്യൂസ് നേടി കഴിഞ്ഞു.
13. ഞാപകം (ചിത്രം: വർഷങ്ങൾക്കു ശേഷം)
അമൃത് രാംനാഥ് സംഗീതമൊരുക്കിയ ഗാനത്തിന്റെ വരികൾ എഴുതിയത് കർണാടിക് സംഗീതജ്ഞ ബോംബെ ജയശ്രീയാണ്. ബോംബെ ജയശ്രീയുടെ മകനാണ് അമൃത് രാംനാഥ്. നിരവധി ആല്‍ബങ്ങളും മനസേ എന്ന വൈറലായ ട്രാക്കും സൃഷ്ടിച്ച അമൃത് രാംനാഥ് മലയാളത്തിലും തന്റെ മാജിക് തെളിയിച്ചു. ബോംബെ ജയശ്രീയില്‍ ഒരു നല്ല ഗാനരചയിതാവ് കൂടി ഒളിഞ്ഞിരിപ്പുണ്ടെന്ന് തെളിയിച്ച ഗാനം. അമൃത് രാംനാഥും സിന്ദൂര ജിഷ്ണുവും ചേർന്നാണ് ആലാപനം. യൂട്യൂബിൽ ഈ ഗാനത്തിനു ലഭിച്ചത് 1 കോടി വ്യൂസ്.
14. സ്തുതി (ചിത്രം: ബൊഗെയ്ൻ വില്ല)
സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനത്തിന്റെ വരികൾ ഒരുക്കിയത് വിനായക് ശശികുമാറാണ്. മേരി ആൻ അലക്സാണ്ടറും സുഷിൻ ശ്യാമും ചേർന്നാണ് ആലാപനം. മലയാളിയെ അമ്പരപ്പിച്ച ഗാനം. ജ്യോതിര്‍മയി എന്ന നടി നിറഞ്ഞാടിയ ഗാനരംഗം എന്നിവ കൊണ്ടെല്ലാം ഈ ഗാനം ഹിറ്റായി. 92 ലക്ഷം വ്യൂസ് ചിത്രം നേടി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: