തിരുവനന്തപുരം: ചൂരൽമല – മുണ്ടക്കൈ പുനരധിവാസ പദ്ധതിക്ക് സംസ്ഥാന സർക്കാർ ഡിസംബർ 30 ന് മുമ്പ് അന്തിമരൂപം നൽകണമെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ്. ദുരന്തം നടന്നിട്ട് നാല് മാസം കഴിഞ്ഞിട്ടും ഒരിഞ്ച് പോലും സംസ്ഥാനം മുന്നോട്ട് പോയില്ല. സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയും അലംഭാവവുമാണ് പുനരധിവാസം മുടങ്ങാൻ കാരണം. ദുരന്തത്തിന്റെ മറവിൽ കടബാധ്യത നിവാരണ പദ്ധതിക്കാണ് മുഖ്യമന്ത്രിയും സർക്കാരും രൂപം നൽകിയതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കൃഷ്ണദാസ് പറഞ്ഞു.
സ്വന്തം വീഴ്ച മറച്ച് വെച്ച് എല്ലാം കേന്ദ്രത്തിന്റെ തലയിലിട്ട് രക്ഷപ്പെടാനാണ് സംസ്ഥാനം ശ്രമിക്കുന്നത്. കേരളത്തിൽ സംസ്ഥാന വിഹിതം നീക്കിവെക്കാത്തതിനാൽ നഗരസഭ ജീവനക്കാർക്ക് ശമ്പളവും പെൻഷനും കൊടുക്കാൻ പോലും സാധിക്കുന്നില്ല. സംസ്ഥാന വിഹിതം ലഭിക്കാത്തതിനാൽ ആയുഷ്മാൻ ഭാരത് പദ്ധതി കേരളത്തിൽ ലഭിക്കുന്നില്ല. 70 വയസിന് മുകളിലുള്ള എല്ലാവർക്കും മറ്റു സംസ്ഥാനങ്ങളിൽ സൗജന്യചികിത്സ ലഭിക്കുമ്പോൾ കേരളത്തിൽ അത് നിഷേധിക്കപ്പെടുകയാണ്.
വയനാടിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിനോട് ബിജെപി അഞ്ച് കാര്യങ്ങൾ ആവശ്യപ്പെടുന്നതായും പികെ കൃഷ്ണദാസ് പറഞ്ഞു.
1. ചൂരൽമല – മുണ്ടക്കൈ പുനരധിവാസം ഡിസം 30 മുമ്പ് ഉറപ്പാക്കണം.
2. തകർന്ന വീടുകൾ നിർമ്മിച്ചു കൊടുക്കാൻ തയ്യാറായവരുടെ യോഗം ഉടൻ വിളിക്കണം. അങ്ങനെയുള്ളവരുടെ പട്ടിക സർക്കാർ പുറത്തുവിടണം.
3. വയനാടിന് വേണ്ടി പിരിച്ച മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ദുരന്തബാധിതർക്ക് വേണ്ടി എത്ര തുക ചിലവഴിച്ചു.
4. എസ്ഡിആർഎഫ് ഫണ്ടിൽ നിലവിൽ എത്ര കോടി ഉണ്ട്. അതിൽ എത്ര കോടി വയനാടിന് ചിലവഴിക്കാം.
5. ദുരന്തം രാഷ്ടീയ പ്രചരണത്തിന് ഉപയോഗിക്കുന്നതിൽ നിന്നും സംസ്ഥാനം പിൻമാറണം.
പുനരധിവാസ പദ്ധതിയിൽ എത്ര കുടുംബങ്ങൾ, അവർക്ക് വേണ്ട ഭൂമി, എത്ര വീടുകൾ വേണം തുടങ്ങിയ കണക്കുകളൊന്നും സംസ്ഥാനത്തിന്റെ കൈവശമില്ല. ഇനി ഇവർക്ക് വിശദമായ രൂപരേഖ തയ്യാറാക്കാനും കേന്ദ്ര സർക്കാരിന്റെ പണം വേണോ. കൃത്യമായ രൂപരേഖ തയ്യാറാക്കുകയാണ് സംസ്ഥാനം ആദ്യം ചെയ്യേണ്ടത്. എന്നാൽ അതൊന്നും ചെയ്യാതെ സിപിഎം ദുരന്തത്തെ പ്രചരണത്തിന് ഉപയോഗിക്കുകയാണ്. പിണറായി സർക്കാരാണ് യഥാർത്ഥത്തിൽ ഏറ്റവും വലിയ ദേശീയ ദുരന്തം.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെത്തിയ പണത്തിന്റെ കണക്ക് പുറത്തുവിടണം. സംസ്ഥാന സർക്കാർ വയനാടിന് വേണ്ടി എത്ര രൂപ ചിലവഴിച്ചുവെന്ന് അറിയണം. കേന്ദ്ര സർക്കാർ അടിയന്തര സഹായമായി എത്ര രൂപ നൽകിയെന്നും സംസ്ഥാനം വ്യക്തമാക്കണം. കേന്ദ്രസർക്കാർ ആദ്യഘട്ടത്തിൽ 145.90 കോടിയും പിന്നീട് വീണ്ടും 145.90 കോടിയും ഏറ്റവും ഒടുവിൽ 153 കോടി രൂപയും വയനാടിന് അനുവദിച്ചിട്ടുണ്ട്. ഇതിൽ എത്ര രൂപ ചിലവഴിച്ചുവെന്ന് സംസ്ഥാന സർക്കാർ പറയണമെന്നും കൃഷ്ണദാസ് പറഞ്ഞു.
സൈന്യത്തിന്റെ സേവനത്തിനുള്ള പണത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി പറയുന്നത് വിവരക്കേടാണ്. കേന്ദ്ര നിയമം ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണ്. യുപിഎ സർക്കാരിന്റെ കാലത്തെ നിയമമാണ് ഇപ്പോഴുമുള്ളത്. കേരളത്തിൽ കെഎസ്ഇബി മറ്റ് സർക്കാർ സംവിധാനങ്ങൾക്ക് നൽകുന്ന വൈദ്യുതിക്ക് സർക്കാർ പണം നൽകുന്നുണ്ട്. എല്ലാ സർക്കാർ സംവിധാനങ്ങളും ഇങ്ങനെ തന്നെയാണ് പ്രവർത്തിക്കുന്നത്. സംസ്ഥാനത്ത് പ്രതിപക്ഷം അവരുടെ ധർമ്മം മറക്കുകയാണ്. പ്രതിപക്ഷ നേതാവ് വിഡി സതീശൻ രാജിവെച്ച് ഭരണപക്ഷത്തിന്റെ ചീഫ് വിപ്പാകുന്നതാണ് നല്ലത്. അല്ലെങ്കിൽ ഇണ്ടി മുന്നണിയുടെ ഭാഗമായതുകൊണ്ടാണ് ഞങ്ങൾ മിണ്ടാതിരിക്കുന്നതെന്ന് സതീശൻ പറയണമെന്നും പികെ കൃഷ്ണദാസ് ആവശ്യപ്പെട്ടു.
മെക്ക് 7 നിരോധിത സംഘടന ബന്ധമെന്ന ആരോപണത്തിൽ നിന്നും സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പിൻമാറിയത് എന്തുകൊണ്ടാണ് ? സിപിഎം സംസ്ഥാന നേതൃത്വം എന്താണ് മിണ്ടാത്തത്? തീവ്രവാദികൾക്ക് മുമ്പിൽ സിപിഎം അടിയറവ് പറഞ്ഞുവെന്നും പികെ കൃഷ്ണദാസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: