ന്യൂദൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും നാളെ ബുധനാഴ്ച ബീജിംഗിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നത്തിൽ ചർച്ച നടത്തുമെന്ന് അറിയിച്ച് ഇന്ത്യയിലെ ചൈനീസ് അംബാസഡർ സൂ ഫെയ്ഹോങ്. ഏകദേശം അഞ്ച് വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇരുപക്ഷവും തമ്മിലുള്ള പ്രത്യേക പ്രതിനിധികളുടെ (എസ്ആർ) സംഭാഷണം നടക്കുന്നത്.
എസ്ആർ ഡയലോഗിന്റെ അവസാന റൗണ്ട് 2019 ഡിസംബറിൽ ന്യൂദൽഹിയിൽ വച്ചാണ് നടന്നത്. ചൈനയും ഇന്ത്യയും സമ്മതിച്ചതുപോലെ, ചൈന-ഇന്ത്യ അതിർത്തി പ്രശ്‌നത്തിനായുള്ള പ്രത്യേക പ്രതിനിധികളുടെ 23-ാമത് യോഗം ഡിസംബർ 18 ന് ബെയ്ജിംഗിൽ വാങ്ങും ഡോവലും തമ്മിൽ നടത്തുമെന്ന് തിങ്കളാഴ്ച രാത്രി ‘എക്‌സ്’-ലെ പോസ്റ്റിലാണ് സൂ അറിയിച്ചത്.
ഒക്ടോബർ 23 ന് കസാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് സംഭാഷണ സംവിധാനം പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചത്. തുടർന്ന് ഡിസംബർ 5 ന് നടന്ന നയതന്ത്ര ചർച്ചയിൽ ഇന്ത്യയും ചൈനയും വരാനിരിക്കുന്ന എസ്ആർ സംഭാഷണത്തിന് തയ്യാറെടുത്തു.
സംഭാഷണത്തിനുള്ള ഇന്ത്യയുടെ പ്രത്യേക പ്രതിനിധി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോവൽ ആണെങ്കിൽ ചൈനയുടെ ഭാഗത്ത് നിന്നും വിദേശകാര്യ മന്ത്രി വാങ് യിയാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. കിഴക്കൻ ലഡാക്ക് അതിർത്തിയിലെ നിരയെ മുൻനിർത്തി കഴിഞ്ഞ അഞ്ച് വർഷമായി എസ്ആർ ഡയലോഗ് ഒന്നും ഉണ്ടായിരുന്നില്ല.
കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) സൈനിക തർക്കം 2020 മെയ് മാസത്തിലാണ് ആരംഭിച്ചത്. ആ വർഷം ജൂണിൽ ഗാൽവാൻ താഴ്‌വരയിലുണ്ടായ സൈനിക ഏറ്റുമുട്ടൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കടുത്ത പിരിമുറുക്കത്തിന് കാരണമായി.
കഴിഞ്ഞ ഒക്‌ടോബർ 21-ന് അന്തിമമാക്കിയ ഒരു ഉടമ്പടി പ്രകാരം ഡെംചോക്കിന്റെയും ഡെപ്‌സാങ്ങിന്റെയും അവസാന രണ്ട് പ്രശ്ന പോയിൻ്റുകളിൽ നിന്നും സൈന്യത്തെ പിൻവലിക്കാമെന്ന് ധാരണയായി. തുടർന്ന്കരാർ ഉറപ്പിച്ച് രണ്ട് ദിവസത്തിന് ശേഷം റഷ്യയിലെ കസാനിൽ നടന്ന ബ്രിക്‌സ് ഉച്ചകോടിക്കിടെ മോദിയും ഷിയും ചർച്ച നടത്തി.
അതിർത്തി പ്രശ്‌നത്തിൽ പ്രത്യേക പ്രതിനിധികളുടെ സംഭാഷണം ഉൾപ്പെടെ നിരവധി സംഭാഷണ സംവിധാനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ഇരുപക്ഷവും യോഗത്തിൽ സമ്മതിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: