India

ജോര്‍ജ്ജ് സോറോസും ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധം നെഹ്രുവിന്റെ കാലത്തേ തുടങ്ങിയിരുന്നുവെന്ന ആരോപണം ശക്തമാകുന്നു

ഇന്ത്യയിലെ നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമം നടത്തുന്ന അമേരിക്കയിലെ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന് ഗാന്ധി കുടുംബവുമായുള്ള ബന്ധം ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ കാലം മുതലേ തുടങ്ങിയിരുന്നുവെന്ന് ആരോപണം.

Published by

ന്യൂദല്‍ഹി: ഇന്ത്യയിലെ നരേന്ദ്രമോദി സര്‍ക്കാര്‍ ഭരണത്തെ അട്ടിമറിക്കാന്‍ ശ്രമം നടത്തുന്ന അമേരിക്കയിലെ ശതകോടീശ്വരനായ ജോര്‍ജ്ജ് സോറോസിന് ഗാന്ധി കുടുംബവുമായുള്ള ബന്ധം ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലം മുതലേ തുടങ്ങിയിരുന്നുവെന്ന് ആരോപണം. ജനാധിപത്യം, സ്വാതന്ത്ര്യം, മനുഷ്യാവകാശം എന്നിവ വളര്‍ത്താന്‍ 120ല്‍ പരം രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ സംഘടനകള്‍ അതത് രാജ്യങ്ങളിലെ ഭരണം അട്ടിമറിക്കാനും ശ്രമിക്കുന്നു എന്നതാണ് ഞെട്ടിക്കുന്ന വിവരം.

ഓരോ രാജ്യങ്ങളിലെയും അവര്‍ക്കിഷ്ടമില്ലാത്ത ഭരണാധികാരിയെ താഴെ വീഴ്‌ത്താന്‍ വേണ്ടി ജോര്‍ജ്ജ് സോറോസിന്റെ സംഘടനകള്‍ ടൂള്‍ കിറ്റുകള്‍ തയ്യാറാക്കും. ആ ഭരണാധികാരിയെ വീഴ്‌ത്തിയാല്‍ പിന്നീട് അവര്‍ക്കിഷ്ടമുള്ള ഒരു പാവ നേതാവിനെ പകരം പ്രതിഷ്ഠിക്കും. അതിന് വേണ്ടി ആ രാജ്യത്തെ പ്രതിപക്ഷരാഷ്‌ട്രീയസംഘനടകളേയും സൈനികപ്രതിനിധികളേയും സാമൂഹ്യപരിഷ്കര്‍ത്താക്കളേയും എല്ലാം അവര്‍ കൂട്ടുപിടിക്കും. തങ്ങളുടെ ചൊല്‍പടിക്ക് നില്‍ക്കുന്ന ഭരണാധികാരി എത്തിയാല്‍ സോറോസിന്റെ എന്‍ജിഒ സംഘടനകള്‍ അവര്‍ക്കിഷ്ടപ്പെട്ട അജണ്ടകള്‍ നേടിയെടുക്കും. ധാരാളം പണവും വാരും. കേട്ടുകേള്‍വിയില്ലാത്ത പുതിയൊരു തരം ബിസിനസ്.

എന്തിന് ബംഗ്ലാദേശിലെ പ്രധാനമന്ത്രി ഷേഖ് ഹസീനയെ അട്ടിമറിച്ച് പകരം യുഎസിലെ പല എന്‍ജിഒകളുടെയും കണ്ണിലുണ്ണിയായ മുഹമ്മദ് യൂനസിനെ താല്‍ക്കാലിക പ്രധാനമന്ത്രിയായി വാഴിച്ചതിന് പിന്നിലും ജോര്‍ജ്ജ് സോറോസിന്റെതിന് സമാനമായ മറ്റ് സംഘടനകളാണെന്ന് പറയപ്പെടുന്നു. ജോര്‍ജ്ജ് സോറോസിന്റെ എന്‍ജിഒ സംഘടനകള്‍ മോദി സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങളുടെ പേരില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ബഹളം വെയ്‌ക്കുന്നത് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളുമാണ്.

ഫോറി നെഹ്രു അന്നേ ജോര്‍ജ്ജ് സോറോസുമായി ചങ്ങാത്തം സ്ഥാപിച്ചു

ഇപ്പോഴിതാ ജോര്‍ജ്ജ് സോറോസും ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധം ജവഹര്‍ലാല്‍ നെഹ്രുവിന്റെ കാലം മുതല്‍ ആരംഭിച്ചതായി ആരോപണം ഉയരുന്നു. നെഹ്രുവിന്റെ കസിന്‍ ആണ് ബി.കെ. നെഹ്രു. കൃത്യമായി പറഞ്ഞാല്‍ നെഹ്രുവിന്റെ മൂത്ത ജ്യേഷ്ഠന്‍ പണ്ഡിറ്റ് നന്ദിലാല്‍ നെഹ്രു ബി.കെ. നെഹ്രുവിന്റെ അപ്പൂപ്പനാണ്. ബി.കെ.നെഹ്രു വിവാഹം കഴിച്ചത് ഹംഗറി സ്വദേശിനിയായ ഫോറി (ശരിയായ പേര് മഗ്ഡോള്‍ന ഫ്രീഡ്മാന്‍) എന്ന വിദേശവനിതയെ ആണ്. ഇവര്‍ വിളിക്കപ്പെട്ടിരുന്നത് ഫോറി നെഹ്രു എന്നാണ്. പിന്നീട് ഇവര്‍ ശോഭാ നെഹ്രു എന്ന് പേര് മാറ്റി. ഇവര്‍ അന്നേ ജോര്‍ജ്ജ് സോറോസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു എന്നാണ് പുറത്തുവരുന്ന വിവരം. ജോര്‍ജ്ജ് സോറോസും ഹംഗറി സ്വദേശിയാണ്. പിന്നീടാണ് അദ്ദേഹം 1947ല്‍ യുകെയിലേക്കും അവിടെ നിന്ന് അമേരിക്കയിലേക്കും കുടിയേറി. അതായത് സോണിയാഗാന്ധിയ്‌ക്ക് മുന്‍പേ ഗാന്ധി കുടുംബത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ജോര്‍ജ്ജ് സോറോസ്. അതായത് ഈ കുടുംബത്തിന്റെ വിദേശത്തെ വേരുകള്‍ അതീവ ശക്തമാണെന്നര്‍ത്ഥം. ആ ബന്ധങ്ങളെല്ലാം ഇപ്പോള്‍ നരേന്ദ്രമോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഉപയോഗിക്കുകയാണ് ഗാന്ധി കുടുംബം.

രാഹുല്‍ ഗാന്ധിയെ വീരനായകനായി അവതരിപ്പിക്കാന്‍ വേണ്ടി നടത്തിയ ഭാരത് ജോഡോ യാത്ര ആസൂത്രണം ചെയ്തത് തന്നെ ജോര്‍ജ്ജ് സോറോസിന്റെ ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്‍ എന്ന സംഘടനയായിരുന്നു എന്നും പറയപ്പെടുന്നു. ഓപ്പണ്‍ സൊസൈറ്റി ഫൗണ്ടേഷന്റെ ഇന്ത്യയിലെ മേധാവിയും ആഗോള വൈസ് പ്രസിഡന്‍റുമായി സലില്‍ ഷെട്ടി ഈ യാത്രയില്‍ പങ്കെടുത്തിരുന്നു. ഇതിന്റെ ഫോട്ടോകള്‍ ലഭ്യമാണ്.

മോദിയ്‌ക്കെതിരായ ജോര്‍ജ്ജ് സോറോസിന്റെ പ്രസംഗം

2023 ജനവരിയില്‍ യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹിന്‍‍ഡന്‍ബര്‍ഗ് റിസര്‍ച്ച് എന്ന ധനകാര്യസ്ഥാപനം അദാനിയ്‌ക്കെതിരെ ഒരു പിടി ആരോപണം ഉയര്‍ത്തി ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ഓഹരിവില ഊതിപ്പെരുപ്പിച്ച് കാണിക്കുന്നു, അക്കൗണ്ടില്‍ കൃത്രിമം കാട്ടി ലാഭം പെരുപ്പിച്ച് കാണിക്കുന്നു, വിദേശത്തെ കടലാസ് കമ്പനികള്‍ വഴി ഇന്ത്യയിലേക്ക് പണം കടത്തുന്നു തുടങ്ങി ഒട്ടേറെ ഗുരുതരമായ ആരോപണങ്ങള്‍. എന്നാല്‍ ഇന്ത്യയില്‍ ഓഹരി വിപണിയുടെ ചുമതലയുള്ള സെബി നടത്തിയ അന്വേഷണത്തില്‍ ഈ ആരോപണങ്ങളില്‍ ഒന്നില്‍ പോലും കഴമ്പില്ലെന്ന് തെളിഞ്ഞു. ഇതിന്റെ പേരില്‍ സുപ്രീംകോടതി ഇത് സംബന്ധിച്ച കേസുകള്‍ തള്ളി. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തുവിട്ട ആരോപണങ്ങള്‍ക്ക് പിന്നാലെ ജോര്‍ജ്ജ് സോറോസ് മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ ഒരു പ്രസംഗം നടത്തിയിരുന്നു. അതില്‍ അദാനി അവരുടെ കമ്പനികളുടെ ഓഹരിവില യഥാര്‍ത്ഥ വിലയേക്കാള്‍ പെരുപ്പിച്ച് കാണിക്കുന്നുവെന്നും നരേന്ദ്രമോദി ജനാധിപത്യവാദിയല്ലെന്നും അദാനി പ്രശ്നത്തിലൂടെ വീണ്ടും ഇന്ത്യയില്‍ ജനാധിപത്യം സ്ഥാപിക്കാന്‍ കഴിയുമെന്നും ഇദ്ദേഹം പ്രസംഗിച്ചിരുന്നു. അദാനി കുറ്റക്കാരനല്ലെന്ന് സെബി കണ്ടെത്തിയതോടെ പ്രശ്നം ആറിത്തണുക്കാതിരിക്കാന്‍ ജോര്‍ജ്ജ് സോറോസ് പണം നല്‍കുന്ന ജേണലിസ്റ്റുകളുടെ എന്‍ജിഒ സംഘടനയായ ഒസിസിആര്‍പിയെക്കൊണ്ട് വീണ്ടും ഇന്ത്യയില്‍ അദാനിയ്‌ക്കെതിരെ വലിയ ഒച്ചപ്പാട് ഉണ്ടാക്കി. ഇതിനെ രാഹുല്‍ ഗാന്ധി ഏറ്റുപിടിക്കുകയും ചെയ്തു. എന്നാല്‍ ഒസിസിആര്‍പി ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് സുപ്രീംകോടതി തന്നെ കണ്ടെത്തി. അന്ന് ഒസിസിആര്‍പിയുടെ പേരില്‍ സുപ്രീംകോടതിയില്‍ ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ് അന്നത്തെ ചീഫ് ജസ്റ്റിസായ ഡി.വൈ. ചന്ദ്രചൂഡില്‍ നിന്നും നല്ല ചീത്തവിളി കേള്‍ക്കുകയും ചെയ്തു. നോക്കൂ, എത്രയോ അകലെ കിടക്കുന്ന ഇന്ത്യയിലെ ജനാധിപത്യം സ്ഥാപിക്കുന്നത് അമേരിക്കയിലെ ശതകോടീശ്വരന്‍ ജോര്‍ജ്ജ് സോറോസാണെന്നത് എത്ര വിരോധാഭാസമാണ്.

 

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക