കൊച്ചി: ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകനായിരുന്ന ഗുരുവായൂര്‍ നെന്മിനി വടക്കേത്തറ വീട്ടില്‍ ആനന്ദനെ വെട്ടിക്കൊന്ന കേസില്‍ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ഹൈക്കോടതി. അമ്മ അംബിക അഡ്വ. വി. സജിത്കുമാര്‍ മുഖേന നല്‍കിയഹര്‍ജിയിലാണ് കോടതി നിര്‍ദേശം.
ആനന്ദിന്റെ കൊലപാതകം പൈശാചികവും അതി ക്രൂരവുമായതിനാല്‍ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കേണ്ട ഗണത്തില്‍ വരുന്നതാണെന്ന് വിലയിരുത്തിയ ഹൈക്കോടതി ഇത്തരം കേസുകളില്‍ പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാണ് മാര്‍ഗനിര്‍ദേങ്ങളെന്ന് ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ പഴയ ഉത്തരവ് റദ്ദാക്കി പുതിയ ഉത്തരവിറക്കാനും നിര്‍ദ്ദേശിച്ചു.
2017 നവംബര്‍ 12ന് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള ആറു സിപിഎമ്മുകാരാണ് ആനന്ദനെ ബൈക്കില്‍ കാറിടിപ്പിച്ച് വീഴ്‌ത്തി തല വെട്ടിമാറ്റിയത്. പ്രതികള്‍ക്ക് രാഷ്‌ട്രീയ സ്വാധീനം ഉള്ളതിനാല്‍ നീതിയുക്തമായ വിചാരണ നടക്കില്ലെന്നും അതിനാല്‍ നിഷ്പക്ഷനായ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും 33 വര്‍ഷം പബ്ലിക് പ്രോസിക്യൂട്ടറായി പരിചയമുള്ള അഡ്വ. ടി.സി. കൃഷ്ണനാരായണനെ നിയമിക്കണമെന്നും ആവശ്യപ്പെട്ട് അമ്മ അംബികയും അച്ഛന്‍ ശശീന്ദ്രനും പരാതി നല്‍കിയിരുന്നു. സര്‍ക്കാര്‍ ഇതു തള്ളിയ സാഹചര്യത്തില്‍ അംബിക ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക