‘ Poetry is a type of literature or artistic writing that attempts to stir a reader’s imagination or emotions .The poet does this by carefully choosing and arranging for its meaning sound and rhythm ‘
എന്‍സൈക്‌ളോപീഡിയ ബ്രിട്ടാനിക്കയില്‍ കവിതയ്‌ക്ക് കൊടുത്തിരിക്കുന്ന വിശദീകരണം ആണിത്. ‘വാക്യം’ എന്ന് ഭാരതീയനായ ആലങ്കാരികന്‍ വിശ്വനാഥാചാര്യനും പറഞ്ഞു. imagination, emotion എന്നീ പദങ്ങളെക്കാള്‍ രസം എന്ന വാക്കിന് കാവ്യഗുണത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ കഴിയും. രസം അഥവാ അനുഭൂതി ജനിപ്പിക്കാന്‍ കഴിയുന്ന പദസംഘാതമാണ് കവിത. അനുഭൂതി സന്തായകമായ പദസമുച്ചയത്തില്‍ പല ഘടകങ്ങള്‍ ചേര്‍ന്നിരിക്കും. അതില്‍ ശബ്ദം, പ്രാസം എന്നിവയെല്ലാം ചേരുമ്പോഴാണ് കേവലമായ വികാരത്തിനോ ആനന്ദത്തിനോ അപ്പുറം അനുഭൂതിയിലേക്ക് എത്തിക്കാന്‍ കഴിയുന്നത്. ശബ്ദം, പ്രാസം എന്നൊക്കെ പറയുമ്പോള്‍ പഴയ കാലത്തെ ദ്വിതീയാക്ഷര പ്രാസം, ആദി പ്രാസം ,അനു പ്രാസം, അന്ത്യ പ്രാസം എന്നൊന്നും അര്‍ത്ഥമില്ല. എന്നാല്‍ അതൊക്കെ ഈ ശബ്ദ സൗകുമാര്യത്തില്‍ നിന്നുരുത്തിരിഞ്ഞവ തന്നെയാണുതാനും.
എന്നു കരുതി കേവലമായി അവ ആവര്‍ത്തിക്കുന്നത് അനുഭൂതിക്ക് പകരം അരോചകത്വമാണ് ഉണ്ടാക്കുന്നത്.
‘ Poetry Is the best words arranged in the best order ‘എന്ന് നിര്‍വചിച്ചത് Sammuel coleridge ആണ്.
വാക്കുകളുടെ സംവിധാനക്രമം ഒന്നും പുതിയ കാല കവിതയിലില്ല. അവിടെ അനുഭൂതി ജനകത്വം അര്‍ത്ഥത്തില്‍ നിന്നു മാത്രമാണ്. ശബ്ദത്തിന്റെ സാധ്യതയെയും സംഗീതത്തിന്റെ സാധ്യതയെയും പുതിയ കവിത അകറ്റി നിര്‍ത്തുന്നു. ഹൃദയത്തെ പൊള്ളിക്കുന്ന യാഥാര്‍ത്ഥ്യങ്ങളും പുതിയ നിരീക്ഷണങ്ങളുമാണ് കവിതയായി മാറുന്നത്. ഈ സവിശേഷതകള്‍ കണക്കിലെടുത്തുവേണം ഡോ. സംഗീത് രവീന്ദ്രനെ പോലുള്ള പുതിയ കവികളുടെ രചനയിലേക്ക് പ്രവേശിക്കേണ്ടത്. സംഗീത് രവീന്ദ്രന്റെ ‘വെള്ളുകപ്പയുടെ നിറമുള്ളവള്‍’ എന്ന സമാഹാരം ഇത്തരത്തില്‍ വേറിട്ടു നില്‍ക്കുന്നു. ‘വേരുറവ’ എന്ന കവിത ഇങ്ങനെ ആരംഭിക്കുന്നു .
‘അവധി ഇല്ലല്ലോ നമ്മുടെ
സ്വപ്നങ്ങള്‍ക്ക്.
നാം കാഞ്ഞവെയിലുകള്‍
പൊട്ടിപ്പോയിരിക്കുന്നു.
മരുപ്പച്ചയുടെ
ഇലത്തണലില്‍ നിന്നും
നമുക്ക് സ്‌നേഹ മുള്ളുകള്‍ വരയ്‌ക്കാം.
പരസ്പരം
കൊണ്ട് കയറുന്ന നിമിഷങ്ങള്‍
തണലിലെഴുതാം’
‘ഹാ നാമിവിടെ ഈ ചങ്ങലകളില്‍
തളഞ്ഞു കിടക്കുകയാ
ണല്ലോനാം കാണുന്നതും
കേള്‍ക്കുന്നതും അറി
യുന്നതും എല്ലാം ഈ ചങ്ങലക്കണ്ണിയിലൂടെ ആണല്ലോ’
എന്നിങ്ങനെ അര ശതാബ്ദം മുന്‍പ് ശാന്ത എന്ന കവിതയില്‍ കടമ്മനിട്ട എഴുതിയപ്പോള്‍ അവിടെ കയ്‌ക്കുന്ന ഒരു യാഥാര്‍ത്ഥ്യം ഉണ്ടായിരുന്നു.
ആ യാഥാര്‍ത്ഥ്യം അടിയന്തരാവസ്ഥ ആയിരുന്നു. എന്നാല്‍ ഇവിടെ ഡോ.സംഗീത് എഴുതുമ്പോള്‍ അത്തരം പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ കവിയുടെ മുന്നിലില്ല. എന്നാല്‍ അനുനിമിഷം അര്‍ത്ഥം നഷ്ടപ്പെട്ടു പോകുന്ന മനുഷ്യ ബന്ധങ്ങളും ജീവിതങ്ങളും ഒരുസങ്കീര്‍ണ യാഥാര്‍ത്ഥ്യമായി മാറിക്കൊണ്ടിരിക്കുന്നു. അത് പരുക്കനല്ല നിഗൂഢമാണ്. ആ നിഗൂഢ യാഥാര്‍ത്ഥ്യത്തെ അടയാളപ്പെടുത്താന്‍ പഴയ കാവ്യ ഭാഷ അപര്യാപ്തമാണ്. അതിന് പുതിയ കാവ്യവഴികള്‍ വെട്ടണം. പുതിയ ചമല്‍ക്കാരം നിര്‍മിക്കണം. വൃത്തത്തിലും താളത്തിലും സംഗീതത്തിലും ഒതുങ്ങാത്ത പുതിയ ഭാഷ വേണം. അവിടെ യുക്തിയെ മറികടക്കുന്ന ബിംബ കല്പനകളും സമസ്ത പദങ്ങളും വേണം. അതൊക്കെ സൃഷ്ടിക്കാനാണ് ഈ കവി ശ്രമിക്കുന്നത്.
പ്രണയശൂന്യമായ കപട സദാചാരത്തില്‍ പൊതിഞ്ഞ ഇന്നിനെ ആവിഷ്‌കരിക്കാന്‍ ഒരു പുതിയ കാവ്യരീതിയും ഭാഷയുമാണ് വേണ്ടത്. അതിനുള്ള ശ്രമമാണ് വേരുറവയില്‍ നാം കാണുന്നത്. അതുകൊണ്ടാണ്
‘പൊട്ടിപ്പോകുന്ന വെയിലും
പരസ്പരം കൊണ്ട് കയറുന്ന നിമിഷങ്ങളും’
ആ കവിതയില്‍ ഉരുവം കൊള്ളുന്നത്.
ഒട്ടുമിക്ക കവിതകളിലും ഒരു സ്ത്രീ ബിംബം ഉണ്ട്. കവി തന്റെ ഉള്ളിലെ ഒടുങ്ങാത്ത സങ്കീര്‍ണതകള്‍ അവളോടാണ് പങ്കുവെയ്‌ക്കുന്നത്.
യുങ് യാന്‍ (കാള്‍ ഗുസ്താവിയോ ജങ്) മനഃശാസ്ത്രത്തിലെ പ്രൈമറി ആന്ത്രപ്പോ മോര്‍ഫിക് ആര്‍ക്കി ടൈപ്പുകളായ (anima,animus ) മനുഷ്യരുടെയും അബോധത്തില്‍ നിലനില്‍ക്കുന്നു എന്ന വിശ്വാസത്തെ അരക്കിട്ടുറപ്പിക്കുന്നതാണ് രചനകളെല്ലാം. എല്ലായിടത്തും കവിയുടെ ആന്തരിക വ്യക്തിത്വത്തില്‍ ഒരു സ്ത്രീ ബിംബം നിറഞ്ഞു നില്‍ക്കുന്നു. അവളോടാണ് തന്റെ പരാതികളെല്ലാം നിവേദിക്കുന്നത്.
‘സമയ കാലങ്ങള്‍’ എന്ന കവിതയില്‍ എന്നില്‍ ‘കത്തിക്കയറി
യ തീ ആയും ‘ചുണ്ടു വരച്ചത്’ എന്ന കവിതയില്‍ ‘ചുണ്ടുകള്‍ തലങ്ങും വിലങ്ങും വരച്ച് നീ എന്നിലേക്ക് കയറി വരും എന്നും ‘ചൂള പ്രാവില്‍’ ഞാന്‍ ഇപ്പൊഴും
നിന്നെ ഉരുവിടുന്നു എന്നും ‘ഊഴപ്പറമ്പില്‍’ എന്ന കവിതയില്‍ ‘നമുക്ക് വാക്കുകളില്‍ കുഴഞ്ഞ് സ്‌നേഹത്തിന്റെ അതിര്‍ത്തി കടക്കാം’ എന്നും ഒക്കെ എഴുതുമ്പോള്‍ കവി അറിയാതെ ഒരുവളെ ചേര്‍ത്തു പിടിക്കുന്നു. മറ്റ് കവിതകളില്‍ എല്ലാം ആ ഒരുത്തി ഉണ്ട്. അതാണ് അബോധത്തിലെ പെണ്‍മ. അത് പുതിയ കവികളിലെ ഏറ്റവും വലിയ സവിശേഷതയാണ്. പുതിയ കാലത്തെ പുരുഷ കവികള്‍ക്ക് സ്ത്രീ നിരപേക്ഷമായും പെണ്‍ കവികള്‍ക്ക് പുരുഷ നിരപേക്ഷമായും എഴുതാനാവാത്ത സ്ഥിതിയില്‍ സമൂഹത്തില്‍ നിന്നും അവര്‍ പറിച്ചു മാറ്റപ്പെട്ടിരിക്കുന്നു.
സ്വയം സൃഷ്ടിക്കുന്ന തുരുത്തുകളായി പൊതുബോധം മാറിപ്പോയിരിക്കുന്നു. ഉത്തരാധുനികമായ കേരള സമൂഹത്തില്‍ സമഷ്ടിയെ ചേര്‍ത്തു പിടിക്കാന്‍ എഴു
ത്തുകാരന് കഴിയാതായിരിക്കുന്നു. സമൂഹം അത്രമാത്രം കപടവും അസത്യജടിലവുമാണ്. അപ്പോള്‍ സ്വയം സൃഷ്ടിക്കുന്ന തുരുത്തുകളിലേക്ക് ഒതുങ്ങാനേ എഴുത്തുകാരനാകു. ആ വ്യക്തിബോധത്തിന്റെ സമഗ്ര ഭാവവും ഡോ.സംഗീത് രവീന്ദ്രന്റെ കവിതയിലുണ്ട്.
‘കാവ്യ വ്രത’നില്‍ എത്തുമ്പോള്‍ മറ്റൊരു തലത്തിലേക്ക് കവിത മാറുന്നു. ആറ്റൂര്‍, മേഘരൂപനിലൂടെ പിയെ അനുസ്
മരിച്ചതു പോലെ, സച്ചിദാന്ദന്‍ ‘ഇടശ്ശേരി നിലവില്‍ വരുമ്പോള്‍’ എന്ന കവിതയിലൂടെ ഇടശ്ശേരിയെ അനുസ്മരിച്ചതുപോലെ ഇവിടെ കവി അക്കിത്തത്തെ അനുസ്മരിക്കുന്നു. എന്നാല്‍ അക്കിത്തമാണ് തന്റെ കാവ്യ ലക്ഷ്യം എന്ന് അടിക്കുറിപ്പിലൂടെയോ കവിതയിലൂടയോ നമുക്ക് വെളിവാക്കിത്തരുന്നില്ല. അക്കിത്തമാണ് അനുസ്മരിക്കപ്പെടുന്നത് എന്ന് വായനക്കാരന് ബോധ്യമാകുന്നില്ല. ഒരു അടിക്കുറിപ്പെങ്കിലും നല്‍കി അക്കാര്യം ആസ്വാദകരിലേക്ക് എത്തിക്കേണ്ടിയിരുന്നു.
‘വേദമെത്ര തെളിമയോടെ വഴങ്ങി അങ്ങുതന്‍ കരങ്ങളില്‍’ എന്ന വരി വായിക്കുമ്പോള്‍ അത് അക്കിത്തമാണ് എന്ന് മനസ്സിലാക്കാനാകും. മറ്റൊരു മഹാകവിയും വേദത്തില്‍ ഇത്ര യാഴത്തില്‍ കൈ വെച്ചിട്ടില്ലല്ലോ. അക്കിത്തത്തിന്റെ പ്രസക്തിയും അതാണ്. തന്റെ രാജ്യത്തിന്റെ സംസ്‌കൃതിയെ ഉയര്‍ത്തിപ്പിടിക്കുന്ന കാര്യത്തിലും സാമൂഹ്യ തിന്മകള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് എടുക്കുന്ന കാര്യത്തിലും അക്കിത്തം മറ്റു കവികള്‍ക്കൊക്കെ മുന്നില്‍ നില്‍ക്കുന്നു.
34 കവിതകളുള്ള ഈ സമാഹാരത്തിലെ എല്ലാ രചനകളും പഠനാര്‍ഹമാണ്.
‘വെള്ളുകപ്പയുടെ നിറമുള്ളവള്‍’ എന്ന പ്രധാന കവിതയിലും ആദ്യം സൂചിപ്പിച്ച പോലെ ഒരു ‘ഒരുത്തി’ ഉണ്ട്. സാഫല്യമടയാത്ത പ്രണയത്തിലെ ആ നായിക ആരെന്നു കവിയോടു ചോദിക്കുന്നില്ല. ആറ്റൂര്‍ ‘സംക്രമണം’ എന്ന കവിതയില്‍ എഴുതിയതു പോലെ
‘കുറേ നാളായ് ഉള്ളിലൊരുത്തിതന്‍ ജഡം അളിഞ്ഞു നാറുന്നു’
അങ്ങനെ ഒരുത്തിയുടെ ജഡം പേറാത്ത ഹൃദയം ആര്‍ക്കാണുണ്ടാകുക. എല്ലാ പുരുഷന്മാരും അതൃപ്തമായ ജീവിതത്തിന്റെ പൂര്‍ത്തീകരണത്തിനായി ഒരുത്തിയെ ഹൃദയത്തില്‍ ചുമക്കുന്നുണ്ടാകും. എല്ലാ സ്ത്രീകളും പൂര്‍ണകാമനായ ഒരു പുരുഷനെയും പേറി നടക്കുന്നുണ്ടാകും. ഒരിക്കലും പൂവണിയാത്ത സ്വപ്നമാണന്നറിഞ്ഞിട്ടും വെറുതെ നിദ്രകളെ സ്വപ്നഭരിതമാക്കുകയാണ് അവര്‍. കവികള്‍ കൂടുതല്‍ വജ്രശക്തിയോടെ തന്റെ ഭാവനയെ പ്രണയ തീക്ഷ്ണമാക്കുന്നു, ഇവിടെ ‘വെള്ളു കപ്പയുടെ നിറമുള്ള’ പെണ്ണിലൂടെ ഈ കവിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക