തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ രംഗത്ത് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (NEP) ഭാഗമായി 405 കോടി രൂപയുടെ സഹായം കേന്ദ്രം അനുവദിച്ചു. കേരള, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകള്‍ക്ക് 100 കോടി രൂപ വീതം ലഭിക്കും.
പി എം ഉഷ(പ്രധാന മന്ത്രി ഉച്ചതര്‍ ശിക്ഷാ അഭിയാന്‍ മള്‍ട്ടി ഡിസിപ്ലിനറി എജ്യുക്കേഷന്‍) പദ്ധതിയുടെ ഭാഗമായ സമഗ്ര ധനസഹായ പാക്കേജിന്റെ ഭാഗമായി ലഭ്യമായ ഈ സഹായം ഉന്നതവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനാണ്. എംജി സര്‍വകലാശാലയ്‌ക്ക് 20 കോടി രൂപയും സംസ്ഥാനത്തെ 11 കോളേജുകള്‍ക്ക് 5 കോടി രൂപ വീതവും അനുവദിച്ചിട്ടുണ്ട്. വയനാട്, പാലക്കാട്, തൃശൂര്‍ ജില്ലകള്‍ക്ക് 10 കോടി രൂപ വീതം ലഭിക്കും.
സഹായം ലഭിച്ച കോളേജുകള്‍:
സനാതന ധര്‍മ്മ കോളേജ്, ആലപ്പുഴ
മാറമ്പള്ളി എം.ഇ.എസ്. കോളേജ്
കളമശ്ശേരി സെന്റ് പോള്‍സ് കോളേജ്
മൂലമറ്റം സെന്റ് ജോസഫ്‌സ് കോളേജ്
ഉദുമ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്
ഫാത്തിമ മാതാ നാഷണല്‍ കോളേജ്, കൊല്ലം
സാമൂരിന്‍ ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട്
എം.ഇ.എസ്. കല്ലടി കോളേജ്, മണ്ണാര്‍ക്കാട്
കാതോലിക്കേറ്റ് കോളേജ്, പത്തനംതിട്ട
സെന്റ് അലോഷ്യസ് കോളേജ്, എല്‍ത്തുരുത്ത്
ഡബ്ല്യു.എം.ഒ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ്, മുട്ടില്‍
കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നിമ്മേല്‍ ഇതിനെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ചരിത്ര നേട്ടമായി വിശേഷിപ്പിച്ചു.
“സര്‍വകലാശാലയുടെ അക്കാദമിക്, ഗവേഷണ ശേഷി വളര്‍ത്തുന്നതിനുള്ള വലിയ അവസരമാണിത്. ഇത് കേരളത്തെ ദേശീയ തലത്തില്‍ ഉന്നതവിദ്യാഭ്യാസ മികവിന്റെ കേന്ദ്രമാക്കി മാറ്റും,” ഡോ. മോഹനന്‍ കുന്നിമ്മേല്‍ പറഞ്ഞു.
. “ഫാക്കൽറ്റി അംഗങ്ങളും അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫും ഒന്നിച്ചുള്ള കഠിനാധ്വാനമാണ് ഈ നേട്ടം സാധ്യമാക്കിയത്. ഇതിന് എല്ലാ അംഗങ്ങൾക്കും നന്ദിയുണ്ട്,” അദ്ദേഹം പറഞ്ഞു.
സർവകലാശാലയുടെ മികച്ച വളർച്ചയ്‌ക്കും ദേശീയ തലത്തിൽ അംഗീകാരം നേടുന്നതിനും ഈ സഹായം സഹായിക്കുമെന്ന് സിന്‍ഡിക്കേറ്റ് അംഗം ഡോ. വിനോദ് കുമാർ ടി.ജി. നായർ അഭിപ്രായപ്പെട്ടു. “അവിശ്വസനീയമായ ഈ അവസരം മുഴുവൻ പ്രയോജനപ്പെടുത്തണം. ഉന്നതവിദ്യാഭ്യാസ രംഗത്ത് കേരളം പുതിയ ഉയരങ്ങളിലേക്ക് കുതിക്കുമെന്നതിൽ സംശയമില്ല,” അദ്ദേഹം പറഞ്ഞു..ഗവര്‍ണര്‍ ആരീഫ് മുഹമ്മദ് ഖാന്റേയും കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെയും പിന്തുണ ഈ ധനസഹായം ലഭിക്കാന്‍ നിര്‍ണായകമായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: