India

വിവാഹമോചനം: എക്കാലവും ജീവനാംശം ഒരേപോലെ പ്രതീക്ഷിക്കരുത് – സുപ്രീംകോടതി

Published by

ന്യൂദല്‍ഹി: ദമ്പതികള്‍ വിവാഹബന്ധം വേര്‍പെടുത്തിക്കഴിഞ്ഞാല്‍ ഭര്‍ത്താവില്‍ നിന്നുള്ള ജീവനാംശം എല്ലാക്കാലവും ഒരേപോലെ ലഭിക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന് സുപ്രീംകോടതി. പങ്കാളിയായിരുന്ന വ്യക്തിക്ക് കൂടുതല്‍ മെച്ചപ്പെട്ട സാമ്പത്തികാവസ്ഥ ബന്ധം വേര്‍പെട്ട ശേഷം ഉണ്ടായതിന്റെ പേരില്‍ കൂടുതല്‍ ജീവനാംശം ചോദിക്കുന്നത് അയാളുടെ മുന്നോട്ടുള്ള പുരോഗതിക്ക് തടസം സൃഷ്ടിക്കലാണെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി.

വിവാഹബന്ധം വേര്‍പെട്ട് നഷ്ടപരിഹാരം നല്‍കിയ ശേഷം പിന്നീടെപ്പോഴെങ്കിലും ഭര്‍ത്താവായിരുന്ന വ്യക്തിക്ക് സാമ്പത്തികമായ തിരിച്ചടികള്‍ ഉണ്ടായി പാപ്പരായാല്‍ ഭാര്യ ആയിരുന്ന വ്യക്തി സാമ്പത്തിക തുല്യതക്ക് തയാറാവുമോ എന്നും കോടതി ചോദിച്ചു. വിവാഹബന്ധം വേര്‍പിരിയുന്ന സാഹചര്യത്തില്‍ ഭാര്യയെ ദരിദ്രാവസ്ഥയില്‍ നിന്ന് രക്ഷിക്കാനും അവളുടെ അന്തസ് കാത്തുസൂക്ഷിക്കാനും സാമൂഹികനീതി ലഭ്യമാക്കാനുമുള്ളതാണ് ജീവനാംശ നിയമത്തിലെ വ്യവസ്ഥകള്‍. ദമ്പതികള്‍ ഒരുമിച്ചു ജീവിക്കുമ്പോള്‍ എങ്ങനെയായിരുന്നോ അവരുടെ ജീവിത നിലവാരം, സമാന രീതിയില്‍ ജീവനാംശത്തിന് പിരിയുമ്പോള്‍ ഭാര്യക്ക് അര്‍ഹതയുണ്ടെന്നാണ് നിയമം. എന്നാല്‍ വേര്‍പിരിഞ്ഞശേഷം പിന്നീടെപ്പോഴും അതു പ്രതീക്ഷിക്കരുത്.

യുഎസില്‍ ഐടി കമ്പനി നടത്തുന്ന ഭാരതത്തില്‍ ജനിച്ച യുഎസ് പൗരന്റെ വിവാഹ മോചനക്കേസിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍. 2020ല്‍ ആദ്യ ഭാര്യക്ക് ഇയാള്‍ ജീവനാംശമായി 500 കോടി രൂപയാണ് നല്‍കിയത്. എന്നാല്‍ 2021ല്‍ രണ്ടാമത് കഴിച്ച വിവാഹവും വിവാഹമോചനത്തില്‍ കലാശിച്ചു.

ആദ്യഭാര്യക്ക് ലഭിച്ച 500 കോടി രൂപ തന്നെ തനിക്കും ലഭിക്കണമെന്നായിരുന്നു രണ്ടാംഭാര്യയുടെ ആവശ്യം. എന്നാല്‍ ആദ്യ വിവാഹബന്ധം വര്‍ഷങ്ങളോളം നീണ്ടുനിന്നതാണന്നും രണ്ടാമത്തെ ബന്ധം മാസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കോടതി നിരീക്ഷിച്ചു. രണ്ടാം ഭാര്യക്ക് 12 കോടി രൂപ മാത്രം ജീവനാംശം നല്‍കിയാല്‍ മതിയെന്ന് ഭര്‍ത്താവ് സമര്‍പ്പിച്ച അപ്പീലില്‍ സുപ്രീംകോടതി വിധിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by