India

ജനസംഖ്യാസന്തുലനത്തിന് നിയമങ്ങളില്‍ മാറ്റം വേണം; വിദേശത്ത് പോകുന്ന ഭാരതീയര്‍ സംസ്‌കൃതിയുടെ ദൂതര്‍: സുനില്‍ ആംബേക്കര്‍

Published by

പൂനെ: വിദേശങ്ങളിലേക്ക് പോകുന്ന ഭാരതീയര്‍ നമ്മുടെ സംസ്‌കൃതിയുടെ ദൂതന്മാരാണെന്ന് ആര്‍എസ്എസ് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് സുനില്‍ ആംബേക്കര്‍. കൂടുതല്‍ ഭാരതീയര്‍ വിദേശങ്ങളില്‍ പോകുന്നത് മസ്തിഷ്‌ക ചോര്‍ച്ചയായി കാണുന്നവരുണ്ട്. എന്നാല്‍ അവരെ നമ്മുടെ സംസ്‌കാരത്തിന്റെ അംബാസഡര്‍മാരായി കാണുന്നതാണ് നല്ലത്. എവിടെ പോയാലും, ഹൃദയത്തില്‍ ഭാരതീയത ഉണ്ടായിരിക്കണം. കാരണം ലോകത്തിനാകെ ഇപ്പോള്‍ ഭാരതീയ നേതൃത്വത്തെ ആവശ്യമുണ്ട്, അദ്ദേഹം പറഞ്ഞു. പൂനെ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യോത്സവത്തില്‍ എഴുത്തുകാരന്‍ ഡോ. നരേന്ദ്ര പഥക് നടത്തിയ അഭിമുഖഭാഷണത്തിലാണ് സുനില്‍ ആംബേക്കര്‍ ഇത് പറഞ്ഞത്.

കുട്ടികളുടെ എണ്ണത്തെക്കുറിച്ച് കുടുംബങ്ങള്‍ തീരുമാനിക്കട്ടെ എന്ന് ഒരു ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇത് തീരുമാനിക്കുമ്പോള്‍ രാജ്യത്തിന്റെ ആവശ്യവും സാഹചര്യവും തിരിച്ചറിയണം. അസന്തുലിത ജനസംഖ്യയുള്ള ഒരു രാജ്യത്തിന്റെ ഭാവി മാറുന്നു. ജനസംഖ്യ സന്തുലിതമാക്കാന്‍ നയങ്ങളിലും നിയമങ്ങളിലും മാറ്റങ്ങള്‍ അനിവാര്യമാണ്. പ്രസവ കാലയളവില്‍ സ്ത്രീകള്‍ക്ക് ശമ്പളത്തോടുകൂടിയ അവധികള്‍ മാത്രമല്ല, വര്‍ക്ക് ഫ്രം ഹോം എന്നതിനുള്ള അവസരവും നല്കണം. ദേശീയ വിദ്യാഭ്യാസ നയം പോലെ, സ്ത്രീകള്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി, മള്‍ട്ടിപ്പിള്‍ എക്‌സിറ്റ് ഓപ്ഷന്‍ നല്‌കേണ്ടത് ആവശ്യമാണ്, ഇത് ഭാവിയില്‍ കുട്ടികളെ വളര്‍ത്തുന്നതിനെക്കുറിച്ചുള്ള മാനസികാവസ്ഥയെ മാറ്റും, സുനില്‍ ആംബേക്കര്‍ പറഞ്ഞു.

ഹിന്ദുത്വം എന്ന വാക്ക് ഏകാത്മകതയെയാണ് മുന്നോട്ടുവയ്‌ക്കുന്നത്. ലോകത്ത് എല്ലാവരും സ്വന്തം തനിമ അന്വേഷിക്കുകയാണ്. എന്നാല്‍ എല്ലാവരിലും സാമ്യം ഉണ്ട്. കാഴ്ചയില്‍ വ്യത്യസ്തതയുണ്ടെങ്കിലും ആന്തരികമായി നമ്മള്‍ ഒന്നാണ്. ഇതാണ് ഭാരതീയ ചിന്തയിലെ ഏകത്വത്തിന്റെ ധാര. ഇതുതന്നെയാണ് ഹിന്ദുത്വം, സുനില്‍ ആംബേക്കര്‍ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക