കൊച്ചി: കോതമംഗലത്ത് ആറ് വയസുകാരിയെ രണ്ടാനമ്മ കൊലപ്പെടുത്തിയത് തന്റെ കുട്ടികള്‍ക്ക് ഈ കുട്ടി ഭാവിയില്‍ പ്രശ്‌നമായി മാറുമെന്ന ആശങ്ക മൂലമെന്ന് പൊലീസ്. രണ്ടാനമ്മ അനീഷയ്‌ക്ക് ഭര്‍ത്താവ് അജാസ് ഖാനുമായുള്ള ബന്ധത്തില്‍ രണ്ട് വയസുള്ള ഒരു കുട്ടിയുണ്ട്. നിലവില്‍ അനീഷ ഗര്‍ഭിണിയുമാണ്.
ഇതിന് പുറമെ പിണങ്ങിപ്പോയ ആദ്യ ഭാര്യ അജാസ് ഖാനുമായി വീണ്ടും അടുക്കുന്നുവെന്ന സംശയവും അനീഷയ്‌ക്ക് ഉണ്ടായിരുന്നു.വ്യാഴാഴ്ച രാവിലെയാണ് നെല്ലിക്കുഴിയിലെ വീട്ടില്‍ ആറു വയസുകാരിയായ മുസ്ഖാനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
കേസില്‍ രണ്ടാനമ്മ അനീഷ മാത്രമാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയുടെ പിതാവ് അജാസ് ഖാന് കൊലപാതകത്തില്‍ പങ്കില്ലാത്തതിനാല്‍ ഇയാളെ വിട്ടയച്ചു.
അനീഷയ്‌ക്ക് ബാധ കയറുന്ന പ്രശ്‌നമുണ്ടായിരുന്നുവെന്ന് ഭര്‍ത്താവ് അജാസ് ഖാന്‍ പൊലീസിന് മൊഴി നല്‍കി.പ്രദേശത്ത് ദുര്‍മന്ത്ര വാദം നടത്തുന്ന വ്യക്തി ഇതിന് ചികിത്സ നടത്തിയിരുന്നു.എന്നാല്‍ കൊലപാതകത്തില്‍ മന്ത്രവാദത്തിന് പങ്കുളളതായി കണ്ടെത്താനായില്ലെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക