Sports

എന്‍ഗേജ്‌മെന്റ് ചിത്രം പങ്കുവെച്ച് പി.വി. സിന്ധു; വിവാഹം ഡിസംബര്‍ 22ന്

Published by

ന്യൂഡല്‍ഹി: ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പി.വി. സിന്ധുവിന്റെ വിവാഹം ഡിസംബര്‍ 22ന്. ഹൈദരാബാദില്‍ നിന്നുള്ള വെങ്കട ദത്ത സായിയാണ് വരന്‍. ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയത്തിന്റെ ചിത്രം സിന്ധു സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

ഉദയ്പൂരില്‍ വെച്ചാണ് വിവാഹം. ഡിസംബര്‍ 20 ന് വിവാഹ ആഘോഷങ്ങള്‍ തുടങ്ങും. 22 നാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. വിവാഹ ശേഷം ഹൈദരാബാദില്‍ വിരുന്നും നടക്കും. രാജ്യത്തെ രാഷ്‌ട്രീയസാംസ്‌കാരികകായിക മേഖലയിലെ പ്രമുഖര്‍ വിവാഹത്തില്‍ പങ്കെടുക്കും.

പ്രധാനമന്ത്രിയടക്കമുള്ളവരെ വിവാഹത്തിന് ക്ഷണിക്കാനെത്തിയ പി.വി. സിന്ധുവിന്റെ ചിത്രങ്ങള്‍ നേരത്തേ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

ഹൈദരാബാദ് ആസ്ഥാനമായുള്ള പോസിഡക്‌സ് ടെക്‌നോളജീസ് കമ്പനിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറാണ് വെങ്കട ദത്ത സായി. ഫൗണ്ടേഷന്‍ ഓഫ് ലിബറല്‍ ആന്‍ഡ് മാനേജ്‌മെന്റ് എജ്യുക്കേഷനില്‍ നിന്ന് ലിബറല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ്/ലിബറല്‍ സ്റ്റഡീസില്‍ ഡിപ്ലോമ നേടിയ വ്യക്തിയാണ് സിന്ധുവിന്റെ പ്രതിശ്രുത വരന്‍ വെങ്കട ദത്ത സായി. ബാംഗ്ലൂരിലെ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും ഡാറ്റാ സയന്‍സ് ആന്റ് മെഷിന്‍ ലേണിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.

വെങ്കട ദത്ത സായിയുടെ കുടുംബവുമായി ഏറെ കാലത്തെ പരിചയമുണ്ടെന്ന് പി.വി. സിന്ധുവിന്റെ പിതാവ് പറയുന്നു. അടുത്ത വര്‍ഷം പരിശീലനവും മത്സരങ്ങളുമായി സിന്ധു തിരിക്കിലാകുമെന്നതിനാലാണ് ഈ വര്‍ഷം തന്നെ വിവാഹം നടത്താന്‍ തീരുമാനിച്ചതെന്നും പിതാവ് അറിയിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by