കോഴിക്കോട്: മുനമ്പം വിഷയത്തില്‍ മുന്‍ നിലപാടില്‍ വെളളം ചേര്‍ത്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാടില്‍ നിന്നാണ് പ്രതിപക്ഷ നേതാവ് പിന്നോക്കം പോയത്. ഭൂമി ആരുടേതാണെന്ന് പരിശോധിക്കപ്പെടേണ്ടതാണെന്നാണ് അദ്ദേഹത്തിന്റെ പുതിയ നിലപാട്.
മുസ്ലീം ലീഗ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയ സാഹചര്യത്തില്‍ താന്‍ ഇനി അഭിപ്രായം പറയാനില്ലെന്നും തീരുമാനമെടുക്കേണ്ടത് സര്‍ക്കാറും വഖഫ് ബോര്‍ഡും ആണെന്നും വി.ഡി സതീശന്‍ പറഞ്ഞു.പ്രശ്‌ന പരിഹാരമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന് ഇത് പത്ത് മിനിറ്റുകൊണ്ട് തീര്‍ക്കാനാകുന്ന പ്രശ്‌നമാണെന്നും വി ഡി സതീശന്‍ ആവര്‍ത്തിച്ചു.മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന വി.ഡി സതീശന്റെ നിലപാടിനെതിരെ ലീഗ് നേതാക്കളായ കെ.എം ഷാജിയും ഇ ടി മൊഹമ്മദ് ബഷീറും രംഗത്തു വന്നിരുന്നു.
വഖഫ് നിയമം ഭേദഗതി ചെയ്യാനുളള കേന്ദ്ര നീക്കത്തിനെതിരെ നേരത്തേ കേരള നിയമസഭയില്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ഒന്നിച്ച് നിന്ന് പ്രമേയം പാസാക്കിയിരുന്നു. ഇതിന് ശേഷമാണ് മുനമ്പം നിവാസികളുടെ ഭൂമിയില്‍ വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചെന്ന വാര്‍ത്ത ശ്രദ്ധ നേടുന്നതും മുനമ്പം നിവാസികളുടെ സമരം ചര്‍ച്ചയാകുന്നതും.
തുടര്‍ന്നാണ് വി ഡി സതീശന്‍ മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന നിലപാടെടുത്തത്.ക്രൈസ്തവ സംഘടനകളും മുനമ്പത്ത് സമരത്തിലാണ്.ഇതും ഈ നിലപാട് സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവിനെ പ്രേരിപ്പിച്ചിരുന്നു.എന്നാല്‍ ഇതിനെതിരെ ചില മുസ്ലീം വിഭാഗങ്ങളില്‍ നിന്ന് എതിര്‍പ്പുയര്‍ന്നു. ഇതോടെയാണ് അദ്ദേഹം നിലപാട് മയപ്പെടുത്തിയത്. ഫലത്തില്‍ മുനമ്പം നിവാസികളെ കൈവിട്ടിരിക്കുകയാണ് പ്രതിപക്ഷ നേതാവ്.
മുനമ്പത്ത് ഭൂമി വാങ്ങി കാലങ്ങളായി താമസിച്ചു വരുന്നവര്‍ വഖഫ് ബോര്‍ഡിന്റെ നോട്ടീസിനെ തുടര്‍ന്ന് ഗതികേടിലാണ്. ഭൂമി കൈമാറാനോ ഈട് വച്ച് വായ്പ എടുക്കാനോ കഴിയാത്ത അവസ്ഥയിലാണ് ഇവിടെ താമസിക്കുന്നവര്‍. ഫാറൂഖ് കോളേജിന് ലഭിച്ച് വഖഫ് ഭൂമി അവര്‍ നിയമവിരുദ്ധമായി കൈമാറിയതാണെന്നും അതിനാല്‍ അത് വഖഫ് ബോര്‍ഡിന് തന്നെ വന്നു ചേരണമെന്നുമാണ് ആവശ്യം.
വഖഫ് നിയമപ്രകാരം എതെങ്കിലും സ്ഥലത്തിന് വഖഫ് ബോര്‍ഡ് അവകാശവാദം ഉന്നയിച്ചാല്‍ അത് വഖഫ് അല്ലെന്ന തെളിയിക്കേണ്ടത് അവിടത്തെ താമസക്കാരാണ്. നോട്ടീസ് ലഭിച്ചാല്‍ പിന്നെ ആ ഭൂമി ക്രയവിക്രയം ചെയ്യാനും ഈട് വച്ച് വായ്പ എടുക്കാനും കഴിയില്ല.രാജ്യത്ത് ഇങ്ങനെ വിവിധ പ്രദേശങ്ങളില്‍ വഖഫ് നോട്ടീസ് ലഭിച്ചവര്‍ പ്രയാസം അനുഭവിക്കുന്നത് മുന്നില്‍ കണ്ടാണ് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രം നീക്കം തുടങ്ങിയത്.എന്നാല്‍ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ അതിനെ എതിര്‍ക്കുകയാണ്. സംസ്ഥാനത്ത് കോണ്‍ഗ്രസും സി പി എമ്മും വിഷയത്തില്‍ ഒളിച്ചുകളി നടത്തുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക